ഗൾഫ് നിർത്തി നാട്ടിലേക്ക് വന്ന ഉമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മക്കൾ.ഇതറിഞ്ഞ അറബിയുടെ മകൾ ചെയ്തത്

in News 6,317 views

രചന: നിയാസ് നിച്ചു

ഞാൻ ജോലിക്ക് പോകാൻ റൂമിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്ത് റോഡിലേക്ക് പോകുമ്പോൾ ആണ് അടുത്ത വീട്ടിൽ നിന്ന് മുറ്റം അടിച്ചു വാരുന്ന ശബ്ദം കേട്ടത്.ഞാൻ മൊബൈലിൽ ആപ് ഓണാക്കി (എനിക്ക് ഫുഡ് ഹോം ഡെലിവറിയാണ് ജോലി ഒരു ഓൺലൈൻ കമ്പനിയിൽ) അവിടെ കാത്തു നിന്നു. കാരണം അടിച്ചു വാരി കഴിഞ്ഞാൽ ആ വീടിൻ്റെ വലിയ ഗെയ്റ്റും തുറന്ന് ആ കച്ചറ കളയാൻ അവർ പുറത്തേക്ക് വരും..

അതും പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിൽക്കുന്നത്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ കുറച്ചു മാറി നിന്നു…അവർ വേഗം നടന്നു കച്ചറ അവിടെയുള്ള വൈസ്റ്റ് ബോക്സിൽ ഇട്ട് തിരിച്ച് നടന്നു വരുമ്പോൾ എന്നെ കണ്ടു. വേഗം എൻ്റെ അടുക്കലേക്ക് ഓടി വന്നു സുഖമാണോ മോനെ എന്നൊക്കെ ചോദിച്ചു വളരെ അടുത്തു നിന്നു.

ഞാൻ ചോദിച്ചു. ഇപ്പോൾ കുറെ ആയല്ലോ കണ്ടിട്ട് എന്താ പറ്റിയത്.ഇപ്പോ പണ്ടത്തെ പോലെ വലിയ ജോലിയൊന്നുമില്ല. ഒരു ഫിലിപ്പിനി കൊച്ചു വന്നിട്ടുണ്ട്. അവൾ ആണ് ഇപ്പോ എല്ലാം റെഡിയാക്കുന്നത്.. നിനക്ക് പോകാൻ സമയമായില്ലെ നീ പോയ്ക്കോ എന്നു പറഞ്ഞു അവർ വീട്ടിലേക്ക് നടന്നു പോയി.. ഞാൻ ഉമ്മാ എന്നു വിളിച്ചിട്ടും അവർ നിന്നില്ല. തിരിഞ്ഞു നോക്കിയിരുന്നു. അപ്പോൾ അവരുടെ കണ്ണു നിറഞ്ഞിരുന്നു.അത് എന്തിനാ എന്നു എനിക്ക് മനസിലായതുമില്ല. ചോദിക്കാം എന്നു വെച്ചാൽ അവർ നിൽക്കുന്നുമില്ല…

എനിക്കും എന്തൊ പോലെയായി.കണ്ണീർ കണ്ടാൽ സങ്കടമാണ്. അത് ആരുടെ ആയാലും. എനിക്ക് വല്ലാതെ വിഷമമായി. അപ്പോഴേക്ക് ഒരു ഓർഡർ വന്നിരുന്നു.റെസ്റ്റോറൻ്റ് ഏതാണെന്ന് നോക്കി വണ്ടിയിൽ (ബൈക്ക്) കയറിയിരുന്നു…പോകുമ്പോൾ എല്ലാം അവരെ കുറിച്ചാണ് ഓർത്തത്.

ഈ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങീട്ട്നാല് വർഷമായി. അന്ന് മുതൽ എന്നും ജോലിക്ക് പോകുമ്പോൾ ഈ മുറ്റമടിക്കുന്ന ശബ്ദം കേൾക്കും. ഒരു പ്രത്യേക സുഖമാണ് അത് കേൾക്കുമ്പോൾ. എന്നും കേൾക്കും പക്ഷെ ആളെ കാണാൻ പറ്റൂല്ല. കൂടുതൽ സമയം നിൽക്കാനും പറ്റൂല.പുതിയ സ്ഥലം എല്ലാം പരിചയമായതിനു ശേഷം പിന്നെ പ്രശ്നമില്ലാലോ. അങ്ങനെ ഒന്നര രണ്ട് മാസം ശബ്ദം മാത്രം. ഒരു ദിവസം ആ വീട്ടിലേക്കുള്ള ഒരു ഓർഡർ വന്നു.

ആ ഓർഡറും കൊണ്ട് ആ വീട്ടിലേക്ക് പോയി കോളിംഗ് ബെല്ലടിച്ചു. ഒരു നാൽപ്പത്തഞ്ച് അമ്പത് വയസ് തോന്നിക്കുന്ന ഒരു സ്ത്രീ വന്നു. കണ്ടാൽ മലയാളിയാണെങ്കിലും അറബിയിൽ എത്ര ആണെന്ന് ചോദിച്ചു. ഞാൻ മലയാളത്തിൽ എത്രയാണെന്ന് പറഞ്ഞു കൊടുത്തു. അവർ പൈസയും തന്ന് സാദനവും വാങ്ങിച്ചു പോയി. ഒരു ചിരി പ്രതീക്ഷിച്ച എനിക്ക് ഒരു അടി കിട്ടിയ പോലെ ആയി…

അതിനു ശേഷം മുറ്റമടി ശബ്ദം ഞാൻ ശ്രദ്ധിക്കാതെ എൻ്റെ ജോലി തുടർന്നു.. വീണ്ടും കുറെ ദിവസത്തിനു ശേഷം അവിടെക്ക് ഒർഡർ കിട്ടി. ഞാൻ കൊണ്ടുപോയി അവരെന്നെ വന്നു. മലയാളത്തിൽ തന്നെ സംസാരിച്ചു.ഞാൻ വേഗം പോകാൻ ഉള്ള പോലെ തിരക്കാക്കി.
അപ്പോൾ അവർ പറഞ്ഞു. നീ ഇപ്പോൾ രാവിലെ ഇവിടെ നിൽക്കാറില്ല അല്ലെ എന്ന്. ആളെ കണ്ടതിനു ശേഷം ഒഴിവാക്കിയതാകും അല്ലെ എന്ന്..

ഞാൻ ചമ്മി ചൂളി പോയി. ഞാൻ പറഞ്ഞു. അതൊന്നുമല്ല ഉമ്മാ. നിങ്ങൾ അന്ന് ഓർഡർ തന്നപ്പോൾ എല്ലാവരും തരുന്നപോലെ ഒരു ചിരി പോലും തന്നില്ല. അതെല്ലാം കൊണ്ടും പിന്നെ നിന്നിട്ട് എന്തിനാ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത് എന്നും ഓർത്താണ്..

അവർ ചോദിച്ചു. നീ എന്താ വിളിച്ചത്.ഉമ്മാ എന്നോ. ഞാൻ അതെ എന്നു പറഞ്ഞു. അപ്പോൾ അവർ ഞാൻ പോട്ടെ മോനെ എന്ന് പറഞ്ഞു കൊണ്ട് പോയി.പക്ഷേ അത് വരെ ഉണ്ടായ മുഖഭാവം അല്ലായിരുന്നു അവർ പോകുമ്പോൾ ഉണ്ടായത്. വളരെ സന്തോഷത്തിലുണ്ടായ ഒരാൾ പെട്ടെന്ന് ഒരു മരണവാർത്ത കേട്ട പോലെ…

ആ സമയം ഞാൻ റെസ്റ്റോറൻ്റിൽ എത്തിയിരുന്നു.ഓർഡർ അടുത്ത് വണ്ടിയിൽ വെച്ച്.കസ്റ്റമറുടെ അടുത്തേക്ക് പുറപ്പെട്ടു..പിന്നെയും ആ ഉമ്മയുടെ ഓർമ്മകൾ വന്നു..

അതിനു ശേഷം അവരെ ഇടക്കിടക്ക് കാണുവാൻ തുടങ്ങി. സംസാരിക്കാൻ നിൽക്കുകയില്ലെങ്കിലും ചിരിക്കും. നല്ല രസമാണ് ആ ചിരി കാണാൻ. സങ്കടങ്ങളെ ഒളിപ്പിക്കുന്ന ചിരി.. ഇത് തന്നെ കുറെ ദിവസം തുടർന്നു. ഒന്നൊന്നര മാസത്തിനു ശേഷം വീണ്ടും അവിടേക്കുള്ള ഓർഡർ വന്നു.ആ ഓർഡറിൽ എൻ്റെ പേരു മെൻഷൻ ചെയ്തിരുന്നു.അത് കൊണ്ടാണ് എനിക്ക് കിട്ടിയത്. ഓർഡർ ചെയ്ത റെസ്റ്റോറൻ്റും ഞാൻ അപ്പോൾ ഉണ്ടായ സ്ഥലവും കുറച്ച് ദൂരെയാണ്.

റെസ്റ്റോറൻ്റിൻ്റെ അടുത്ത് ആരാണോ ഉള്ളത് അവർക്കാണ് ഓർഡർ കിട്ടുക. ഞാൻ ഓർഡർ എടുത്ത് ആ വീട്ടിലേക്ക് പുറപ്പെട്ടു. മുമ്പുള്ള ഓർഡർ പോലെ അല്ല. അതിലെ ബില്ല് നാട്ടിലെ അയ്യായിരം അടുപ്പിച്ചു വരും. ഞാൻ പോയപ്പോൾ തന്നെ എന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന പോലെ ആ ഉമ്മ അവിടെ കാത്തു നിന്നിരുന്നു.അവർ വേഗം പുറത്ത് വന്നു എന്നോട് പറഞ്ഞു.

മോനെ നിന്നെ തന്നെ വരുത്തിച്ചതാണ്. ഇപ്പോ കുറച്ച് ദിവസമായി വേറെ ആരൊക്കേയോ ആണ് കൊണ്ടുവരാറ്. ഞാൻ എനിക്കറിയാം എന്ന് പറഞ്ഞു.ഉമ്മ പറഞ്ഞു. നീ ഒരു സഹായം ചെയ്യണം. എന്താ എന്ന് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞു.

ഇതിൻ്റെ പൈസ അടുത്ത മാസം നിനക്ക് തരാം. ഞാൻ ചോദിച്ചു. എന്തെ അവർ തന്നില്ലെ ഇതിൻ്റെ പൈസ.അവർ പറഞ്ഞു. തന്നിട്ടുണ്ട്. പക്ഷെ എനിക്ക് നാട്ടിലേക്ക് അത്യാവശ്യമായി കുറച്ച് പൈസ അയക്കണം. ഇവരോട് ചോദിച്ചാൽ തരും. എന്നാലും എനിക്ക് മടിയാണ് മോനെ. ചോദിക്കാതെ തന്നെ എനിക്ക് വേണ്ടി കുറെ ചിലവാക്കി. മോനു ഒന്ന് സഹായിക്ക് ഉമ്മാനെ. അടുത്ത മാസം ശമ്പളം കിട്ടിയാൽ ഞാൻ തരാം. ഉറപ്പായും..
എനിക്ക് എന്താ ചെയ്യെണ്ടത് എന്നറിയില്ല. ദിവസവും ഡെലിവറി ചെയ്ത പൈസ മുഴുവൻ കമ്പനിയുടെ അക്കൗണ്ടിലേക്ക് അയക്കണം.മറിക്കാൻ ആണെൽ കെയ്യിലും പൈസയില്ല. ഉമ്മയുടെ പ്രതീക്ഷയും എന്നിലാണ്.ഞാൻ ഉമ്മാനോട് സാരമില്ല എന്ന് പറഞ്ഞ് ഭക്ഷണവും കൊടുത്ത് തിരിച്ചുപോയി. രണ്ട് കൂട്ടുകാരനെ വിളിച്ചു പൈസ ഒപ്പിച്ചു…

പിന്നെയും ദിവസങ്ങൾ കടന്നു പോയി. ഇടക്ക് ആ ഉമ്മയെ കാണും ചിരിക്കും പോകും സംസാരിക്കാൻ പറ്റാറില്ല. നല്ല മഴയുള്ള ഒരു ദിവസം (മഴയുള്ള ദിവസം നമുക്ക് ലീവാണ്) ചുമ്മാ വെളിയിൽ ഇറങ്ങിയപ്പോൾ ഉമ്മയെ കണ്ടു.

അവരും മഴ നോക്കിയിരിക്കാണ്. ഞാൻ ഉമ്മയെ വിളിച്ചപ്പോൾ ഉമ്മ വേറെ കുടയുമായി പുറത്ത് വന്നു.എന്നിട്ട് എന്നോടു ചോദിച്ചു.പെയ്സയ്ക്ക് വേണ്ടിയാണോ വിളിച്ചത്. ഞാൻ പറഞ്ഞു അതൊന്നും സാരമില്ല. ഉള്ളപ്പോൾ തന്നാൽ മതി. അവർ അത് കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.നമുക്ക് കുറച്ച് നടക്കാം അല്ലെ. ഞാനും സമ്മതിച്ചു.നടത്തം തുടങ്ങി..

എൻ്റെ മനസിൽ കുറെ ചോദ്യങ്ങൾ ഉണ്ട്. ചോദിക്കണോ വേണ്ടയോ എന്ന സംശയവും.ഇനിയും പേര് പോലും അറിയില്ല. ഉമ്മ തന്നെ സംസാരത്തിനു തുടക്കമിട്ടു. നീ കണ്ണൂരാണല്ലെ.ഞാൻ അതെ എന്നു പറഞ്ഞു.

പിന്നെ ഉമ്മയോട് ചോദിക്കുന്നതിന് മുമ്പെ പറയാൻ തുടങ്ങി.. ഞാനും കണ്ണൂരിനടുത്താണ്. എനിക്ക് രണ്ട് ആണും ഒരു പെണ്ണും ആണ് ഉള്ളത്. ഭർത്താവ് ഇളയ മോൾക്ക് അഞ്ച് വയസുള്ളപ്പോൾ മരണപ്പെട്ടു. പിന്നെ അവരെ വളർത്താൻ വേണ്ടി ഇവിടേക്ക് വന്നു.

ഇപ്പോൾ നാട്ടിൽ എല്ലാം ആയി. വീടായി മോൻ കല്യാണം കഴിച്ചു. അവനിഷ്ടപ്പെട്ട പെണ്ണിനെ തന്നെ കെട്ടി കൊണ്ട് വന്നു. മോൾക്കും കല്യാണം ആയി.ഇപ്പോ രണ്ട് പേർക്കും ഞാൻ അയക്കുന്ന പണം മാത്രം മതി.. ഞാൻ കഴിഞ്ഞ തവണ ഇവിടെ പണി നിർത്തി നാട്ടിലേക്ക് പോയി..

നിർത്തി വന്നതാണെന്ന് അറിഞ്ഞ മക്കൾ എന്നെ എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് പുറത്താക്കാൻ ആണ് ശ്രമിച്ചത്.കാരണം ഇനി എന്നെ നോക്കേണ്ടി വരുമല്ലോ എന്ന പേടി. ഞാൻ ഇവിടെ വളർത്തിയ ഈ വീട്ടിലുള്ള മോൾ വിളിച്ചപ്പോൾ എൻ്റെ കരഞ്ഞ് കലങ്ങിയ മുഖം കണ്ട് എന്നോട് എന്താ കാര്യം എന്നന്വേഷിച്ചു.

എല്ലാം പറഞ്ഞതിനു ശേഷം എനിക്ക് വീണ്ടും വരാനുള്ള പൈസയും വിസയും അയച്ചു തന്നു.അങ്ങനെ വീണ്ടും ഇവിടെ വന്നു. ഇപ്പോൾ മക്കൾക്ക് വീണ്ടും പഴയ സ്നേഹം വരാൻ തുടങ്ങി. പൈസ കിട്ടാൻ വേണ്ടി മാത്രം. ഇതെല്ലാം പറഞ്ഞ് ഒരു ടീ കടയിൽ ആണെന്ന് പോലും ഓർക്കാതെ ആ ഉമ്മ പൊട്ടിക്കരഞ്ഞു. എൻ്റെ കണ്ണും നിറഞ്ഞു.. എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ഞാനും കുറെ സമയം അങ്ങനെ നിന്നു.. വീണ്ടും ആ ഉമ്മ തുടർന്നു..

മക്കളുടെ ഉപ്പ മരണപ്പെട്ടപ്പോൾ എന്നോട് കല്യാണം കഴിക്കാൻ എല്ലാവരും പറഞ്ഞതാണ്. എന്നാൽ മക്കൾക്ക് വേണ്ടി എല്ലാം ഞാൻ വേണ്ടെന്നു വെച്ചു.. ഇപ്പോൾ അവർ വലുതായപ്പോൾ അവർക്ക് ഞാൻ ഭാരമായി.ഞാൻ പെറ്റു മുലപ്പാൽ കൊടുത്ത് വളർത്തിയ മക്കൾക്ക് ഞാൻ ആരുമല്ലാതെ ആയി.അവർക്ക് വേണ്ടിയല്ലെ ഞാൻ എൻ്റെ ജീവിതം ഇവിടെ ജീവിച്ച് തീർത്തത് എന്നിട്ടും മക്കൾക്ക് ഉമ്മയെ മനസിലാകുന്നില്ലല്ലോ മോനെ…

എന്നാൽ ഇവിടെയുള്ള മോൾക്ക് ഞാൻ ഉമ്മിയും ആയി. അതും മക്കൾക്ക് കൊടുക്കുന്ന ഒരംശം പോലും സ്നേഹം കൊടുക്കാത്ത മോൾക്ക്.. ഞാനെല്ലാം കേട്ട് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ അവരോട് പോകാം എന്ന് പറഞ്ഞ് അവരെയും കൂട്ടി മഴയിലേക്ക് ഇറങ്ങി.കൂടെ ഒരു വാക്കും കൊടുത്തു. ആ മോൻ്റെ സ്ഥാനത്ത് ഞാനുണ്ടാകും എന്നും. അതൊന്നും ഒരു ആശ്വാസ വാക്കല്ല എന്ന് എനിക്കും അറിയാം.

എന്നാലും ഈ സങ്കടമെല്ലാം ഒരാളോട് പറഞ്ഞ സമാധാനം ആ ഉമ്മയുടെ മുഖത്ത് കാണാം. വീടിനടുത്തെത്തിയപ്പോൾ എൻ്റെ ഉമ്മയെ വിളിക്കുന്ന പോലെ തന്നെ അവരെ വിളിച്ചു. അപ്പോൾ അവരും ചിരിച്ച് കൊണ്ട് പറഞ്ഞു.ഇനി എനിക്ക് രണ്ട് മക്കളെ ഉള്ളൂ. ഞാൻ പ്രസവിക്കാത്ത രണ്ട് മക്കൾ ഒന്ന് നീയും ഒന്ന് ഇവിടെയുള്ള മോളും.ഉമ്മയോട് സന്തോഷമായി ഇരിക്കാൻ പറഞ്ഞ് ഞാൻ എൻ്റെ റൂമിലേക്ക് നടന്നു.ഉമ്മയും ചിരിച്ച് സമാധാനത്തിൽ അവർ ജോലി ചെയ്യുന്ന വലിയ വീട്ടിലേക്കും..
All rights reserved News Lovers.

Share this on...