മോഹൻ നിങ്ങൾ നടനാകാൻ ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ അതായിരിക്കും. പുതിയകാവ് ത്രിപ്പൂണിത്തുറ റോഡിൽ വലിയൊരു ഹോൾഡിങ് കാണുമ്പോൾ അറിയാതെ സിനിമയിലെ ഈ വാചകം ഓർത്തു പോകും. കാരണം ആ ഹോൾഡിംഗ് സിനിമ മോഹിയായ ഒരു ചെറുപ്പക്കാരൻ്റെതാണ്. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്. ഈ വാചകങ്ങളിൽ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം ഉണ്ടെന്ന് വ്യക്തം. ഹോഡിംഗിൽ ചിത്രവും ഫോൺ നമ്പറും ഉണ്ട്. ഏതെങ്കിലും സിനിമക്കാരൻ ഇത് കണ്ട് വിളിക്കട്ടെ എന്ന് പ്രത്യാശയോടെയാണ് പനച്ചിക്കാട് സ്വദേശിയായ ശരത് ഇത്തരം ഒരു ഫ്ലക്സ് അടിച്ചു വെച്ചത്. ഇത്തരമൊരു ആശയത്തിലേക്ക് എത്തിയതിനെക്കുറിച്ച് ശരത് പറയുന്നത് ഇങ്ങനെ.
പത്തുവർഷമായി സിനിമാമോഹവുമായി പലരെയും സമീപിച്ചു. അവസാന വഴിയോളം എന്നാണ് ഇങ്ങനെ ഒരു ഹോൾഡിംഗ് വെച്ചത്. പത്തിൽ പഠിക്കുന്ന കാലം മുതൽ സിനിമയിൽ ചെറിയ വേഷങ്ങളിൽ തല കാണിച്ചിട്ടുണ്ട്. പലരോടും അവസരം ചോദിച്ചിട്ടുമുണ്ട്. നല്ലൊരു വേഷം ഇതുവരെയും കിട്ടിയിട്ടില്ല. ഒട്ടേറെ ഒഡീഷനുകളിലും പങ്കെടുത്തു. സിനിമയോട് അത്രയേറെ താൽപ്പര്യം ഉള്ളതുകൊണ്ടാണ് സിനിമാപ്രവർത്തകർ ഏറെയുള്ള എറണാകുളം ജില്ലയിൽ ഹോർഡിംഗ് സ്ഥാപിക്കാൻ തീരുമാനിച്ചത് ആരെങ്കിലും കണ്ടിട്ട് വിളിച്ചാലോ, ഞാൻ ഇത്തരം ഒരു ഹോർഡിംഗ് വച്ചത് നാട്ടിൽ അറിഞ്ഞാൽ കളിയാക്കലുകളും ഒരുപാടുണ്ടാകും. പക്ഷേ അതൊന്നും കാര്യമാക്കുന്നില്ല.
പത്തുവർഷം ചെറിയൊരു കാലയളവ് അല്ലല്ലോ. ഇത്രയും കാലം സിനിമയോടുള്ള മോഹം മനസ്സിൽ ഉണ്ടെങ്കിൽ മനസ്സിലാക്കാമല്ലേ ഞാൻ എത്ര മാത്രം ഗൗരവത്തോടെയാണ് സിനിമ കാണുന്നത്. പിന്നെ 40 വർഷം മുമ്പ് മമ്മൂക്ക പോലും പത്രത്തിൽ പരസ്യം കൊടുത്തിട്ടില്ലേ,അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച്.ഞാൻ പരസ്യത്തിനു പകരം ഫ്ലക്സ് വെച്ചു.അത്രയേ വ്യത്യാസം ഉള്ളു. മൂന്നുമാസംകൊണ്ട് കൂട്ടിവെച്ച് 25000 രൂപയാണ് ഈ പരസ്യം സ്ഥാപിക്കാൻ ചിലവാക്കിയത്. സ്വകാര്യ ബസിലെ ഡ്രൈവർ ആയിട്ടാണ് ജോലി ചെയ്യുന്നത്. വീട്ടുകാരൊക്കെ ആദ്യം എതിർപ്പായിരുന്നു. ഇപ്പോൾ അവർക്ക് മനസ്സിലായി എനിക്ക് എത്രമാത്രം ആഗ്രഹമുണ്ടെന്ന്. എന്നെങ്കിലും ഒരിക്കൽ ഞാൻ ഒരു നടൻ ആകുമെന്ന് ശരത് പറയുന്നു. നിരവധി പേരാണ് ഇത് കണ്ട് സപ്പോർട്ടുമായി എത്തിയിരിക്കുന്നത്. നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ എന്ന് ആശംസിക്കുകയാണ് നിരവധി പേർ. .