എന്നാൽ കാലങ്ങൾക്ക് ശേഷം സത്യമറിഞ്ഞു ആ ഭാര്യക്ക് പൊട്ടിക്കരയേണ്ടി വന്നു സംഭവം ഇങ്ങനെ

in Story 298 views

പതിവിന് വിപരീതമായി അന്നയാൾ കുടിച്ചിരുന്നില്ല..വാതിലും തുറന്ന് കയ്യിലുള്ള ബാഗ് മേശയിൽ കൊണ്ട് വെച്ചത് കണ്ട് ഞാനൊന്ന് അമ്പരന്നു…സാധാരണ അതെടുത്ത് സോഫയിലേക്കെറിഞ്ഞു പോവാറാണ്..“എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..”അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുന്ന സമയത്ത് പുറകിൽ വന്നു അത്രയും പറഞ്ഞുകൊണ്ടയാൾ തിരിഞ്ഞു നടന്നു..ഒന്ന് കേട്ട മാത്രയിൽ കൈ കഴുകി ഞാനായാളിരിക്കുന്ന ഹാളിലേ ആ വലിയ കസേരയുടെ അടുക്കൽ ചെന്നു നിന്നു..

“നിനക്ക് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ.. ഡിവോഴ്സ് നടത്താൻ ഞാൻ തയ്യാറാണ്…ഞാനെന്നും എന്റെ ശരികളെ നോക്കാറുള്ളൂ,അതിനപ്പുറം എനിക്കൊന്നും അറിയേണ്ടതില്ല…അമ്മാവനോട്‌ വിളിച്ചു പറഞ്ഞേക്ക്, ഡിവോഴ്സ് പേപ്പറിൽ ഒപ്പ് വയ്ക്കാൻ എനിക്ക് സമ്മതമാണെന്ന്..”

അതും പറഞ്ഞുകൊണ്ടയാൾ, റൂമിലേക്ക് നടന്നു,ഒന്ന് ആലോചിച്ച ശേഷം ഞാൻ അടുക്കളയിലേക്കും…
കല്യാണം കഴിഞ്ഞു ആറു മാസം കഴിയുന്നതിന് മുൻപേ ഭർത്താവിനെ, കാണാൻ പാടില്ലാത്തൊരു സാഹചര്യത്തിൽ കാണേണ്ടി വന്നവളാണ് ഞാൻ..ഭർത്താവില്ലാത്തൊരു പെണ്ണിന്റ കൂടെ, അതും നട്ടപാതിരയിൽ കൈകൾ ബന്ധിച്ച് നാട്ടുകാരുടെ മുന്നിൽ…

അന്ന്തൊട്ട് ഇന്നുവരെ വാ തുറന്നൊരക്ഷരം മിണ്ടിയിട്ടില്ല..അയാൾക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്ത് ഒരു വേലകാരിയെ പോലെ…താലി കൊണ്ട് ഞാനയാൾക്ക് ഭാര്യയായിരുന്നെങ്കിലും, മനസ്സ് കൊണ്ട് അന്നേ അകന്നതാണ് ഞങ്ങൾ.,ഒരേ വീട്ടിൽ രണ്ടുറൂമുകൾക്കിപ്പുറം ഞങ്ങളുടെ ദാമ്പത്യം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു..എല്ലാം മറന്നും പൊറുത്തും ജീവിക്കുന്നതിനിടയിലാണ് ഒരിക്കൽ അയാളെയും കൂടെയാ പെണ്ണിനേയും മെഡിക്കൽ സ്റ്റോറിന്റെ മുന്നിൽ വെച്ചുകണ്ടത്..
അന്ന് കൂടെയുള്ള അയൽവാസി ചേച്ചിയാണ് പറഞ്ഞത് ‘ഗർഭം അലസിപ്പിക്കാനുള്ള മരുന്നിന് വന്നതായിരിക്കുമെന്ന്’…

ഞങ്ങൾക്കിടയിലുള്ള ബന്ധം വഷളാണെന്ന് ഒരിക്കൽ അച്ഛനോട് അറിയാതെ പറഞ്ഞുപോയ നിമിഷം തൊട്ടിന്നുവരെ, ഡിവോഴ്സ് പേപ്പറിൽ ഞാനൊപ്പിടുന്നത് വരെ അച്ഛനെന്റെ പുറകെ തന്നെയുണ്ടായിരുന്നു…

“നിനക്കിനിയും സമയം ബാക്കിയുണ്ട്…കണ്ട വേശ്യകളുടെ കൂടെ അഴിഞ്ഞാടി നടക്കുന്നവന്റെ കൂടെ ഇനിയുമെന്തിനാണ് നീ പൊറുക്കുന്നതെന്ന” അച്ഛന്റെ ഒരൊറ്റ ചോദ്യമാണ് ഞാനന്നാ പേപ്പറിൽ ഒപ്പ് വയ്ക്കാനുള്ള കാരണം..ചിന്തിച്ചു നോക്കിയാൽ അത് സത്യമാണ്,ഭർത്താവിനെ സ്വന്തം ജീവനക്കാളേറെ സ്നേഹിക്കുന്ന ഒരു പെണ്ണിനും സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല അത്..
റൂമിൽ ചെന്ന് അലമാരയിൽ നിന്നും ആ പേപ്പർ അയാളുടെ മുന്നിലേക്ക് വെച്ചുകൊടുക്കുമ്പോയും എന്റെയുള്ളിൽ അയാളോടുള്ള ദേഷ്യം നുരഞ്ഞുപൊങ്ങുന്നുണ്ടായിരുന്നു…പക്ഷെ എന്റെ മുഖത്തേക്കൊന്നു നോക്കിയ ശേഷം വിറയ്ക്കുന്ന കൈകളോട് കൂടി ഒപ്പ് വെച്ചുകഴിഞ്ഞിട്ട് എന്തിനാണയാൾ മുഖം പൊത്തി കരഞ്ഞതെന്ന് എത്ര ഊഹിച്ചിട്ടും എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല..

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു..മറ്റൊരു വിവാഹത്തിന് അച്ഛൻ നിർബന്ധിച്ചുവെങ്കിലും ഞാൻ പാടെ അവഗണിച്ചതു കാരണം പിന്നീടച്ഛൻ അതും പറഞ്ഞു മുന്നിൽ വന്നിട്ടില്ല…

ചേച്ചിയുടെ മോളെ ഡോക്ടറെ കാണിക്കാൻ ഒരിക്കൽ ഹോസ്പിറ്റലിൽ പോയ സമയത്താണ് അന്ന് അയാളുടെ കൂടെ നാട്ടുകാർ പിടിച്ചു വെച്ചിരുന്ന, എന്റെ ജീവിതം ഇങ്ങനെയാക്കി തീർത്ത ആ പെണ്ണിനെയും കൂടെയൊരു കുട്ടിയേയും എനിക്ക് കാണേണ്ടി വന്നത്..മുഖം തിരിച്ചു നടന്നുവെങ്കിലും ശക്തിയിൽ ആ സ്ത്രീയെന്നേ പിടിച്ചു നിർത്തി…

“നിങ്ങളുടെ ജീവിതം തകർക്കാൻ വന്നവളല്ല ഞാൻ..ചെറുപ്പത്തിന്റെ കുസൃതിയിൽ തോന്നിയൊരു പ്രണയം.,അത് മാത്രമായിരുന്നു ഞാനും നിന്റെ ഭർത്താവും തമ്മിലുള്ള പരിജയം..അല്ലലില്ലാതെ കുടുംബം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരു ആക്‌സിഡന്റിന്റെ രൂപത്തിലെന്റെ ഭർത്താവിനെ ദൈവം തിരിച്ചുവിളിച്ചപ്പോ പട്ടിണിയും, കടവും കൊണ്ട് എന്റെ രണ്ടുമക്കളെയും കൊണ്ട് ജീവിതമവസാനിപ്പിക്കാൻ തുനിഞ്ഞവളാണ് ഞാൻ..അന്ന് ദൈവത്തെപ്പോലെ വന്നെന്നേ രക്ഷിച്ച്, ജീവിക്കാനൊരു മാർഗമെന്നോണം തയ്ക്കാൻ തയ്യിൽ മെഷീനും വാങ്ങിതന്നത് നീയടക്കം അഴിഞ്ഞാട്ടക്കാരനെന്ന് വിളിച്ച നിന്റെയാ ഭർത്താവ് തന്നെയായിരുന്നു…അപസ്മാരമെന്ന അസുഖത്തിന് അടിമയായ എന്റെ മോളന്ന് വായിൽന്ന് നുരയും പതയും വന്ന് മരിച്ചുപോകുമെന്ന അവസ്ഥ വന്നിട്ടായിരുന്നു സഹായിക്കാൻ മറ്റാരുമില്ലാത്തത് കൊണ്ട് നിന്റെ ഭർത്താവിനെ ഞാനന്ന് നട്ടപാതിര നേരത്ത് സഹായത്തിന് വിളിച്ചു വരുത്തിയത്..

പക്ഷെ നാട്ടുകാർക്കിടയിൽ അയാളന്ന് കൊള്ളരുതാത്തവനായി.,ഞാൻ വേശ്യയും…അതിലൊന്നും അയാൾ തളർന്നിരുന്നില്ല..പക്ഷെ ജീവന്റെ ജീവനായി കണ്ടിരുന്ന നീയന്ന് അയാൾക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് കാണിക്കാതെ ഡിവോഴ്സിന്റെ കാര്യം പറഞ്ഞപ്പോയൊക്കെ ആ മനുഷ്യൻ തകർന്നുപോയിരുന്നു…അത്രയും ജീവനായി സ്നേഹിച്ചിരുന്നു നിന്നയാ മനുഷ്യൻ.. നീ മനസ്സിലാക്കി തിരിച്ചുവരുമെന്ന് സ്വപ്നം കണ്ടിരുന്നു ആ പാവം..ഞാനും എന്റെ മക്കളും ഇന്ന് ജീവിച്ചിരിക്കാൻ കാരണം അയാളാണ്.,ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ ബന്ധം വേർപ്പെടുത്തി നീ കളഞ്ഞുകുളിച്ചത് നിനക്ക് ഈ ജന്മത്തിൽ കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ലൊരു ജീവിതമാണ്.. ഒന്ന് കൂടെ പറയാം.. മനസ്സ് കൊണ്ട് പോലും അയാളെ ഇനി വെറുക്കരുത്, ദൈവത്തിന്റെ കോപം തട്ടാതെ സൂക്ഷിച്ചോളൂ ന്റെ കുട്ടീ”

കണ്ണീരോടെ ആ സ്ത്രീ പറയുന്നത് കേട്ടുനിന്നപ്പോയെല്ലാം എന്റെ മനസ്സിൽ, ഏട്ടനെന്ന ആ മനുഷ്യന് ഈ ലോകത്തോളം വലുപ്പമുണ്ടായിരുന്നു…സത്യമെന്തന്നറിയാതെ,പറയാനുള്ളത് എന്താണെന്ന് കേൾക്കാനുള്ള സാവകാശം കാണിക്കാത്ത ഞാൻ അയാളുടെ മുന്നിൽ ചെന്നുനില്കാൻ പോലും അർഹയല്ല..

അച്ഛന്റെ വാക്കിനു വില കല്പിക്കാതെ ബാഗും കൊണ്ട് വീട്ടിൽന്നിറങ്ങി അയാളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു..പുറത്തേ ചാരുകസേരയിൽ കണ്ണടച്ചു കിടക്കുന്ന അയാളുടെ കാലിലേക്ക് വീണ് പൊട്ടിപൊട്ടി കരഞ്ഞപ്പോയും പിന്നീട് എന്നെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു മാറോടു ചേർത്തപ്പോഴും ഞാൻ മനസ്സിലാക്കുന്നുണ്ടായിരുന്നു..ദൈവങ്ങൾ ചിലപ്പോയൊക്കെ മനുഷ്യരായി ഭൂമിയിൽ ജന്മം കൊള്ളാറുണ്ടെന്ന്..

Share this on...