ഇത് കുറച്ച് ഓവറാട്ടോ കണ്ണാ.. ഇതിനുമാത്രം അവൾ നിന്റെ ആരാ.. കൂട്ടുകരിയോ കൂടിപ്പിറപ്പോ വല്ലോം ആണോ, ഭാര്യയാണോ.

in Story 1,244 views

രചന: Unais Bin Basheer

ഇത് കുറച്ച് ഓവറാട്ടോ കണ്ണാ..ഇതിനുമാത്രം അവൾ നിന്റെ ആരാ.. കൂട്ടുകരിയോ കൂടിപ്പിറപ്പോ വല്ലോം ആണോ, ഭാര്യയാണോ.. അതൊക്കെ പോട്ടെ അറ്റ്ലീസ്റ്റ് അയൽപക്കത്തുള്ളതേലുമാണോ.. അല്ലല്ലോ. പിന്നെ എന്താ നിനക്ക് ഇത്ര ദണ്ണം.. എവിടെനിന്നോ വന്നു.. കുറച്ചു കാലം നിന്റെ വീട്ടിൽ താമസിച്ചു.. ഇപ്പൊ തിരിച്ചു പോയി അത്രയല്ലേ ഉള്ളു..അവളിപ്പോ നിങ്ങളെ ഒന്നും ഓർക്കുന്നുകൂടെ ഉണ്ടാവില്ല അല്ലേൽ മാസം രണ്ട് കഴിഞ്ഞില്ലേ പോയിട്ട്,

ഇതുവരെ നിന്നെ ഒന്ന് വിളിക്കാൻ തോന്നിയോ അവൾക്ക്, പോട്ടെ അഞ്ച് കൊല്ലം സ്വന്തം മോളെ പോലെ സ്നേഹിച്ച നിന്റെ അമ്മയെ എങ്കിലും വിളിചോ അവള്… ഇല്ലല്ലോ..

അതാ ഞാൻ പറഞ്ഞത് അവൾ എല്ലാം മറന്ന് പുതിയ ജീവിതം ആസ്വദിക്കാൻ തുടങ്ങിക്കാണും..
നീ വെറുതെ ഇവിടെ കിടന്ന് ടെൻഷൻ ആയിട്ട് ഒരു കാര്യോം ഇല്ല..ഹരി ഒന്ന് നിർത്തി എന്നെ നോക്കി..

നിനക്ക് ഇവിടെ എസ് ഐ ആയി പോസ്റ്റിംഗ് കിട്ടിയതിന്റെ സന്തോഷത്തിൽ രണ്ടെണ്ണം അടിക്കാന ഈ രാത്രി അമ്മേടെ കണ്ണ് വെട്ടിച്ച് ഞാൻ വന്നത്.. അപ്പോഴാ അവന്റെ സെന്റി ഷോ.. കളെയെടാ..

ഒന്നില്ലേലും ഏറ്റവും അർഹതയുള്ള ആളുതന്നെയല്ലേ അവളെ കൊണ്ടുപോയത്..
ഈ ഭൂമിയിൽ അവളെ സംരക്ഷിക്കാൻ ഏറ്റവും യോഗ്യൻ അവളുടെ അച്ഛന്റെ അനിയൻ തന്നെയല്ലേ.. പിന്നെന്താ.. അവർ ഒരേ ചോരയല്ലേ..

നീ അതൊക്കെയങ്ങ് കളഞ്ഞേ.. എന്നിട്ട് ഒറ്റവലിക്ക് ഇതങ്ങു കുടിച്ചേ. ഒരെണ്ണം അകത്തുചെന്നാൽ നിന്റെ സകല ഏനക്കേടും മാറും..അവന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി ചുണ്ടോടടുപ്പിക്കുമ്പോഴും ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു..

അഞ്ച് കൊല്ലം മുന്നേ ഇടവപ്പാതി തകർത്തു പെയ്യുന്ന ഒരു വൈകുന്നേരത്തിലാണ്, കണ്ടാൽ പതിനഞ്ചു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു പെണ്കുട്ടിയുടെ കൈപിടിച്ചു അച്ഛൻ വീട്ടിലേക്ക് വരുന്നത്..

വീടും കുടുംബവും മഴ കൊണ്ടുപോയതായാണെന്നും പോകാൻ ഇടമില്ലെന്നും നമുക്ക് ഇവളെ ഇവിടെ നിർത്തണമെന്നും അച്ഛൻ അമ്മയോട് പറഞ്ഞപ്പോൾ മറുത്തൊന്നും ചിന്തിക്കാതെ, അച്ഛനെ സംശയത്തോടെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഇരു കയ്യും നീട്ടി ‘അമ്മ അവളെ സ്വീകരിച്ചു..
അന്ന് തൊട്ട് അവൾ ഞങ്ങളുടെ വീട്ടിലുണ്ട്..

ആദ്യമെല്ലാം എനിക്കവളോട് സഹതാപം മാത്രമായിരുന്നു.. വിധിക്കുമുന്നിൽ അനാഥത്വം അനുഭവിക്കേണ്ടി വന്ന ഒരു കൊച്ചു പെണ്കുട്ടിയോട് തോന്നുന്ന അലിവ്..
പക്ഷെ പോകെപ്പോകെ ഞാനവളെ ഇഷ്ടപ്പെട്ട് തുടങ്ങി.. അവൾ ഞങ്ങളെയും.. കൂടപ്പിറപ്പില്ലാത്തത്തിന്റെ ശ്യൂനതയിൽ നിന്ന് ഞാനും പെണ്കുട്ടി ഇല്ലാത്തതിന്റെ വേദനയിൽ നിന്ന് അച്ഛനും അമ്മയും പതിയെ കരകയറുന്നത് ഞാനറിഞ്ഞു..

അമ്മു എന്ന് അവളെ പേരിട്ടു വിളച്ചത് ഞാനാണ്.. അച്ഛനും അമ്മയും അതേറ്റു വിളിച്ചു..
വൈകാതെ അവൾ ഈ വീട്ടിലെ ഒരംഗമായി.. അച്ഛന്റെയും അമ്മയുടെയും ഇളയ പുത്രിയായി.. എന്റെ അനിയത്തിക്കുട്ടിയായി..

സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്.. അവളുടെ കളിയും ചിരിയും കൊണ്ട് വീട് ആകെ മാറി.. ഞങ്ങളും.. എന്നും വൈകി മാത്രം വരുന്ന ഞാൻ ഇരുട്ടും മുന്നേ വീടണയാൻ തുടങ്ങി,
വെറുംകയ്യോടെ വരുന്ന അച്ഛന്റെ കയ്യിൽ മിഠായിപൊതികൾ നിറയാൻ തുടങ്ങി..വൈകുന്നേരമായാൽ അടുക്കളയിൽ പലതരം പലഹാരത്തിന്റെ മണം ഉയരാൻ തുടങ്ങി..
പഠിക്കാൻ മിടുക്കിയായിരുന്നു അവൾ..

ഞങ്ങളെ എല്ലാവരെയും അത്ഭുദപ്പെടുത്തി പത്താം ക്ലാസ്സിൽ മുഴുവൻ മാർക്കോടെ അവൾ പാസ്സായി..
തുടർപഠനത്തിന് അവൾക്കിഷ്ടമുള്ള സ്കൂളിൽ തന്നെ ചേർത്തി.. എല്ലാം ഓടി നടന്ന് ചെയ്തത് ഞാനായിരുന്നു.. പ്ലസ്ടൂവിലും മുഴുവൻ മാർക്കും വാങ്ങുമെന്ന് അവളെനിക്ക് വാക്ക് തന്നു..
ഇത്രയൊക്കെ മാർക്ക് വാങ്ങി പഠിച്ചു അവസാനം നിനക്ക് ആരവാനാണ് ആഗ്രഹം എന്ന എന്റെ ചോദ്യത്തിന് ഭാവിയിൽ എനിക്ക് ഒരു അനാഥാലയം തുടങ്ങണമെന്നും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ജീവിതം കൊടുക്കണം എന്നായിരുന്നു അവളുടെ മറുപടി..
അവളുടെ കുഞ്ഞുമനസ്സിലെ നന്മ കണ്ട് എനിക്ക് അഭിമാനം തോന്നി.. അവളെ എന്നോട് ചേർത്തു നിർത്തി ഞാനുണ്ടാവും കൂടെ എന്ന് ഞാനവൾക്ക് ഉറപ്പ് നൽകി..

മഴയെ മാത്രം അവൾക്ക് പേടിയായിരുന്നു.. ആകാശത്ത് കാർമേഘം ഉരുണ്ട് കൂടുമ്പോഴൊക്കെ ഭയപ്പാടോടെ അവളെന്നെ നോക്കും..

മഴ പെയ്ത് തുടങ്ങിയാൽ ഓടി വന്നന്നെകെട്ടിപ്പിടിക്കും.. “എനിക്ക് പേടിയാണ് എന്നെ കൊല്ലും എന്നെ കൊല്ലും” എന്ന് പറഞ്ഞു അവൾ തേങ്ങി കരയും..

ഓരോ തവണ ഇടിവെട്ടുമ്പോഴും എന്റെ മേലുള്ള അവളുടെ ഇറുക്കിപ്പിടുത്തത്തിന് ശക്തികൂടും..
ഇത് കണ്ട് ‘അമ്മ സാരിതലപ്പ് കൊണ്ട് കണ്ണ് തുടക്കും.. നിർവികാരമായ അച്ഛന്റെ നോട്ടത്തിന് ഉത്തരമില്ലാതെ അവളെ ചേർത്തു പിടിച്ച് ഞാൻ മഴയിലേക്ക് കണ്ണെറിയും..

ശക്തമായ ഒരു ഇടിവെട്ടിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്..
അപ്പോഴേക്കും ഹരി അവന്റെ ഗ്ലാസ് കാലിയാക്കിയിരുന്നു.. പതിയെ ഞാൻ അവന്റെ അടുത്തേക്ക് നടന്നു..

‘ഞാൻ നാളെ അവളെ കാണാൻ പോകുവാ.. നീയും കൂടെ വരണം. ഹരി ചോദ്യഭാവേന എന്നെ നോക്കി.. ആരെ കാണാൻ പോകുന്ന കാര്യമായ നീ പറയുന്നെ…. അമ്മുവിനെ..

ഹ ബെസ്റ്റ്.. ഞാനീ പറഞ്ഞത് മുഴുവൻ ആരോടാ.. എടാ അവളൊരു പെണ്കുട്ടി അല്ലെ.. പുറത്തുനിന്ന് ഒരാൾ കാണാൻ വരുന്നതൊക്കെ ആ വീട്ടുകാർക്ക് ചിലപ്പോൾ ഇഷ്ടപ്പെടണം എന്നില്ല.. നീ ഒന്ന് മനസ്സിലാക്ക്.. അതൊന്നും എനിക്കറിയണ്ട.. അവൾ ഞങ്ങളെ ഓർക്കുന്നുണ്ടോ, മറന്നിട്ടുണ്ടോ എന്നൊന്നും അല്ല വിഷയം..

ഞാൻ അവൾക്ക് വാക്ക് കൊടുത്തതാണ് യൂണിഫോമിൽ ആദ്യം സല്യൂട്ട് ചെയ്യുന്നത് അവൾക്കായിരിക്കും എന്ന്.. എനിക്കത് പാലിക്കണം.. ഞാൻ നാളെ എന്തായാലും പോകും, എന്റെ കൂടെ നീയും വരും..

ദൂരെ ഒരു കൊച്ചു ഗ്രാമത്തിൽ ഒരുപാട് അലഞ്ഞതിന് ശേഷമാണ് അയാളുടെ വീട് കണ്ടെത്തിയത്..
വലിയൊരു മണിമാളിക, മുറ്റത്ത് ജീപ്പ് നിർത്തി ഞാൻ ഉമ്മറത്തേക്ക് നടന്നു.. പിറകെ ഹരിയും..
പോലീസ് വേഷത്തിൽ എന്നെ കണ്ടതുകൊണ്ടാവും അയാൾ പരിഭ്രമിച്ചു നിൽക്കുന്നത്..
പേടിക്കണ്ട ഞാൻ.. പറഞ്ഞു തുടങ്ങുമ്പോഴേക്കും അയാൾ തടഞ്ഞു.. അറിയാം.. അമ്മുവിന്റെ ഏട്ടൻ.. അല്ലെ..

ഞാൻ പുഞ്ചിരിച്ചു.. ഈ വഴി പോയപ്പോഴാണ് വീട് ഇവിടെ അടുത്താണെന്നറിഞ്ഞത്. അപ്പൊ തോന്നി അവളെ ഒന്ന് കണ്ടിട്ട് പോകാമെന്ന്.. അവളുണ്ടോ ഇവിടെ.. ഉം.. അയാൾ നീട്ടി മൂളി.. ഇരിക്കു, ഞാൻ അവളെ വിളിക്കാം.. ഞാൻ അക്ഷമനായി കാത്തിരുന്നു,

അവൾ എന്നെ മറന്നില്ലല്ലോ എന്ന് ഓർത്തപ്പോൾ മനസ്സിൽ ഏറെ സന്തോഷം തോന്നി..
എന്നിട്ടും എന്ത് കൊണ്ടാവും അവൾ എന്നെ ഒന്ന് വിളിക്കാതിരുന്നത് എന്ന സംശയം എന്റെ ഉള്ളിൽ ഉടലെടുത്തു..

അയാളുടെ കൂടെ ഉമ്മറത്തേക്ക് വന്ന അവളെ കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി..
അവളാകെ മാറിയിരിക്കുന്നു, ശരീരമാകെ മെലിഞ്ഞു, കവിൾ ഒട്ടി, മുഷിഞ്ഞ ഒരു വേഷത്തിൽ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ ഞാൻ അടുത്തേക്ക് വിളിച്ചു..
ഇവൾക്കെന്തേലും അസുഖം..?? ഞാൻ അവളെ തലോടികൊണ്ട് ചോദിച്ചുഉം.. അയാൾ വീണ്ടും മൂളി..

ശരീരത്തിനല്ല മനസ്സിന്.. ഞാൻ ചോദ്യഭാവേന അയാളെ നോക്കിയപ്പോൾ അയാൾ പറഞ്ഞു തുടങ്ങി..
ഒരു ഭർത്താവ് എന്ന നിലയിൽ ഞാൻ ജീവിതത്തിൽ വലിയ പരാജയമായിരുന്നു..
അത്കൊണ്ട് തന്നെ സ്വയം തീരുമാനമെടുക്കണോ ജീവിക്കാനോ ഒന്നും എനിക്ക് കഴിഞ്ഞില്ല..
ഇവളെ ഇങ്ങോട്ട് കൂട്ടികൊണ്ടുവരുന്നതിൽ ഏറ്റവും എതിർപ്പ് എന്റെ മക്കൾക്കും ഭാര്യക്കുമായിരുന്നു..
പക്ഷെ അവരെ എതിർത്തു ആദ്യമായ് ഞാനെടുത്ത തീരുമാനം ആയിരുന്നു ഇവൾ..

അതൊരു വലിയ പരാജയമായിരുന്നെന്ന് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ എനിക്ക് ബോധ്യപ്പെട്ടു..
ചെയ്തത് തെറ്റായിപ്പോയെന്നും അത് തിരുത്തണമെന്നും എനിക്ക് തോന്നി.
പല തവണ ഞാൻ നിങ്ങളെ വിളിക്കാൻ തുനിഞ്ഞതാണ്..അപ്പോഴൊക്കെ ഇവൾ തടയും.. വേണ്ടെന്ന് പറയും.അയാളൊരു ദീർഘനിശ്വാസത്തോടെ നിർത്തി..

രക്തം ബന്ധം എന്നൊന്നും ഇല്ലെടോ.. ചോ,ര,ക്ക് ചോ,ര,യെ തിരിച്ചറിയുന്ന കാലമൊക്കെ കഴിഞ്ഞു.. പക്ഷെ എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല.. എന്റെ മുന്നിൽ ഇവൾ നരകിച്ചു ജീവിക്കുന്നത് കാണാനുള്ള ശക്തിയില്ലാത്തത് കൊണ്ട് ചോദിക്കുവാ.. അപേക്ഷിക്കുവാ ഞാൻ
കൊണ്ടുപൊക്കൂടെ ഇവളെ..

അയാൾ ഒഴിക്കുവന്ന കണ്ണീർ തുടച്ചു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. പകരം അവളുടെ കൈപിടിച്ചു മുറ്റത്തേക്കിറങ്ങി..വീടെത്തും വരെ അവളൊന്നും മിണ്ടിയില്ല.. പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ട് അമ്മയും അച്ഛനും അവളെ ഇമ ചിമ്മാതെ നോക്കി..
കാര്യങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചപ്പോൾ ആദ്യമായി അച്ഛന്റെ കണ്ണിൽ നനവ് പടരുന്നത് ഞാൻ കണ്ടു.

എന്റെ മോളാ ഇവൾ.. ഇനി ആർക്കും ഞാൻ ഇവളെ വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞു ‘അമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.. മാനം വീണ്ടും ഒരു മഴക്കോളുമായി ഇരുണ്ട് കൂടാൻ തുടങ്ങി..
ഞാൻ അവളെ നോക്കി.. അവൾക്ക് യാതൊരു ഭാവവിത്യാസവും ഉണ്ടായില്ല.. ഭൂമി പിളരുന്നു ശബ്ദത്തിൽ ഒരു ഇടിവെട്ടി അതിലും അവൾ കുലുങ്ങിയില്ല..

ശക്തമായൊരു കാറ്റിന്റെ കൈപിടിച്ച് മഴയെത്തി, അപ്പോൾ അവൾ എന്നെ നോക്കി..
“എനിക്ക് നനയണം”അവൾ ആവശ്യം അറിയിച്ചപ്പോൾ എന്റെ കണ്ണുകൾ തിളങ്ങി, ചുണ്ടിൽ പുഞ്ചിരി വിടർന്നു അവളെ ചേർത്തുപിടിച്ചു മഴയിലേക്ക് ഇറങ്ങുമ്പോൾ ദൂരെ ആകാശത്ത് രണ്ട് നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണുചിമ്മി..
ശുഭം

Share this on...