കല്യാണപെണ്ണിനോട് സംസാരിക്കാൻ വേണ്ടി മുറിയിലേക്ക് പോയ യുവാവ് പെൺകുട്ടിയോട് ചെയ്തത് കണ്ടോ.ഞെട്ടിപ്പോയി

in Story 696 views

ഒരു രാപ്പകൽ പിറന്നാൽ ഞാൻ മറ്റൊരാളുടെ സ്വന്തമാവുകയാണ്.
എന്തോ…..ഞാനും ആശിച്ചുപോകുന്നു ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്ന്.
അതെ…….!

ഈ രാത്രി പിറന്നാൽ എന്റെ കല്യാണമാണ്,
ഒരുപാട് കല്യാണ ആലോചനകൾ വന്നിട്ടുണ്ടെങ്കിലും ഷമിക്ക യുടെ ആലോചന ഒരു വ്യസ്ത രീതിയിലായിരുന്നു.അതിലൂടെ തന്നെ ആ കരങ്ങളിൽ ഞാൻ സുരക്ഷിത ആയിരിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു.

അങ്ങനെ പറയത്തക്ക മൊഞ്ചോ, സാമ്പിത്തികമായി അതികം ഉള്ളവരൊന്നുമല്ല എന്റെ കുടുമ്പം.ഉമ്മക്കും,ഉപ്പക്കും ഞങ്ങൾ മൂന്ന് മക്കളാണ്.മൂത്തവൾ ഞാനാണെങ്കിലും എന്റെ നേരെ തായേ ഉള്ളവളുടെ കല്യാണം ഒരു വർഷം മുമ്പ് കഴിഞ്ഞു.
പേടിക്കണ്ട ട്ടോ……. !

എന്റേത് രണ്ടാം കെട്ടൊന്നുമല്ല,ഒന്നാം കെട്ടുതന്നെയാണ്.
അനിയത്തി കുറച്ചു മൊഞ്ചത്തി ആയതു കൊണ്ട് കഴിഞ്ഞ വർഷം എന്നെ കാണാൻ വന്നവർക്ക് അവളെ മതിയെന്നു പറഞ്ഞു.

അവരെ പറഞ്ഞിട്ടും കാര്യമില്ല,വന്നവനും ഒരു മൊഞ്ചനായിരുന്നു.പിന്നെ അവർ അത്യാവശ്യം സാമ്പത്തിക പരമായി മുമ്പന്തിയിലുള്ളതു കൊണ്ട് ഉപ്പ അതങ്ങു ഉറപ്പിച്ചു.
ഇതിന് എന്നേയും വീട്ടുകാരെയും പറഞ്ഞിട്ട് ഒരു കാര്യമില്ല.അവൾക്ക് ഇരുപതും എനിക്ക് ഇരുപത്തിമൂന്നും ആയിരുന്നു പ്രായം.
അന്ന് ഒന്നെങ്കിൽ ഒന്ന് കുറഞ്ഞു കിട്ടിയാൽ അത്രേയും ഭാരം കുറഞ്ഞില്ലേ എന്ന് എന്റെ ഉപ്പയും കരുതിക്കാണും.

അതും കൂടെ കഴിഞ്ഞപ്പോൾ പിന്നെയും എനിക്ക് മാർക്കറ്റിടിഞ്ഞു.ഒന്നാമത് ഇരു നിറമുള്ളവൾ,
പിന്നേ……… !

ഇപ്പൊ മൂത്തവൾ നിൽക്കേ അനിയത്തിയുടെ കല്യാണം കഴിഞ്ഞു.അത് കാരണം വരുന്നവർക്കൊക്ക എന്നെയല്ല വേണ്ടത്. അവർക്ക് സ്ത്രീധനമായി എത്ര കൊടുക്കും എന്നായിരുന്നു അറിയേണ്ടിരുന്നത്.
ഒരുപാട് പേർ വന്നു കണ്ടുപോയി. ഓരോരുത്തർക്കും ഓരോ പ്രശ്നം. ചിലർക്ക് നിറംകമ്മി,മറ്റുചിലർക്ക് മൂക്ക് പരന്നിട്ട്,ചിലർക്ക് കാല്ചെറുതാണ് അങ്ങനെപോകുന്നു ഓരോ കാരണങ്ങൾ. അതിന്റെകൂടെ ഉമ്മയുടെയും ഉപ്പയുടെയും ടെൻഷൻ വേറെ.

സത്യത്തിൽ എല്ലാം കൊണ്ടും മനം മടുത്തിരിക്കുമ്പോഴാണ് ഉമ്മയുടെ അനിയത്തി വഴി ഷെമിക്കയുടെ ഒരു ആലോചന വരുന്നത്.എല്ലാത്തിനോടും മടുപ്പ് തോന്നിയിരുന്നെങ്കിലും അന്നും ഞാൻ ഉപ്പക്കു വേണ്ടിയാണ് അവരുടെ മുമ്പിൽ മാറ്റി ഒരുങ്ങി ചായ കൊണ്ടു പോയി കൊടുത്തത്.
പ്രദീക്ഷ ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ അവരെ ശ്രദ്ധിക്കാതെ അകത്തേക്ക് തന്നെ കേറി പോയി.
മിക്കതും അവിടുന്ന് തന്നെ സംസാരിച്ചു ഒഴിഞ്ഞു പോകലാണ്.വല്ലപ്പോഴും ആരെങ്കിലും സംസാരിക്കാനെന്നു പറഞ്ഞോണ്ട് അകത്തേക്ക് കേറിവരാറുണ്ട്.ഇതെങ്ങോട്ടെടുക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഉപ്പയുടെ മാസ്റ്റർ പീസ് ഡയലോഗ് വന്നത്.
ഉപ്പ കൂടെ വന്നവരോടായി പറഞ്ഞു കുട്ടികൾക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ അകത്തേക്ക് പൊക്കോളൂ എന്ന്.

അത് കേട്ടപാട് ഞാനും ഒന്ന് ഉഷാറായി.
പെണ്ണുകാണലിലെ സ്ഥിരം ക്ളീശേ….!
തന്നെയായിരുന്നു അപ്പൊ എന്റെ റോളും. ജനൽ കമ്പിയും പിടിച്ചു കൊണ്ട് പുറത്ത് ചിക്കിയിട്ടിരിക്കുന്ന തേങ്ങയും ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.
ചെക്കന്റെ മാസ്റ്റർ പീസ് മുരടനക്കൽ കേട്ടാണ് തിരിഞ്ഞു നോക്കിയത്.
ചുമരിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന മദ്രസയിലെ അഞ്ചാം ക്ലാസിലെയും ഏഴാം ക്ലാസ്സിലെയും പത്താം ക്ലാസ്സിലേയും സെർട്ടിഫിക്കറ്റും നോക്കി നിൽക്കുന്ന അവരുടെ കണ്ണുകൾ ഉയർത്തിയതും എന്നിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.

ഇതെല്ലാം നിങ്ങളുടെ സെർട്ടിഫിക്കറ്റ്സ് ആണോ എന്ന് ഗൗരവത്തിൽ ചോദിച്ചപ്പോൾ…….
അറിയാതെ തല താനെ അനങ്ങി.
എന്റെ പേര് ഷെമീർ,
മ്മ്,

പരസ്പരം ആരും ഒന്നും മിണ്ടാത്തതിനാൽ കുറച്ചു സമയം മുറിയിൽ മൗനം തളം കെട്ടി നിന്നു.
ഷെമിക്ക എന്റെ മുഖത്ത് നോക്കി കുറച്ചു സമയം നിന്നു കൊണ്ട് പെട്ടന്ന് ഒരൊറ്റ ചോദ്യമായിരുന്നു.
നിന്നെ എന്റെ ഭാര്യയായി ലഭിക്കുവാൻ ഞാൻ നിനക്കെന്താണ് മഹറായി നൽകേണ്ടത്……..?
ചോദിച്ചത് വെക്തമായി മനസ്സിലാകാതെ അവരുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുക ആയിരുന്നു ഞാൻ. ഷെമിക്ക വീണ്ടും തുടർന്നു…… !

നല്ലപാതിയായ് എന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ നിനക്കെന്താണ് ഞാൻ മഹറായി നൽകേണ്ടതെന്ന്…….. കേട്ടപ്പോൾ ഒരു ഞെട്ടലായിരുന്നു എനിക്ക്. കേൾക്കുന്നതും നടക്കുന്നതും സത്യം ആണോന്നറിയാൻ ഞാൻ ആദ്യം കൈത്തണ്ടയിൽ അവർ കാണാതെ ഒന്ന് നുള്ളി നോക്കി.

സ്വപ്നമല്ല,സത്യമാണ്…….
വേദപുസ്തകത്തിലും ചരിത്രങ്ങളിലും മാത്രം ഞാൻ കേട്ടതും വായിച്ചതുമായ ഇസ്ലാമിക വിവാഹ നിയമം ഇന്നിതാ ആദ്യമായി ഒരു പുരുഷൻ എന്നോട് ചോദിച്ചിരിക്കുന്നു.
ഒരുപാട് ആളുകൾ തന്നെ പെണ്ണ് കാണാൻ വന്നിരിക്കുന്നു.കുടുമ്പത്തിലും കൂട്ടുകാരികളിലും ഇനി കല്യാണം കഴിയാൻ ആരുമില്ല.പെണ്ണ് കാണാൻ വന്ന ചെക്കൻ എത്രയാണ് എന്താണ് മഹർ വേണ്ടതെന്നു ചോദിച്ചതായി ഇന്നുവരെ അവരിൽ ഒരാളുപോലും പറയുന്നത് താൻ കേട്ടിട്ടില്ല.
സ്വബോധം വീണ്ടെടുത്തു കുറച്ചു സമയം ഞാൻ അവരെ തന്നെ നോക്കി നിന്നുപോയി….
ജീവിതത്തിൽ അന്നാദ്യമായി ഞാനൊരു ഉത്തമ പുരുഷനെ കണ്ടു.

വെളുപ്പിനോടടുത്ത കറുപ്പോടുകൂടിയ ഇരു നിറമുള്ള ഒരാൾ,ചെറുതാക്കി വെട്ടിയൊതുക്കിയ മുടി,മുഖത്തിന്റെ അഴക് മുഴുവൻ അവരുടെ അധികം തിങ്ങിയതല്ലാത്ത ആ വട്ടത്താടിയിലായിരുന്നു.

എന്തോ അയാളുടെ മുഖത്തിനൊരു പ്രതേക തെളിച്ചം ഉണ്ടായിരുന്നു.
എവിടെയെക്കൊയോ പാറിനടന്നിരുന്ന എന്റെ മനസ്സിനെ അവർ തന്റെ സംസാരത്തിലേക്ക് ആകൃഷ്ടനാക്കി.

തന്റെ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ട് അവർ പറഞ്ഞു തുടങ്ങി.
ഞാനൊരു പ്രവാസിയാണ്.ആറുമാസത്തെ ലീവിന് നാട്ടിൽ വന്നതാണ്.വന്നിട്ടിപ്പോൾ ഒരു മാസം കഴിഞ്ഞു.അഞ്ചാറു പെണ്ണുങ്ങളെ പോയി ഞാൻ കണ്ടിരുന്നു.അവരിലൊന്നും ഞാൻ ഉദ്ദേശിച്ച എന്റെ മനസ്സിലെ ലക്ഷണങ്ങളൊത്ത ഒരാളെയും കണ്ടെത്താനായില്ല.

ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് നിൽക്കുകയാണ്.വീട്ടിൽ ഉപ്പ,ഉമ്മ,ഒരു അനിയൻ,ഒരു പെങ്ങൾ എന്നിവരാണുള്ളത്.പെങ്ങളുടെ കല്യാണം കഴിഞ്ഞു.അനിയൻ പഠിക്കുന്നു.
ഉമ്മാക്ക് പ്രായമായി വരികയാണ്.അത് കൊണ്ട് ഉമ്മാക്ക് ഒരു മരുമോളും എനിക്കൊരു കൂട്ടുമായാണ് ഞാൻ നിങ്ങളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഉദ്ദേശിക്കുന്നത്.

സ്വന്തമായി ഇപ്പോ ഒരു വീടെടുത്തു മാറിത്താമസിക്കാനുള്ള കഴിവില്ലായ്മയും പറ്റിയ സാഹചര്യവും അല്ലാത്തത് കൊണ്ടും കല്യാണം കഴിഞ്ഞാലും കൂട്ടു കുടുമ്പമായി ജീവിക്കാൻ താല്പര്യവും,ഹലാലായ രീതിയിൽ(നല്ലരീതിയിൽ) ഞാൻ അധ്വാനിച്ചുണ്ടാക്കിയ രണ്ടരപ്പവൻ സ്വർണ്ണം മഹറായി സ്വീകരിക്കാൻ നിങ്ങൾക്ക് സമ്മതമാണെങ്കിൽ നിങ്ങളെ ഭാര്യയായി സ്വീകരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.

ഒന്നും പറയാതെ അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന എന്നെ കണ്ടപ്പോൾ ആദ്യം അവരൊന്ന് ചിരിച്ചു.പിന്നെ പറഞ്ഞു
മറുപടി ഇപ്പോൾ പറയാൻ ബുദ്ധിമുട്ടാണെങ്കിൽ വൈകുന്നേരം വിളിച്ചറിയിച്ചാൽ മതി.എന്ന് പറഞ്ഞു കൊണ്ട് ചുമരിൽ തൂക്കിയിട്ടിരുന്ന കലണ്ടറിൽ മൊബൈൽ നമ്പർ കുറിച്ചു വെച്ചു കൊണ്ട് അദ്ദേഹം റൂമിൽ നിന്നും ഇറങ്ങിപ്പോയി.

കുറച്ചു സമയങ്ങൾക്കുള്ളിൽ എന്താണ് ഇവിടെ സംഭവിച്ചെന്നുള്ളത് അവിടെ ഉണ്ടായിരുന്ന കട്ടിലിൽ ഇരുന്ന് കൊണ്ട് ഞാൻ ആലോചിച്ചു നോക്കി.
അതേ എന്റെ മനസ്സിലുള്ളതു പോലുള്ള ഒരു മാരൻ തന്നിൽ വന്നണയാൻ പോകുന്നു.ഇതുവരെ മാറ്റി ഒരുങ്ങിയതിനൊരു അവസാനം വന്നെത്തിയിരിക്കുന്നു.അങ്ങനെ ആദ്യമായി ഒരാൾക്ക് തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു.

വർഷങ്ങൾക്കിപ്പുറം ഉടുത്തൊരുങ്ങി നിന്ന നിൽപ്പിൽ തന്റെ ചുണ്ടിൽ ആദ്യമായി പുഞ്ചിരി വിരിഞ്ഞിരിക്കുന്നു.
പെട്ടെന്ന് തന്നെ മുഖത്തു നിന്നും ആ പുഞ്ചിരി മാഞ്ഞുപോയി.ഇല്ല ചിരിക്കാനായിട്ടില്ല ഇനിയൊരു കടമ്പ കൂടിയുണ്ട്.

താനെന്ന ഈ വീട്ടിലെ കോണിൽ അലിഞ്ഞു ജീർണിച്ച വസ്തുവിനെ പുറം തള്ളാൻ എത്ര വേണമെന്നുള്ള വില പേശൽ കഴിഞ്ഞിട്ടില്ലെന്ന് അവൾ ഓർത്തു.
ഒരുപാട് ആളുകൾ തന്നെ കാണാൻ വന്നിരിക്കുന്നു.ആദ്യമായി മനസ്സിൽ തട്ടി ഒരാളെ മോഹിക്കുന്നത് ഇന്നാണ്.ആ മോഹത്തിന് ഇതാ ഉമ്മറത്തു തിരശ്ശീല വീഴുന്നു.

കലങ്ങിയ കണ്ണുകളുമായി ഞാൻ മുറിയിൽ നിന്നും ഹാളിലേക്ക് കടന്നു.
ഉമ്മറത്തെ ചർച്ചകൾ അവസാന ഭാഗവും കഴിഞ്ഞു അഭിപ്രായം വൈകിയിട്ടറിയിക്കണമെന്ന് പറഞ്ഞു കൊണ്ട് വന്നവർ എണീറ്റു.
അപ്പോഴാണ് ഉപ്പ അവരോടായി അങ്ങോട്ട് ചോദിക്കുന്നത് കേട്ടത്.
അല്ല സ്ത്രീധനത്തിന്റെ കാര്യം ഒന്നും പറഞ്ഞില്ല……

ഞാനും ഒന്ന് ഞെട്ടി,പെണ്ണ് കാണാൻ വന്നിട്ട് കച്ചവടം ഉറപ്പിക്കാതെ പോകുന്നോ…….. !
ഇനി ചോദിക്കാൻ മറന്നതാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് കൂട്ടത്തിലെ പ്രായം ചെന്ന കാരണവർ പറഞ്ഞത്.

ആ വീട്ടിൽ ചെറുക്കന്റെ വാക്കിനൊരു വിലയുണ്ട്.അവന് ഇതിലൊന്നും ഒരു താല്പര്യമില്ലാത്ത ആളാണ്.അത്കൊണ്ട് ആ സംസാരം വേണ്ടെന്ന് ആദ്യം തന്നെ ഞങ്ങളോട് കട്ടായം പറഞ്ഞിരുന്നു.
ചെക്കന് കുട്ടിയെഇഷ്ടപ്പെട്ടിരുന്നു, നിങ്ങളുടെ മകൾക്ക് കൂടി ഇവനെ ഇഷ്ടപ്പെട്ടോന്ന് ചോദിച്ചിട്ടു നിങ്ങൾ വിവരമറിയിക്കുക.എന്ന് പറഞ്ഞു അവർ സലാം പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നിറങ്ങിയതും ഞാൻ വീടിന്റെ പിറകുവശത്തുള്ള കിണറിന്റെ കരയിലുള്ള പൈപ്പിന്റെ ചോട്ടിലേക്ക് ഓടിയതും ഒരുമിച്ചായിരുന്നു.

സന്തോഷത്തിന്റെ കണ്ണു നീരാൽ നിസ്കാരപ്പായയിലിരുന്ന് എന്റെ നാഥന്റെ മുമ്പിൽ ഞാൻ എന്റെ നെറ്റിത്തടം തറയിൽ മുട്ടിച്ചു കൊണ്ട് നന്ദി പറയുമ്പോൾ എന്റെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ആനന്ദമായിരുന്നു.
പൊന്നും പണവും അവർ ചോതിച്ചിട്ടില്ലെങ്കിലും മറ്റുള്ളവരുടെ മുമ്പിൽ മോശമാക്കാത്ത രീതിയിൽ ഓടിനടന്നുകൊണ്ട് എന്റെ ഉപ്പ കുറച്ചു സ്വർണം എന്റെ ശെരീരത്തിൽ അണിയിക്കാൻ ഒപ്പിച്ചു വെച്ചിട്ടുണ്ട്.

നാളെയാണ് കല്യാണം.എന്റെ ദാമ്പത്യ ജീവിതം സന്തോഷകരമാകാൻ
മനസ്സിൽ ഇനി ഒരു ആഗ്രഹം കൂടിയുണ്ട്.
മഹറായി എന്തുവേണമെന്ന് ഇങ്ങോട്ട് ചോദിച്ച സ്ഥിതിക്ക് തനിക്കത് ചോദിച്ചു വാങ്ങാൻ അധികാരമുണ്ട്. പക്ഷേ……

പെണ്ണ് കണ്ടുപോയി ഇന്നുവരെ അവരുടെ ഉമ്മയും പെങ്ങളുമല്ലാതെ തന്റെ വിവരങ്ങളും വിശേഷങ്ങളും അറിയാൻ അദ്ദേഹം ഇന്നുവരെ തന്നെ ഒന്ന് ഫോൺ വിളിച്ചിട്ടില്ല.
ഇനി അങ്ങോട്ട് വിളിക്കുക തന്നെ.അവർക്ക് എന്നെ മനസ്സിലാക്കാൻ കഴിയും.
നിക്കപ്പൊറുതിയില്ലാതെ മുറിയിൽ എന്ത് ചെയ്യണമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എനിക്കത് ഓർമ്മ വന്നത്.

വീട്ടുകാരറിയാതെ ചുമരിലെ കലണ്ടറിൽനിന്നും ഷാനുക്കയുടെ നമ്പർ ഉമ്മയുടെ ഫോണിൽ ഡയൽ ചെയ്തു കൊണ്ട് ഞാൻ മുറിയിൽ കേറി കതകടച്ചു.
ആദ്യമായാണ് ഞാൻ അദ്ദേഹത്തിന് വിളിക്കുന്നത്.എങ്ങനെ തുടങ്ങണ മെന്നൊരെത്തും പിടിയില്ലായിരുന്നു.
മറുതലക്കൽ ഫോണെടുത്ത് ഹലോ എന്ന് കേട്ടപ്പോൾ തന്നെ എന്റെ ശ്വാസം നിലച്ചു.
ഫോൺ കട്ടാക്കി ബെഡിലേക്കിട്ടു.

പെട്ടെന്ന് തന്നെ ഫോൺ ശബ്‌ദിക്കാൻ തുടങ്ങി.
ഷമിക്ക തിരിച്ചടിച്ചതാണ്,
ആദ്യമൊന്ന് പരുങ്ങിയെങ്കിലും ഞാൻ ധൈര്യം സമ്പരിച്ചു കൊണ്ട് ഫോൺ എടുത്തു.
അതേ…….. എനിക്ക് രണ്ടരപ്പവൻ സ്വർണ്ണം മാത്രം മഹറായ് തന്നാൽ പോരാ……….
മറുതലക്കൽ……

പിന്നെ എന്തുകൂടിയാണ് മഹറായ് വേണ്ടത്. അ…. അത്…. അത്….
മഹറായി എനിക്കൊരു……… ഒരു…
ഒരു ഖുർആനും കൂടി മഹറായി തരണം.
നാളെ മുതൽ അഞ്ചുനേരവും എനിക്കതിലെ ഓരോ പേജു വീധം ഓതി(വായിച്ചു)നാഥന്റെ മുമ്പിൽ കൈകളുയർത്തി എന്റെ മാരനുവേണ്ടി എനിക്കിനി പ്രാർത്ഥിക്കണം.
ഹ ഹ ഹ ഹാ…..

അൽഹംദു ലില്ലാഹ്….. (ദൈവത്തിന് സ്തുതി)എന്നിട്ട് ഈ നട്ടപ്പാതിരക്കാണോ വിളിച്ചു പറയുന്നത്.
അതേ…..

അത് ഇവിടെ എന്റെ വീട്ടിൽ വന്നിട്ട് തന്നാൽ പോരേ….
അതോ അങ്ങോട്ട് കൊണ്ടു വന്നു തരണോ…..
പകുതി തമാശയിലും പകുതി കാര്യത്തിലുമുള്ള ഇക്കയുടെ ആ ചോദ്യം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
അപ്പൊ ചിരിച്ചുകൊണ്ട് തന്നെ ഞാനും ഇക്കയോട് മറുപടി പറഞ്ഞു.
പറ്റില്ല…. !

എന്റെ കഴുത്തിൽ മഹറണിയിക്കുന്നതിന്റെ മുന്നേ നിങ്ങൾ അത് എന്റെ കയ്യിൽ തന്നിരിക്കണം.
എന്റെ ദാമ്പത്യ ജീവിതത്തിൽ കഴുത്തിലണിയുന്ന സ്വർണത്തേക്കാൾ ഞാൻ വിലമതിപ്പിക്കുന്നത് അതിനാണ്.

അംഗ ശുദ്ധിയോടെ അതും വലതു കയ്യിൽ പിടിച്ചു കൊണ്ടായിരിക്കണം എനിക്ക് നിങ്ങളുടെ വീട്ടിലേക്കു വലതു കാൽ വെച്ചു കയറിവരാൻ.
സമ്മതിച്ചിരിക്കുന്നു…… !
പടച്ചോൻ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു,എനിക്ക് യോജിച്ചവളെ തന്നെ നീയെനിക്കു ഇണയായി തന്നതിൽ നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു നാഥാ…….. !
എന്നുള്ള ഇക്കയുടെ ആ പ്രാർത്ഥന എന്റെ മനസ്സിലും ശെരീരത്തിലും ഒരുപാട് കുളിരണിയിച്ചു പോയി. അതേ……

പിന്നെ….. ഇവിടെ കൂട്ടുകാരെല്ലാവരും മണിയറയുടെ മിനുക്ക് പണിയിലാണ്,അവമ്മാരെല്ലാം അർത്ഥം വെച്ചു മൂളാൻ തുടങ്ങി.
ഞാൻ വെക്കുവാണെന്ന് പറഞ്ഞു കൊണ്ട് ഇക്ക ഫോൺ വെക്കുമ്പോൾ നാണം കൊണ്ടെന്റെ തല താണുപോയിരുന്നു.

തിരിച്ചൊരു മൂളൽ സമ്മാനിച്ചു കൊണ്ട് ഞാൻ ഫോൺ വെച്ചു.
അലമാരയിലുള്ള കണ്ണാടിയിൽ നോക്കി എന്നിൽ വന്ന ഓരോ മാറ്റങ്ങളും ഞാൻ ആസ്വദിക്കുമ്പോഴാണ് അനിയത്തി മകനെയും കൊണ്ട് കിടക്കാൻ വന്നത്.
മണവാട്ടി സൗന്ദര്യം ആസ്വദിച്ചു നിൽകുവാണോ കിടക്കാൻ നോക്കുന്നില്ലേ…..
അല്ലേലും മണവാട്ടിമാരിങ്ങനെയാണോ……

കല്യാണത്തിന്റെ തലേ ദിവസം ഉണ്ടാവുക.
തലയിൽ ഒരു വട്ട മൊക്കനയും ചുറ്റി മണവാട്ടിയാണെന്നും പറഞ്ഞോണ്ട് നടക്കുവാ…..
എന്നും പറഞ്ഞോണ്ട് എന്നെ കളിയാക്കി മോനെ ബെഡിൽ കിടത്തി അവളും കിടന്നു.
ഓ എന്റെ പകരം ആ മുടിയും കൂടി കാണിച്ചു നീ നടക്കുന്നില്ലേ…..
അതുമതിയെന്ന് പറഞ്ഞു കൊണ്ട് അവളെയും കെട്ടിപ്പിടിച്ചു കൊണ്ട് ഞാനും കിടന്നു.
വയറുനിറയുന്ന മറുപടി കിട്ടിയപ്പോൾ അവളുടെ കളിയാക്കലും നിന്നു.

എന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അവളെനിക്ക് വേണ്ട ഉപദേശങ്ങൾ തന്നു തുടങ്ങി.
നാളെ മറ്റുള്ളവർ എന്റെ രക്ഷിതാക്കളെ തള്ളിപ്പറയാതിരിക്കാൻ ഒരു ഉത്തമ വിദ്യാർത്ഥി കണക്കെ ഞാൻ അവളുടെ ഓരോ വാക്കുകളും ശ്രവിച്ചു കൊണ്ടിരുന്നു.

മനസ്സിൽ വെള്ളയും വെള്ളയും വസ്ത്രം ധരിച്ചുകൊണ്ട് ഒരു കയ്യിൽ വിശുദ്ധ ഖുർആനും മറുകയ്യിൽ മഹറുമായി വരുന്ന ഷമി ഇക്കയെ മനസ്സിൽ കണ്ടുകൊണ്ട് വരാൻ പോകുന്ന പുലരിയെ പ്രധീക്ഷിച്ചു കൊണ്ട് ഞാൻ നിദ്രയെ പുൽകുവാണ്.

നാളത്തെ സൂര്യോദയം മുതൽ എന്റെ മനസ്സിലെ ആഗ്രഹങ്ങൾ ഓരോന്നും പൂവണിയാനും എന്റെ രക്ഷിതാക്കളുടെ സങ്കടം നിറഞ്ഞ മുഖത്ത് നിറ പുഞ്ചിരി വിരിയിക്കാനും നാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.
മഅ:സ്സലാമ.
സ:സ്നേഹം ഇസ്മായിൽ_കൊടിഞ്ഞി

Share this on...