അല്ല മോളേ നിന്റെ കല്യാണം ഒന്നും ആയില്ലേ ഇതുവരെ… ” ” ഇല്ല ചേട്ടത്തി ആകുമ്പോൾ പറയാവേ…. ”

in Story 13,435 views

രചന: ശ്യാം

അല്ല മോളേ നിന്റെ കല്യാണം ഒന്നും ആയില്ലേ ഇതുവരെ… ” ” ഇല്ല ചേട്ടത്തി ആകുമ്പോൾ പറയാവേ…. ”ഗായത്രി അത് പറഞ്ഞിട്ട് മുറ്റമടിക്കൽ തുടങ്ങി. അല്ലേലും ആ പെണ്ണുമ്പിള്ളയ്ക്ക് എന്നും അറിയണം കല്യാണം ആയോ കല്യാണം ആയോ എന്ന്. ഇവിടെ ഒരു ചൊവ്വയും, ശുക്രനും, ശനിയും കാരണം മനുഷ്യൻ പുരനിറഞ്ഞു നിൽക്കുന്നതിന്റെ വിഷമം അവർക്ക് പറഞ്ഞാൽ മനസ്സിലാകില്ലലോ.. ഈ ചൊവ്വയെ കണ്ട് പിടിച്ചവനെ തല്ലി കൊല്ലണം,, അവൾ പിറുപിറുത്ത് കൊണ്ട് മുറ്റമടിക്കൽ തുടങ്ങി..ഇരുപത്തി ഒന്നിൽ കഴിഞ്ഞില്ലേ മുപ്പതാമത്തെ വയസ്സില്ലേ വിവാഹം നടക്കുള്ളൂ എന്നായിരുന്നു ഗായത്രിയുടെ ജാതകത്തിൽ. ഭാഗ്യത്തിന് അത് ഇരുപത്തി ഒന്നിൽ നടന്നില്ല ഇപ്പോൾ മുപ്പത് ആകാൻ പോകുന്നു, ബ്രോക്കർ ആഴചയിൽ ഏഴ് ദിവസവും പയ്യന്മാരെ കൊണ്ട് വരുന്നുണ്ട് പക്ഷെ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല..

ഇന്നും ഒരാൾ വരുന്നുണ്ട്, അവൾ പെട്ടെന്ന് മുറ്റമടിച്ചിട്ട് കുളിക്കാൻ പോയി. കുളികഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടു. ഗായത്രി ആകത്തേ ജന്നൽ വഴി നോക്കി നല്ല പൊക്കവും തടിയും ഉള്ള, കട്ടിമീശയും കുറ്റി താടിയും ഉള്ള, ഇരുനിറം ഉള്ള ഒരു മനുഷ്യൻ, കാണുമ്പോൾ തന്നെ അറിയാം ആള് നല്ല ദേഷ്യക്കാരൻ ആണെന്ന്. അയ്യാളുടെ വണ്ടിയുടെ പുറകിൽ ബ്രോക്കറും ഇരിപ്പുണ്ട്.

ഗായത്രി ഡ്രസ്സ്‌ മാറി നേരെ അടുക്കളയിൽ കയറി ചായ ഇടാൻ തുടങ്ങി. ഇതിപ്പോ ഡെയിലി കലാപരിപാടി ആയത് കൊണ്ട് അവൾക്ക് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ല.. ഉമ്മറത്ത് നിന്ന് അച്ഛൻ വിളിക്കും മുൻപേ ഗായത്രി ചായയും ആയി എത്തി. ഒരു ഗ്ലാസ്‌ ചായ വന്ന ചെറുക്കന് കൊടുത്തിട്ട് ആ മുഖത്തേക്ക് നോക്കി, അയ്യാൾ അവളെ നോക്കുന്നത് കൂടി ഇല്ല…

ചായ കൊടുത്ത് കഴിഞ്ഞ് ഗായത്രി വാതിൽ പടിയിൽ ചാരി നിന്നു, പഴയപോലെ നാണം കൊണ്ട് മറഞ്ഞു നിൽക്കുന്ന പരുപാടി ഒന്നും അവൾ ഇപ്പോൾ എടുക്കാറില്ല.

“എന്നാലിനി അവർ എന്തേലും സംസാരിക്കട്ടെ… ” ബ്രോക്കറുടെ സ്ഥിരം ഡയലോഗ് കേട്ടപ്പോഴേക്കും ഗായത്രി മുറിയിലേക്ക് നടന്നു.. പുറകെ അയാളും.. മുറിയിലെ കസേരയിൽ ഇരുന്ന്, അവളെ നോക്കാതെ അയ്യാൾ മുറിയിൽ ചുറ്റും കണ്ണോടിക്കുന്നത് കണ്ടപ്പോൾ ഇയ്യാൾ ഇനി വീട്‌ വാങ്ങാൻ വന്നത് ആണോ എന്ന് ഗായത്രി സംശയിച്ചു പോയി…

” അതേ എന്താ ചേട്ടന്റെ പേര്… ” അയ്യാൾ ഒന്നും ചോദിക്കുന്നില്ല എന്ന് കണ്ടപ്പോൾ കയത്രി അങ്ങോട്ട് കയറി ചോദിച്ചു… ” ജഗൻ…. ”

അയ്യാളുടെ ഗാംഭീര്യം ഉള്ള ശബ്ദം മുറിയിൽ മുഴങ്ങി.. ആഹാ നല്ല ഇടിവെട്ട് പേര് ആണല്ലോ അവൾ മനസ്സിൽ ഓർത്തു.. ” അതേ എന്നെ ഇഷ്ടം ആയില്ലെന്ന് വീട്ടിൽ പറഞ്ഞേരെ… ” ജഗന്റെ ശബ്ദം വീണ്ടും പുറത്തേക്ക് വന്നു…

“അയ്യോ ചേട്ടാ എനിക്ക് ഇഷ്ട്ടകുറവ് ഒന്നുമില്ല എനിക്ക് ഇഷ്ടം ആയി… ” ഗായത്രി പെട്ടെന്ന് പറഞ്ഞപ്പോൾ ജഗൻ അവളെ ഒന്ന് നോക്കി, എന്നിട്ട് പുറത്തേക്ക് ഇറങ്ങി.. ” എന്നാ നമുക്ക് ഇറങ്ങാം.. ”
ജഗൻ പുറത്തേക്ക് ഇറങ്ങി ബ്രോക്കറോട് പറഞ്ഞു.. ” നീ വിട്ടോ ഞാൻ രാത്രി വിളിച്ചോളാം.. ” ബ്രോക്കർ അത് പറഞ്ഞപ്പോൾ ജഗൻ വണ്ടിയും എടുത്തു പോയി. ഗായത്രി ജന്നലിൽ കൂടെ അയ്യാളെ നോക്കി നിന്നു..

” നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ പിന്നെ ഒന്നും നോക്കാൻ ഇല്ല, ചെറുക്കന്റെ വീട്ടിൽ അമ്മ മാത്രമേ ഉള്ളു, ചെറുക്കന് വേറെ ദുശീലങ്ങൾ ഒന്നുമില്ല, നിങ്ങൾക്ക് സമ്മതം ആണേൽ നമുക്ക് മുന്നോട്ട് ഉള്ള കാര്യങ്ങൾ നോക്കാം… ”

ബ്രോക്കർ അത് പറഞ്ഞപ്പോൾ ഗായത്രിയുടെ അച്ഛൻ എതിർപ്പ് ഒന്നും പറഞ്ഞില്ല, ഗായത്രിക്കും ഇഷ്ട്ടകുറവ് ഒന്നും ഇല്ലായിരുന്നു, കല്യാണം ആയില്ലേ എന്നുള്ള ആൾക്കാരുടെ സ്ഥിരം ഡയലോഗ് എങ്കിലും നിൽക്കുമല്ലോ എന്ന ആശ്വാസം ആയിരുന്നു അവൾക്ക്…

അടുത്ത് ആഴ്ച്ച തന്നെ ജഗന്റെ അമ്മയും അടുത്ത ചില ബന്ധുക്കളും വന്ന് ഗായത്രിയെ കണ്ടു. സ്നേഹമുള്ള ആ അമ്മയെ കണ്ടപ്പോൾ ഗായത്രിക്കും ആശ്വാസമായി. വെച്ച് താമസിപ്പിക്കാതെ പെട്ടെന്ന് കല്യാണം നടത്താൻ തീരുമാനിച്ചു…

കല്യാണം ഉറപ്പിച്ചിട്ടും ജഗൻ ഗായത്രിയെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ആറ്റുനോറ്റ് ഒരു കല്യാണം ഉറപ്പിച്ചിട്ടു ഇതാണല്ലോ വിധി അവൾ സ്വയം മനസ്സിൽ ശപിച്ചുപോയി…
കല്യാണം കഴിഞ്ഞ് ആ വീട്ടിൽ ചെല്ലുമ്പോൾ ജഗന്റെ അമ്മ സന്തോഷത്തോടെ ആണ് അവരെ സ്വീകരിച്ചത്. മണിയറയിൽ ജഗനെയും കാത്ത് ഗായത്രി ഇരുന്നിട്ടും അയ്യാൾ പുറത്ത് കൂട്ടുകാർക്ക് ഒപ്പം സംസാരിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി…

ഉറക്കം വന്ന് കണ്ണുകൾ അറിയാതെ അടഞ്ഞു പോയപ്പോൾ ആണ് ജഗൻ മുറിയിലേക്ക് വന്നത്. അയ്യാളെ കണ്ടപ്പോൾ ഗായത്രി വിനയപൂർവ്വം എഴുന്നേറ്റു നിന്നും… ” നീ ഇതുവരെ ഉറങ്ങിയില്ലേ,,. ”

ജഗൻ അത് ചോദിച്ചു കൊണ്ട് കട്ടിലിൽ കിടന്നു.. ഗായത്രി അപ്പോഴും അയ്യാളെ നോക്കി കട്ടിലിന്റെ സൈഡിൽ തന്നെ നിന്നു… ” ന്താ ഉറങ്ങുന്നില്ലേ… ”

അവനെ തന്നെ നോക്കി നിൽക്കുന്ന ഗായത്രിയോട് വീണ്ടും ചോദിച്ചു.. ” ചേട്ടൻ ഉറങ്ങിക്കോളൂ… ”

അത് പറയുമ്പോൾ അവളുടെ ശബ്ദം ചെറുതായി ഒന്ന് ഇടറി.. അവൾ മുറിയിലെ ലൈറ്റ് അണച്ച് കിടന്നു. ആദ്യരാത്രി ഉറങ്ങാതെ വെളുക്കുവോളം പരസ്പരം സംസാരിച്ച് ഇരിക്കണം, പരസ്പരം സ്വപ്നങ്ങൾ കൈമാറണം, ആ മടിയിൽ തലവച്ചു കിടക്കണം ന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു, ആറ്റു നോറ്റു ഒരു കല്യാണം കഴിച്ചപ്പോൾ ഒരു വാക്ക് പോലും മിണ്ടാതെ പോത്ത് പോലെ കിടന്നുറങ്ങുന്നു കാലമാടൻ.. അയാൾക്ക് ഒരു ചവിട്ട് വച്ചു കൊടുക്കാൻ ആണ് ഗായത്രിക്ക് തോന്നിയത്…

പിന്നെയും ദിവസങ്ങൾ കടന്ന് പോയെങ്കിലും ജഗനിൽ നിന്ന് സ്നേഹത്തോടെ ഒരു നോട്ടം പോലും ഗായത്രിക്ക് കിട്ടിയില്ല…പതിവുപോലെ ജഗൻ വന്ന് കിടന്നപ്പോൾ ഗായത്രി അയാൾക്കരികിലേക്ക് ചെന്നു..

” അതേ എനിക്ക് മുപ്പതു വയസ്സ് ആയി, ഇപ്പോൾ കല്യാണം കഴിക്കുന്ന പിള്ളേരെ പോലെ എന്നെകൊണ്ട് ലോകം മൊത്തത്തിൽ കറങ്ങുകയോ, പഞ്ചാര വാക്കുകൾ കൊണ്ട് മൂടുകയോ ഒന്നും വേണ്ട, എന്നാലും സ്നേഹത്തോടെ ഒരു വാക്ക് ഒരു നോട്ടം അതെങ്കിലും എനിക്ക് പ്രതീക്ഷിച്ചുടെ… ”
അവൾ അയ്യാളുടെ കണ്ണുകളിൽ നോക്കി പറയുമ്പോൾ ജഗൻ ഒന്നും മിണ്ടാതെ കിടന്നു…

” അല്ല എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാ, ന്താണ് നിങ്ങടെ പ്രശ്നം, താല്പര്യം ഇല്ലേ ന്തിനാ എന്നെ കെട്ടിയത്… ”

“നിന്നോട് ഞാൻ പറഞ്ഞത് അല്ലേ കല്യാണത്തിന് സമ്മതം അല്ലെന്ന് പറഞ്ഞോളാൻ… ” ജഗന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി…

” എന്നാ പിന്നെ അന്നേ നിങ്ങൾക്ക് പറഞ്ഞൂടെ നിങ്ങളെ കൊണ്ട് ഒന്നും പറ്റില്ലന്ന്… ”
ഗായത്രിയുടെ ആ ചോദ്യം കേട്ടതും ദേഷ്യം കൊണ്ട് അയ്യാളുടെ മുഖം ചുവന്നു. ജഗൻ എഴുന്നേറ്റ് മേശ തുറന്ന് അതിൽ നിന്ന് കുറെ പേപ്പറുകൾ അവൾക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു.. പേപ്പറുകൾക്ക് ഇടയിൽ നിന്ന് ചിരിക്കുന്ന ഒരു പെൺകുടിയുടെ ഫോട്ടോ അവൾ കണ്ടു.

ഗായത്രി ആ ഫോട്ടോ കയ്യിൽ എടുത്ത് നോക്കി, നല്ല വെളുത്ത ഒരു സുന്ദരി കുട്ടി… അതിൽ നിന്ന് ഒരു കല്യാണലെറ്റർ കൂടി കിട്ടി. അനിത വിത്ത്‌ ദേവൻ, അതിൽ പെണ്ണിന്റെയും ചെറുക്കന്റെയും ഫോട്ടോ കൂടി ഉണ്ടായിരുന്നു… ” ഓ അപ്പൊ തേപ്പ് ആണല്ലേ… ”

അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.. ജഗൻ ഒന്നും മിണ്ടാതെ ജന്നലിൽ കൂടെ പുറത്തേക്ക് നോക്കി നിന്നു..

” അവൾ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു, എന്നിട്ടും നിങ്ങൾ എന്തിന സ്വന്തം ജീവിതം ഇങ്ങനെ നശിപ്പിച്ചു കളയുന്നത്, ഇപ്പോൾ എന്റെയും ജീവിതം പോയി..”
അവൾ അത് പറയുമ്പോൾ ജഗൻ രൂക്ഷമായി ഗായത്രിയെ നോക്കി.. “നോക്കി പേടിപ്പിക്കുക ഒന്നും വേണ്ട ഞാൻ സത്യമാണ് പറഞ്ഞത്..”

ജഗൻ പിന്നെ ഒന്നും മിണ്ടാതെ കട്ടിലിൽ പോയി കണ്ണടച്ച് കിടന്നു.. ഗായത്രി മുറിയിലെ ലൈറ്റ് അണച്ചിട്ട് ടേബിൾ ലാംമ്പിന്റെ വെട്ടത്തിൽ ഇരുന്ന് ജഗൻ വലിച്ചെറിഞ്ഞു പേപ്പറുകൾ എല്ലാം വായിച്ചു.. ഹോ ഇത്രയും റൊമാന്റിക് ആയ പഞ്ചാരകുഞ്ചു ആണല്ലോ ഇങ്ങനെ ദേഷ്യവും കാണിച്ച് കിടക്കുന്നത് എന്ന് ഓർത്തപ്പോൾ അവൾക്കും ദേഷ്യം വന്നു…

തന്റെ രണ്ടാമത്തെ ഫേസ്ബുക്ക് ഐഡിയിൽ നിന്ന് അനിതയെ കണ്ട് പിടിച്ച് റിക്വസ്റ്റ് അയച്ചിട്ട് ആണ് ഗായത്രി അന്ന് കിടന്നത്. തന്റെ അരികിൽ ഉറങ്ങി കിടക്കുന്ന ജഗനെ നോക്കിയപ്പോൾ അവൾക്ക് സഹതാപം ആണ് തോന്നിയത്..

പിറ്റേന്ന് തന്നെ ഗായത്രിയുടെ റിക്വസ്റ്റ് അനിത സ്വീകരിച്ചു, വളെരെ പെട്ടെന്ന് തന്നെ അവരുമായി ഗായത്രി സൗഹൃദം സ്ഥാപിച്ചെടുത്തു. അവരുമായി ഉള്ള സംഭാഷണത്തിൽ നിന്ന് അനിത പഴയ ജീവിതമോ കാമുകനെയോ ഓർക്കാൻ പോലും ശ്രമിക്കാറില്ല എന്ന് മനസ്സിലായി, അനിതയുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും സംഭവങ്ങളും എല്ലാം ഗായത്രി പെട്ടെന്ന് മനസ്സിലാക്കി..

” ഏട്ടാ വൈകുന്നേരം നമുക്ക് ഒന്ന് പുറത്ത് പോകാം കേട്ടോ…. ” ഉച്ചയ്ക്ക് ചോറ് കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഗായത്രി അത് പറഞ്ഞത്. ഒന്നും മിണ്ടാതെ ഇരുന്ന ജഗനോട് ഗായത്രിയേയും കൊണ്ട് പുറത്തൊക്കെ പോയി വരാൻ അവന്റ അമ്മ നിർബന്ധിച്ചു. മനസ്സില്ലാമനസ്സോടെയാണ് ജഗൻ സമ്മതിച്ചത്.

വൈകുന്നേരം അവർ ആദ്യം പോയത് അടുത്തുള്ള പർക്കിൽ ആണ്. അവിടെ ആളൊഴിഞ്ഞ സ്ഥലത്ത് അവർ ഇരുന്നു. ജഗൻ ആരെയും ശ്രദ്ധിക്കാതെ മൊബൈൽ കുത്തി ഇരിക്കുക ആയിരുന്നു. ഗായത്രി ചുറ്റും ആരെയോ തിരയുകയാണ്. പെട്ടെന്ന് അവളുടെ മുഖത്ത് പ്രതീക്ഷിച്ച ആളിനെ കണ്ടതിന്റെ സന്തോഷം ഉണ്ടായി..

അനിതയും ദേവനും മോനും കൂടി ദൂരെ നിന്ന് നടന്നു വരുന്നു. മോൻ ഓരോ കുസൃതികൾ കാണിക്കുമ്പോൾ അവനെ ശകാരിക്കുന്നുണ്ട് ദേവൻ.. അവന്റെ കളികൾ നോക്കി ഇരിക്കുകയാണ് അനിത.. തന്റെ അടുത്ത് മൊബൈലും തോണ്ടി ഇരിക്കുന്ന ജഗനെ അവൾ തട്ടി വിളിച്ചു, അവൻ ദേഷ്യത്തോടെ ഗായത്രിയെ നോക്കി, അവൾ ദൂരെ നിൽക്കുന്ന അനിതയെ കാണിച്ചു കൊടുത്തു. അനിതയെ കണ്ടപ്പോൾ ജഗന്റെ ദേഷ്യം വീണ്ടും കൂടി. എഴുന്നേറ്റ് പോകാൻ തുടങ്ങിയ ജഗനെ അവൾ പിടിച്ചിരുത്തി …

” കാണ് നിങ്ങളുടെ പഴയ കാമുകി എന്ത് സന്തോഷത്തോടെ ആണ് ജീവിക്കുന്നത് എന്ന്, ഇവിടെ ഒരാൾ മറ്റുള്ളവരുടെ സ്നേഹം കാണാതെ ദേഷ്യവും കാണിച്ച് ജീവിതം നശിപ്പിച്ചു കളയുന്നു… ”

ഗായത്രി അത് പറയുമ്പോൾ ജഗൻ ഒന്നും മിണ്ടാതെ അനിതയെയും കുടുംബത്തെയും നോക്കി തന്നെ ഇരുന്നു. ഗായത്രി പറഞ്ഞത് ശരിയാണ് അവരൊക്കെ എത്ര സന്തോഷത്തോടെ ആണ് ജീവിക്കുന്നത് താൻ വെറുതെ എല്ലാവരോടും ദേഷ്യവും കാണിച്ച് ആരുടെയും സ്നേഹം മനസ്സിലാക്കാതെ ജീവിക്കുന്നു ജഗൻ സ്വയം ചിന്തിച്ചു തുടങ്ങി..

“ഈ കാഴ്ച്ച ഏട്ടനെ നേരിട്ട് കാണിക്കാൻ ആണ് ഇന്ന് പുറത്ത് പോകാൻ നിർബന്ധം പിടിച്ചത്.. ഇനി നമുക്ക് തിരികെ പോകാം ഇനി എല്ലാം ഏട്ടന്റെ ഇഷ്ട്ടം പോലെ, ഞാൻ ഇനി ഒന്നിനോടും പരാതിയും പറഞ്ഞു വരില്ല…. ”ഗായത്രി അത് പറഞ്ഞു തിരികെ പോകാനായി നടന്നു ഒപ്പം ജഗനും അവളുടെ പുറകെ നടന്നു.. തിരികെ വീട്ടിൽ എത്തുന്നത് വരെ അവർ പരസപരം ഒന്നും മിണ്ടിയില്ല, വീട്ടിൽ എത്തിയ ഉടനെ ജഗൻ മുറിയിലേക്ക് പോയി തിരികെ വരുമ്പോൾ കയ്യിൽ ഒരുപിടി പേപ്പറുകൾ ഉണ്ടായിരുന്നു.

ജഗൻ അതും കൊണ്ട് മുറ്റത്ത് ഇറങ്ങി പേപ്പർ ഒരു മൂലയിൽ കൂട്ടിയിട്ട് കത്തിച്ചു, അതിനടിയിൽ അനിതയുടെ ചിരിക്കുന്ന മുഖമുള്ള ഫോട്ടോ ഗായത്രി കണ്ടു…ജഗൻ ചെയ്യുന്നതും നോക്കി ഗായത്രി വാതിൽ പടിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു..ജഗൻ തിരിച്ചു വീട്ടിൽ കയറുമ്പോൾ ഗായത്രിയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു, അവൾ കൊതിച്ചതും അത് ആയിരുന്നു. ജഗൻ ഗായത്രിയുടെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു.. ഗായത്രി മൊബൈൽ എടുത്ത് അനിതയ്ക്ക് ഒരു നന്ദിയും അയച്ചിട്ട് അവളെ ബ്ലോക്ക് ആക്കി…

Share this on...