ആങ്ങളയും പെങ്ങളുമാണോ നിങ്ങളെ എങ്കിൽ ഈ സംഭവം നിങ്ങളെ കരയിപ്പിച്ചിരിക്കും ഉറപ്പ്

in Story 678 views

ഉമ്മാ… എന്റെ ഷർട്ടിന്റെ പോക്കറ്റിലെ 500 രൂപ എങ്ങനെയാ കീറിയത്. ഉമ്മാനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, അലക്കാൻ എടുക്കുമ്പോ പോക്കറ്റ്‌ തപ്പണമെന്ന്..”

“അത് ഞാനല്ല മോനെ, സാബിയാണ് അലക്കിയത്..”

ഉമ്മാന്റെ വായിൽ നിന്നും വീണ മറുപടി കേട്ടതും നേരെ പെങ്ങളുടെ അടുത്തേക്ക്..
“അലക്കാൻ എടുക്കുമ്പം ഒന്ന് ശ്രെദ്ധിക്കണ്ടടി,
ന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പൈസ കീറി..ഒരു ശ്രെദ്ധയും ഇല്ല പെണ്ണിന്, അലക്കിയലാണെങ്കിലോ ചളിയും പോവില്ല, ആർക്കോ വേണ്ടി ചെയ്യുന്നത് പോലെയാണല്ലോ നിന്റെ പണിയെടുക്കൽ..”

“നീ കിടന്ന് കാറണ്ട ,തിരക്കിൻറെ ഇടയിൽ വിട്ടുപോയതാ..”
“ഇനിമുതൽ എന്റെ ഷർട്ട് നീ അലക്കണ്ട, ഉമ്മ ചെയ്തോളും..”
പൈസ കീറിയതിന്റെ കലി അവളോട് തീർത്തപ്പോഴാണ് ഒന്ന് ആശ്വാസം ആയത്..

നാളെ പണി ഇല്ലാത്തതാണ്. നന്നായൊന്നു ഉറങ്ങണം. എന്നും നേരത്തെ പോകുന്നകാരണം ഉറക്കം വളരെ കുറവാ.. പണിയും കഴിഞ്ഞ് അങ്ങാടി കറക്കവും കഴിഞ്ഞ് വരുന്നത് തന്നെ പാതി രാത്രിക്കാ , അതോണ്ട് ഉറക്കവും കുറവാ… അങ്ങനെ തന്റെ ദിവസത്തെ വിലപ്പെട്ട സമയങ്ങൾ ചിന്തിച്ചുകൂട്ടിയാണ് ഉറങ്ങാൻ കിടന്നത്….

രാവിലെ തന്നെ അതാ വാതിൽ മുട്ടുന്നു….
“ടാ വാതിൽ തുറക്ക്.”
“കാര്യം പറ..എണീക്കാനാവൂല…”

“എനിക്ക് കോളജിൽ പോകാനുള്ള ആദ്യ ബസ് പോയി…ഇനി അടുത്ത ബസ് ഭയങ്കര തിരക്കാവും.കഴിഞ്ഞ ദിവസം തന്നെ ഡോറിന്റെ അടുത്തു നിന്നും വീഴാൻ പോയതായിരുന്നു .ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.അതും അല്ല അവിടെ എത്താനും വൈകും..ഒന്ന് ആ ജംഗ്ഷൻ വരെ ബൈക്കിൽ കൊണ്ടാക്കി തരോ….”

“എന്നെക്കൊണ്ട് പറ്റില്ല..പഠിക്കാൻ പോവല്ലേ..കുറച്ചു സഹിച്ചു പഠിക്ക്..അടുത്ത ബസിൽ പോയാൽ മതി…ആദ്യമായിട്ടൊരു ദിവസം ലീവ് കിട്ടിയതാണ് ഉറങ്ങാൻ..അത് അലമ്പാക്കല്ലേ..”

“പ്ലീസ് ടാ…..”
“നീ ഒന്ന് പോ…”
കുറച്ചു നേരത്തേക്ക് ഒന്നും കേട്ടില്ല..പോയിക്കാണും..രക്ഷപ്പെട്ടു..ഇന്നലെ കിടന്നപ്പോഴേ തോന്നിയതാ രാവിലെ എന്തെങ്കിലും ഏർപ്പാടുമായി ആരെങ്കിലും വരും എന്ന്..ഇങ്ങനെയൊക്കെ ഓരോന്ന് മനസ്സിൽ വിചാരിച്ചു കിടന്നതാ…മനസ്സ് വേറൊരു വഴിക്ക് സഞ്ചരിക്കാൻ തുടങ്ങി…പാവം വല്ലാണ്ട് കുടുങ്ങിയിട്ടല്ലേ വന്ന് വിളിച്ചത്..തിരക്കുള്ള ബസിൽ അവൾ തൂങ്ങിപ്പിടിച്ചു പോകുന്ന ചിത്രവും മനസ്സിൽ തെളിഞ്ഞു…എന്തായാലും ഇന്നിനി ഉറക്കം കിട്ടുമെന്ന് തോന്നുന്നില്ല അവളെ ഇറക്കി വിടാം…ലുങ്കിയൊക്കെ തപ്പിയെടുത്ത് ഷർട്ടും ഇട്ട് വാതിൽ തുറന്ന് പുറത്തിറങ്ങി
“സാബി…ഇറങ്ങിക്കോ ..ഞാൻ വരാം..

അടുക്കളയിൽ നിന്ന് ഉമ്മ.
“..ഹാ അവൾ പോയി..നിന്നെ വിളിച്ചിട്ട് എഴുന്നേറ്റില്ല എന്നു പറഞ്ഞു…”
ഇന്നെങ്കിലുമൊന്നു ഉറങ്ങാം എന്നു കരുതി കിടന്നതായിരുന്നു..അത് നശിപ്പിച്ചു…
വൈകുന്നേരം കളിയും കഴിഞ്ഞു വീട്ടിലേക്ക് കയറി വന്നപ്പോ കണ്ടത് അവളെ…

“അതെയ് കോളേജിൽ നേരത്തെ പോകാൻ ഉണ്ടെങ്കിൽ അതിനു അനുസരിച്ചു ഒരുങ്ങിക്കോ..ഞാൻ ഇവിടെ ഉണ്ട് വിചാരിച്ചിട്ടു ഇങ്ങനെ താങ്ങി നിക്കണ്ട..എനിക്കാവൂല രാവിലെ തന്നെ കൊണ്ടു വിടാൻ..”
“ഞാൻ നിന്നോട് അല്ലാതെ പിന്നെ വേറെ ആരോടാ പറയാ…”
“നീ ആരോടെങ്കിലും പറഞ്ഞോ എന്നോട് പറയണ്ട..ഇനി വിളിച്ചാൽ ന്റെ സ്വഭാവം മാറും…”
“ആഹാ..എന്ന അതൊന്ന് കാണണം..”

അവളും വിട്ടു കൊടുത്തില്ല…
*****
ഒരു ദിവസം രാവിലെ ഉമ്മ പറഞ്ഞു
“ഇന്ന് വൈകുന്നേരം മ്മളെ സാബിനെ കാണാൻ വരുന്നുണ്ട്.ഗൾഫിൽ എഞ്ചിനീർ ആണ്…അവളെ കോളജിൽ വെച്ചു കണ്ടു .ഇന്ന് ഒരു ചടങ്ങിന് വേണ്ടി വരുന്നതാണ്..അവർക്ക് പണവും സ്വർണവും ഒന്നും വേണ്ട എന്നാണ് പറഞ്ഞത്..
എന്തായാലും അവർ വന്നു പോവട്ടെ..

അങ്ങനെ അവർ വന്നു പോയി..എല്ലാം ഓകെ ആയി..വേറൊരു ദിവസം എല്ലാവരും കൂടി ഒരുമിച്ചിരുന്നു കല്യാണ തിയതി നിശ്ചയിക്കാൻ..അവർക്ക് പെട്ടെന്ന് തന്നെ നടത്തണം…അവന് പെട്ടെന്ന് തിരിച്ചു പോകാൻ ഉള്ളതാണ്…തീയതിയും നിശ്ചയിച്ചു അവർ പോയി.

“ഇത് നടന്നാൽ മതിയായിരുന്നു….കാര്യം വളരെ സന്തോഷമുള്ളതാണെങ്കിലും അവളെ മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടുന്നതൊക്കെ ആലോചിക്കുമ്പോൾ…”
” അവൾ പോകട്ടെ ഉമ്മ…എന്നാലെങ്കിലും കുറച്ചു സമാധാനം കിട്ടുമല്ലോ..”
“പോടാ.. ഞാൻ ഇല്ലാതാവുമ്പോ നിനക്കു മനസ്സിലാവും എന്റെ വില…”

“ഓ പിന്നെ.. വല്ലാത്ത കോളായിപ്പോയി….”
കല്യാണ ദിവസം എത്തി…ബന്ധുക്കൾ എല്ലാവരും തലേ ദിവസം തന്നെ വീട്ടിലേക്ക് വന്നു.അവനും കൂട്ടുകാരും കൂടി കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം നടത്തി…സൗഹൃദത്തിന്റെ വില മനസ്സിലാവുന്ന ഒരു സമയമാണ് വീട്ടിലെ കല്യാണങ്ങളും മറ്റും…

സ്വന്തം വീട്ടിലെ പോലെ എല്ലാവരും ഓടി നടന്നു കാര്യങ്ങൾ ചെയ്യുന്നു…പന്തലിൽ മാറ്റി ഒരുങ്ങി നിന്ന് വരുന്ന ആളുകളെ സ്വീകരിക്കേണ്ട പണി മാത്രമേ അവനുള്ളൂ…

അങ്ങനെ പുത്യാപ്ലയും വന്നു…കുറച്ചു സമയം കഴിഞ്ഞു അവളെ മാറ്റി ഒരുക്കാനുള്ള പുത്യാപ്ലയുടെ വീട്ടിലെ പെണ്ണുങ്ങളും വന്നു…പുത്യാപ്ലയുടെ കൂടെ വന്ന ആണുങ്ങൾ എല്ലാം തിരിച്ചു പോയി…അവളെയും കൊണ്ടു ഒരുമിച്ചാണ് അദ്ദേഹം പോകുന്നത്…പന്തലിൽ ആളുകൾ കുറഞ്ഞു തുടങ്ങി…ഇപ്പൊ ഉള്ളത് ഏറ്റവും അടുത്ത ബന്ധുക്കളും കുറച്ചു കൂട്ടുകാരും മാത്രം…പുത്യാപ്ല പന്തലിൽ ഓരോരുത്തരോടായി എന്തെല്ലാം സംസാരിക്കുന്നുണ്ട് ഇടക്കിടക്ക് ഇവർക്ക് ഇറങ്ങാനായില്ലേ എന്ന് ചിന്തിച്ചു കൊണ്ട് ഉള്ളിലേക്ക് എത്തി നോക്കുന്നു….

ഉള്ളിലേക്ക് എത്തി നോക്കിയ ഞാനും കണ്ടു…അതാ അണിഞ്ഞൊരുങ്ങി കൊണ്ടു മിന്നി തിളങ്ങുന്ന വസ്ത്രങ്ങളുമണിഞ്ഞു തല കുനിച്ചുകൊണ്ടു പെണ് വീട്ടുകാരോടൊപ്പം അവൾ ഇറങ്ങി വരുന്നു. ..ഉമ്മയെയും കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് മനസ്സില്ലാ മനസ്സോടെ അവൾ മുറ്റത്തേക്ക് ഇറങ്ങുന്നു..

അവനെയും കെട്ടിപ്പിടിച്ചുകൊണ്ടു അവൾ ആരും കേൾക്കാതെ ചെവിയിൽ പറഞ്ഞു “ഇനി നിനക്ക് എന്നെ സാഹിക്കണ്ടല്ലോ ലെ….” മുഖത്തു ചിരി വരുത്തിക്കൊണ്ട് അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകിക്കൊണ്ട് അവളെ പറഞ്ഞയച്ചു…
അങ്ങനെ അത് കഴിഞ്ഞു…ബാക്കിയുള്ള പണികൾ ഒക്കെ ചെയ്യാൻ കൂട്ടുകാരോടൊപ്പം കൂടി…അന്ന് നടന്ന തമാശകളും മറ്റും എല്ലാം പറഞ്ഞു അവർക്കൊപ്പം നിന്നത്കൊണ്ട് വിഷമങ്ങൾ എല്ലാം മറന്നു…ടാ രാത്രി അങ്ങാടിയിൽ കാണാം…പോയി ഫ്രഷ് ആയി വരാം എന്ന് പറഞ്ഞു കൂട്ടുകാരും മടങ്ങി..രാത്രി കൂട്ടുകാരോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു പെട്ടെന്ന് മടങ്ങി…വീട്ടിൽ എത്തിയപ്പോൾ അടുത്ത ബന്ധുക്കളും അയൽവാസികളും എല്ലാം ഒരുമിച്ചിരുന്നു സംസാരിച്ചിരിക്കുന്നു..
“മോനെ..ചോർ വേണോ..വിളമ്പട്ടെ …”

ആ. …
ഉമ്മ ചോർ വിളമ്പി വീണ്ടും പെണ്ണുങ്ങളുടെ അടുത്തേക്ക് പോയി…ഭക്ഷണം കഴിക്കാൻ ഇരുന്ന നേരം.. എന്തോ നഷ്ടപ്പെട്ട പോലെ….ഇന്നലെ വരെ തന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ച് തന്നെ വെറുതെ ഓരോന്ന് ദേഷ്യപ്പെടുത്തിയിരുന്ന സാബി..അവൾ ഇപ്പൊ ഏതോ വീട്ടിൽ ..ആരുടെയൊക്കെയോ മുന്നിൽ വെറും പാവമായി നിന്നു കൊണ്ട് ഭക്ഷണം വിളമ്പുന്നുണ്ടാവും…

ഭക്ഷണം ഇറങ്ങുന്നില്ല…തിരിഞ്ഞു നിന്ന് ഉമ്മയെ നോക്കിയപ്പോൾ ഉമ്മ സംസാരത്തിൽ തന്നെയാണ്..അവിടുന്നു മെല്ലെ എഴുന്നേറ്റു…റൂമിൽ പോയി കിടന്നു.. സങ്കടം സഹിക്കാൻ പറ്റുന്നില്ല….ഞാൻ എത്ര ദേഷ്യപ്പെട്ടു പാവത്തിനോട്..എത്ര തവണ സഹായം ചോദിച്ചു വന്നപ്പോൾ മടക്കി അയച്ചു…തിരിച്ചു സ്നേഹത്തോടെ എപ്പോഴെങ്കിലും ഒരു നല്ല വാക്കെങ്കിലും പറഞ്ഞോ…എനിക്കിനി മുതൽ ഉറക്കമില്ലാത്ത രാത്രികൾ ആവും..അവളെയൊന്നു വിളിച്ചാലോ..ബുദ്ധിമുട്ടാകുമോ.. എന്തായാലും വിളിച്ചു നോക്കാം…വിളിച്ചപ്പോൾ അളിയൻ ആണ് എടുത്തത്..അളിയൻ ഫോണ് അവൾക്ക് കൊടുത്തു…
“ടി കിടന്നിരുന്നോ….”

“ഇല്ല കിടക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു..എന്താടാ പെട്ടെന്ന് ഒരു വിളി…നിന്റേത് എന്തെങ്കിലും ഞാൻ അടിച്ചു മാറ്റി കൊണ്ടു വന്നിട്ടുണ്ടോ അറിയാൻ വിളിച്ചതാണോ….”
മറുപടി പ്രതീക്ഷിച്ച സാബി കേട്ടത് ഒരു
കരച്ചിൽ ആയിരുന്നു

“സാബി…ഇത്രയും കാലം വീട്ടിൽ ഉണ്ടായിട്ടു സ്നേഹത്തോടെ ഒരു വാക്ക് പോലും ഞാൻ നിന്നോട് പറഞ്ഞിട്ടില്ല…എപ്പോഴും കുറ്റവും കുറവും മാത്രമേ പറഞ്ഞിരുന്നുള്ളൂ..പക്ഷെ നിന്റെ ആ കുറ്റവും കുറവും ആയിരുന്നു എന്റെ ജീവൻ എന്ന് തിരിച്ചറിഞ്ഞ സമയം ആണിത്.അങ്ങാടിയിൽ നിന്ന് വീട്ടിലേക്ക് കയറി വന്നപ്പോൾ സംസാരിക്കാൻ ആരും ഇല്ല.ആകെ ഒറ്റപ്പെട്ട പോലെ..എനിക്ക് സഹിക്കാൻ പറ്റുന്നില്ല….

“പോടാ…എനിക്ക് അതൊന്നും വിഷമമായിട്ടില്ല…നീ അല്ലാതെ ആരാ പിന്നെ അതൊക്കെ പറഞ്ഞു ദേഷ്യപ്പെടാനൊക്കെ…നീ നന്നായി ഉറങ്ങു…ഒന്നു ഉറങ്ങി എണീറ്റാൽ എല്ലാം ശരിയാകും…വിഷമിക്കണ്ട ട്ടോ..ഞാനിവിടെ തന്നെ ഇല്ലേ..ഇവിടെയുള്ളവരൊക്കെ നല്ല സ്നേഹമുള്ളവരാ ട്ടോ…അവിടുത്തെ പോലെ തന്നെ ഇവിടെയും…എന്ന വെക്കട്ടെ..നാളെ വിളിക്കാം.

ഫോണ് വെച്ച് കഴിഞ്ഞതും ബെഡിൽ മുഖം അമർത്തി ഒരു കരച്ചിൽ ആയിരുന്നു സാബി….അവന്റെ മനസ്സിൽ ആണെങ്കിൽ കഴിഞ്ഞു പോയ ഓരോ സംഭവങ്ങളും ഒന്നൊന്നായി തെളിഞ്ഞു വരാൻ തുടങ്ങി…ഇടക്കെപ്പോഴോ അറിയാതെ ഉറങ്ങി…
കാലം അവരെ എല്ലാംമറക്കാൻ പഠിപ്പിച്ചു…2 പേരുടെയും ജീവിതം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി….ഇന്നവന് സ്നേഹം പ്രകടിപ്പിക്കുവാനും ദേഷ്യപ്പെടാനും സംസാരിച്ചിരിക്കുവാനും ഭാര്യയുണ്ട്….പക്ഷെ പെങ്ങന്മാർ വീട്ടിലെ മാലാഖകൾ ആണ്. അവരുടെ വിടവ്..അത് ഒരു വലിയ വിടവ് തന്നെ ആണ്…സ്നേഹം അത് ആവശ്യമുള്ള സമയത്ത് തന്നെ കൊടുക്കുക..പിന്നീട് നമ്മൾ തിരിച്ചറിയുമ്പോഴേക്കും അവർ നമ്മളിൽ നിന്ന് അകന്നു പോയിട്ടുണ്ടാവും.

Share this on...