കല്യാണം കഴിഞ്ഞ മകളുടെ വീട്ടിലേക്ക് വന്ന അച്ഛൻ മകൾക്ക് വേണ്ടി ചെയ്തതാണ് മരണ മാസ്സ്.!

in Story 916 views

നിനക്ക് തോന്നിയപോലെ നടക്കണേൽ,അത് നിന്റെ വീട്ടിൽ പോയിട്ടാവാം..എന്റെ മകന്റെ ഭാര്യയായ് നിന്നു കൊണ്ട് ഈ ഇരുട്ടത്തുള്ള കേറി വരവൊന്നും ഈ വീട്ടിൽ നടക്കില്ല…”

ആ വാക്കുകൾ കേട്ടപ്പോൾ പുച്ഛം തോന്നി ..വല്ലാത്തൊരു സങ്കടവും…
”ഞാൻ പോയി കിട്ടണതു കൊണ്ടാ ഈ വീടിന്റെ അടുപ്പു പുകയുന്നത്…”
ഈ തള്ളേടെ മകൻ രാവിലെ ഇറങ്ങും കൂട്ടുകാരോടൊത്ത് കള്ളു കുടിക്കാൻ..രാത്രിയാവുമ്പോൾ കേറി വരും നാലുകാലിൽ ആടിയാടി….

വരുമ്പോൾ തള്ള ഓതിക്കൊടുക്കുന്നതും കേട്ട് ചൊറിയാൻ വരും എന്റടുത്ത്…
പിന്നെ നിലത്തെ പായയിൽ വീണുറക്കമാവും…പിച്ചും പേയും പറയണത് കേൾക്കാം ഇത്തിരി നേരം…
അതാ കുറേ നാളായുള്ള ഇവിടത്തെ പതിവ്..
മതി….

എന്നോ എപ്പോഴേ മടുത്തതാ..പക്ഷേ ..നീനമോളെ ഓർക്കുമ്പോൾ ….
പിന്നാമ്പുറത്തേക്ക് പോയി നല്ലപോലെ സോപ്പുപയോഗിച്ച് കൈ കഴുകി ,മാസ്ക്കഴിച്ചു അതും നല്ലപോലെ കഴുകി അയയിൽ കുടുക്കി വച്ചു. മാറാനുള്ള ഡ്രസ്സുമെടുത്ത് കുളിമുറിയിൽ കയറി…

വസ്ത്രങ്ങളഴിച്ചു മാറ്റി സോപ്പു പൊടിയിൽ കുതിർത്തിട്ടു.വൈകിട്ട് പെയ്ത വേനൽ മഴയുടേതാവാം ഷവറിലെ വെള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു.ഉള്ളം ചൂടു പിടിച്ചതു കൊണ്ടാവാം അതറിയാതെ പോയത്. കുളി കഴിഞ്ഞ്
അകത്തേക്ക് കയറി ചെല്ലുമ്പോൾ നീനമോൾ കാത്തിരിക്കയായിരുന്നു..
അവളെന്നെ പറ്റി നിന്നു..

ആ നെറുകയിൽ ഒരു ചുംബനം നൽകി ആ മുടിയിൽ തലോടി..
”അമ്മ ഇപ്പോൾ വരാം ട്ടോ..”
നേരെ അടുക്കളയിലേക്ക്..
ഭക്ഷണം കഴിച്ച പാത്രങ്ങളെല്ലാം തട്ടിൻമേൽ കൂട്ടിയിട്ടിരിക്കുന്നു..രാവിലെ പ്രാതൽ കഴിച്ച പാത്രങ്ങളുമുണ്ടതിൽ.
നീനമോൾ മാത്രം കഴിച്ച പ്ലേറ്റും കപ്പും കഴുകി വച്ചിട്ടുണ്ട്..

അച്ഛനും അമ്മയും വിനുവേട്ടനും ഉച്ചയ്ക്ക് കഴിച്ചതും,വൈകിട്ടത്തെ ചായ കുടിച്ച ഗ്ലാസ്സും എല്ലാമുണ്ടതിൽ…
നിറഞ്ഞു വന്ന സങ്കടങ്ങളെല്ലാം ഉള്ളിലമർത്തിയൊതുക്കി…
എല്ലാം കഴുകി അടുക്കി പെറുക്കി വച്ചു..
വല്ലാത്ത ക്ഷീണം…

ഉച്ചയ്ക്ക് ഇത്തിരി ചോറു കഴിച്ചതാ..അതൊക്കെ എപ്പോഴേ ദഹിച്ചടങ്ങിയിട്ടുണ്ടാവും..
തിളച്ചാറിയ വെള്ളം കോരിക്കുടിച്ചു വയറു നിറയേ…
നീനമോൾക്ക് ഒരു ഓംലറ്റുണ്ടാക്കി ഇത്തിരി ചോറുമെടുത്ത് കഴിക്കാൻ കൊടുത്തു.
അമ്മ ഇടയ്ക്കിടെ അടുക്കളയിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.

കഴിക്കാനുള്ളത് വിളമ്പുന്നുണ്ടോന്നുള്ള നോട്ടമാ..
രാവിലെ വച്ച ചോറും കറിയുമെല്ലാമെടുത്ത് അതേപോലെ പാത്രത്തിലാക്കി തീന്മേശയിൽ കൊണ്ടു ചെന്നു വച്ചു..
ആ ചോറൊന്നെടുത്ത് തിളപ്പിച്ചു വാർക്കാനുള്ള സമയം കാട്ടാത്തതിനാൽ,തണുത്തതു തന്നെ കഴിക്കട്ടെ..
അമ്മയ്ക്ക് വയ്യായ്കയൊന്നുമില്ല…പക്ഷേ ഒരൂട്ടം പണി ചെയ്യുകയില്ല..വൈകിട്ട് ഒന്നു മുറ്റമടിച്ചു വാരാനുള്ള മനസ്സു പോലും കാട്ടത്തില്ല..ഒമ്പതു വയസ്സുകാരി നീനമോളാ അതൊക്കെ ചെയ്യണത്..സന്ധ്യാദീപം കൊളുത്തണതും…

അന്നും രാത്രി പതിവു പോലേ മൂക്കറ്റം കുടിച്ചാ വന്നു കേറിയതും…
കഴിക്കാനോ കുളിക്കാനോ നിൽക്കാതെ മുറിയിൽ പായ എടുത്തിട്ടു കിടക്കണതു കണ്ടു…..കുറച്ചു കഴിഞ്ഞപ്പോൾ കൂർക്കം വലി കേട്ടു..ഞാൻ വിളിക്കാനോ ,ഊട്ടാനോ ഒന്നും പോയില്ല…എന്തിന്…?
നാടു മുഴുവൻ കൊറോണയാ..എവിടേയൊക്കേയാ തെണ്ടിത്തിരിഞ്ഞിട്ടുണ്ടാവുക…?

വയസ്സായ അച്ഛനേം അമ്മയേയും ഓർക്കേണ്ടേ..?
സ്വന്തം മകളെ ഓർക്കാത്തതു പോട്ടെ..
ആ മുറിയിൽ പോയി കിടക്കുവാൻ മനസ്സനുവദിച്ചില്ല…
മോളേയും കൊണ്ട് നടുവകത്തത് പായ വിരിച്ചു കിടന്നു..ഇന്നു ശനിയാഴ്ച ആയതു കൊണ്ടാവാം കടയിൽ നല്ല തിരക്കായിരുന്നു…ഒരിടത്ത് ഒരഞ്ചു മിനുറ്റ് ഇരിക്കുവാനുള്ള നേരം കിട്ടിയിട്ടില്ലായിരുന്നു..

ക്ഷീണം കാരണം വേഗം ഉറങ്ങി.മോളേം ചേർത്തു പിടിച്ച്…
ആ ഉറക്കം രാവിലെ 5-30 വരേയേ നീണ്ടുള്ളൂ……
അപ്പോഴുണർന്നാലേ പണികളൊക്കെ ഒതുക്കി ഒമ്പതു മണിക്ക് കടയിലെത്താനാവൂ…പത്തു മിനിറ്റ് നടക്കുവാനുണ്ട് കടയിലേക്ക്…
ഇന്ന് ഞായറാഴ്ചയല്ലേ എന്നോർത്ത് ഇത്തിരി നേരം കൂടി നീനമോളുടെ ചൂടുപറ്റി കിടന്നു..
ഒന്നുമറിയാതെ അമ്മയേ ഇടതു കൈകൊണ്ട് ചേർത്തു പിടിച്ചു അവളും നല്ല ഉറക്കത്തിലാ…

ആറരയ്ക്കുണർന്നു…
കുളി കഴിഞ്ഞേ അടുക്കളയിൽ കേറാറുള്ളൂ…
പാൽ കാപ്പിയാ രാവിലെ എല്ലാവർക്കും ഇഷ്ടം..അതൊരുക്കി…
പുട്ടും കടലക്കറിയും ഉണ്ടാക്കി അടച്ചു വച്ചു..നീനമോൾക്കിഷ്ടമാ അതും…
വിനുവേട്ടൻ ഉണർന്നു ഉമ്മറത്തേക്ക് ആടിയാടി പോവണതു കണ്ടു..
അതൊക്കെ അവഗണിച്ചു സ്വന്തം ജോലിയിൽ മുഴുകി..

ഒരാഴ്ചത്തെ കിടക്ക വിരികളും ഡ്രസ്സുകളും കഴുകാൻ കൂട്ടി വെച്ചിട്ടുണ്ട്…ആറോ,ആറരയ്ക്കോ വീട്ടിലെത്തിയാൽ ആത്യാവശ്യമുള്ള വസ്ത്രങ്ങൾ മാത്രം കഴുകിയെടുക്കും..
ബാക്കി മുഴുവൻ ഞായറാഴ്ചത്തേക്കാ…
ഒന്നും,വയ്യ…ആരുമില്ല ഒരു സഹായത്തിനായ്…

തുണി കഴുകി കൊണ്ടിരിക്കുമ്പോഴാ നീനമോൾ…
”അമ്മേ ദാ…അച്ഛാച്ചൻ വന്നിട്ടുണ്ടെന്നറിയിച്ചത്..”
കൈയും കഴുകി വേഗം അടുക്കളയിലൂടെ ഉമ്മറത്തെത്തി…
മുറ്റത്തായിരുന്നു അച്ഛൻ..

അച്ഛൻ ഇത്തിരി കൂടെ ക്ഷീണിച്ചിട്ടുണ്ടെന്നു തോന്നി..
”അച്ഛൻ എങ്ങനേയാ വന്നേ ബസ്സിലാണോ..?
”ഹേയ് ഞാൻ നടന്നു…അത്രയല്ലേ ഉള്ളൂ…
ഇപ്പോൾ ഞാൻ ബസ്സിലൊന്നും കേറാറില്ല മോളേ….”

അച്ഛൻ പൈപ്പിനടുത്തു പോയി നല്ലപോലെ കൈകഴുകി മുഖത്തെ മാസ്ക്കഴിച്ചു ഉമ്മറത്ത് കേറി.
നീനമോൾ അച്ഛനെ ചുറ്റിപ്പിടിച്ചു.
അച്ഛൻ കൊണ്ടു വന്ന പായ്ക്കു വാങ്ങി അടുക്കളയിൽ കൊണ്ടു പോയി..
മുന്തിരിങ്ങയായിരുന്നു കവറിൽ.. അതെടുത്തു ഉപ്പും മഞ്ഞൾ പൊടിയും കലക്കിയ വെള്ളത്തിൽ മുക്കി വച്ചു.
ചായയ്ക്ക് സ്ററൗവിന്മേൽ വെള്ളവും വച്ചു മുറിയിലേക്ക് പോയി…

അപ്പൂപ്പനും മകളും കട്ടിലിലിരുന്നു കുശലം പറയുന്നുണ്ടായിരുന്നു..
പാവം അച്ഛൻ…എത്ര വയ്യായ്ക ഉണ്ടെങ്കിലും ആഴ്ചയിൽ ഒരുവട്ടമെങ്കിലും കേറി വരും മകളേം കുഞ്ഞിനേം കാണാൻ.
”അച്ഛാ വീട്ടീന്ന് ഇത്രേം ദൂരം നടന്നോ..ഒരു ഓട്ടോ പിടിച്ചു വരായിരുന്നില്ലേ…?
”ഏയ്…അതൊന്നും സാരോല്ല്യാ ..”
ഞാനും പോയി അച്ഛനരികിലിരുന്നു..

”നീയെന്താ ഒന്നും കഴിക്കാറില്ലേ…?
അച്ഛനതു പറഞ്ഞപ്പോഴാ ഞാനെന്നിലേക്കു നോക്കിയത്..
അതൊന്നും ഇവിടുന്ന് കേൾക്കാൻ കിട്ടാത്ത ചോദ്യമാ…
ആർക്കാ എന്നേക്കുറിച്ചോർക്കാൻ നേരം….?

ഞാനെന്തു കഴിച്ചാലെന്ത് കഴിച്ചില്ലേലെന്ത്….?
അതൊക്കെ നോക്കാനിവിടാരുണ്ട്..?
”രാവിലെ പുട്ടു കഴിച്ചല്ലോ ഞാനും..”
അച്ഛന്റെ വിരലുകൾ എന്റെ മുടിയിൽ തലോടി ..

”വിനുവിനിപ്പോഴും ഒരു മാറ്റവുമില്ലാ അല്ലേ…മോളേ…?
അതു നിന്നേ കണ്ടാലറിയാല്ലോ..”
”അങ്ങനൊന്നുമില്ലച്ഛാ..
ഇപ്പോൾ പണിക്കൊക്കെ പോവാറുണ്ട്..”
അച്ഛനിൽ നിന്നൂം ഒരു നിശ്വാസമുതിർന്നു.

”അച്ഛനറിയാം…എല്ലാം …
നിനക്ക് ഒരു സമാധാനവും അവൻ തരണില്ലാന്ന്…”
ഒന്നും പറയാതെ തന്നെ എന്നെ കാണുമ്പോൾ അച്ഛനു മനസ്സിലാവും എനിക്കെന്തു മാത്രം സന്തോഷമുണ്ടെന്ന്…
വെറുതേ അച്ഛന്റെ മടിയിൽ തലവെച്ചു ഒരു കുഞ്ഞിനേ പോലെ കിടക്കുവാൻ കൊതിച്ചു …
ആ മടിയിൽ കിട്ടുന്ന സുരക്ഷിതത്വമൊന്നും
എവിടേയും കിട്ടില്ല ഒരു മക്കൾക്കും..

അച്ഛനെന്നത് ഒരു സംരക്ഷണമാണ്,സുരക്ഷിതമാണ്..
കല്യാണമൊന്നും വേണ്ടായിരുന്നു..
വീട്ടിലുള്ളതും കഴിച്ചേച്ച് ആയുഷ്ക്കാലം മുഴുവൻ സമാധാനത്തോടെ സ്വന്തം വീട്ടിൽ കഴിയണമെന്ന് മോഹിക്കുവാനുള്ള അവകാശം ഭൂമിയിൽ പെണ്ണിനുമാത്രമില്ലാല്ലോ…?
കരച്ചിൽ വന്നു..

കിടക്കയിൽ കിടന്നു അച്ഛന്റെ മടിയിൽ തലവെച്ച്…ആ തലോടലിനോളം കരുതൽ എവിടേയാ ….
”നല്ലപോലെ ശ്രദ്ധിക്കാറുണ്ടോ നീ കടയിൽ പോവുമ്പോഴൊക്കെ …?
”ഉവ്വച്ഛാ…കടയിൽ നിന്നും വന്നാൽ
വീട്ടിനുള്ളിലേക്ക് കുളിക്കാതേ കയറാറില്ല ഞാൻ..”
”വിനുവേട്ടന് അങ്ങനേയുള്ള ചിന്തകളൊന്നുമില്ല…’

എവിടേലും തെണ്ടിക്കറങ്ങി വരും ,കാലോ കയ്യോ കഴുകാതെ വീട്ടിനുള്ളിലേക്ക് കേറി കിടക്കും…”
”അച്ഛാ…”
ഏതോ ഓർമ്മയാൽ ഞാൻ വിളിച്ചു ..
”എന്താ മോളെ..”
”ഞാനും മോളും വരട്ടെ അച്ഛനോടൊപ്പം വീട്ടിലേക്ക് …?
ഞാൻ കണ്ണടച്ചു കിടക്കുകയായിരുന്നു..

അച്ഛനിൽ നിന്നും പ്രതികരണമൊന്നുമില്ലാത്തതിനാൽ ഞാൻ കണ്ണുതുറന്നു അച്ഛന്റെ മുഖത്തേക്ക് നോക്കി…
അച്ഛൻ കണ്ണു തുടയ്ക്കുകയായിരുന്നു ഇടതു കൈ കൊണ്ട്…
”ങ്ങും….പോയ് എല്ലാമെടുത്തു വച്ചോളൂ…
ദൃഢമായിരുന്നു ആ ശബ്ദം..
പ്രതീക്ഷയോടെ ഞാനെഴുന്നേറ്റ് അച്ഛനെ വീണ്ടും നോക്കി.വിശ്വാസം വരാതെ…

”പോവാം നമുക്ക് വീട്ടിലേക്ക്.ഉള്ളതും കഴിച്ച് അവിടെ കഴിയാം മനഃസ്സമാധാനത്തോടെ…”
എന്തെന്നില്ലാത്ത സന്തോഷവും ഉന്മേഷവും തോന്നി…
പിന്നൊന്നും ഓർക്കാതെ വേഗം പോയി എന്റേയും മോളുടേം വസ്ത്രങ്ങൾ രണ്ടു ബാഗുകളിലാക്കി.
പുറത്ത് അച്ഛന്റെ ശബ്ദം കേട്ടു..തെല്ലുച്ഛത്തിൽ…

”താലി കെട്ടി കൊണ്ടുവന്നവനേം കുടുംബത്തേയും പണിക്കു പോയി പോറ്റേണ്ട ആവശ്യമൊന്നും അവൾക്കില്ല..അവന്റേം നിങ്ങളുടേം അടിമയായ് ഇവിടെ കിടക്കേണ്ട ആവശ്യവുമവൾക്കില്ല…”
”അവളെ വേണ്ടാത്തവനോടൊപ്പം അവളെന്തിനു കഴിയണം…കുറച്ചു ദിവസം ഞാനവളെ എന്റെ വീട്ടിലേക്ക് കൂട്ടുവാ…”
അവരുടെ മറുപടിയൊന്നും അച്ഛന്റെ കഠിനമായ ചോദ്യങ്ങൾക്കു മുന്നിൽ വിലപ്പോയില്ല…

ജീവപര്യന്തം തടവു കഴിഞ്ഞ ജയിൽ പുള്ളിയേ പോലെ മോളേയും കൂട്ടി ഞാനാ പടിയിറങ്ങി അച്ഛന് പിറകേ നടന്നു…
പിന്തിരിഞ്ഞു നോക്കാതെ….
ഒരു ഓട്ടോയിൽ വീട്ടു മുറ്റത്തെത്തുമ്പോൾ
ഉമ്മറത്ത് അമ്മ കാത്തു നിൽപ്പുണ്ടായിരുന്നു പതിവില്ലാതെ..
”അമ്മമ്മേ” എന്ന വിളിയോടെ നീനു മോൾ വേഗം ഓടി ആ അരികിലേക്ക് ..

പൈപ്പിനടുത്തു പോയി സോപ്പുപയോഗിച്ച് നല്ല പോലെ കൈകഴുകണതു കണ്ടു..
ആ കരുതൽ കണ്ടപ്പോൾ കണ്ണു നനഞ്ഞു..കുഞ്ഞുമക്കളോളം പ്രായോഗിക ബുദ്ധി വലിയവർ കാട്ടണില്ലാല്ലോ…
എന്നെ കണ്ടപ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു…
”ഇന്നു പതിവില്ലാതെ തൊടിയിലിരുന്ന് കാക്ക വിരുന്നു വിളിച്ചു ..ആരാണാവോ ഇവിടേക്ക് വരുവാനെന്നോർത്ത് ഞാനവിടെ കുത്തിയിരുന്നതാ…”

”ഒരിക്കൽ പോലും ഇങ്ങോട്ടു വരുവാൻ സമയമില്ലാത്ത നീയെന്താ ബാഗൊക്കേയായിട്ട്…?
”ഇനി കുറച്ചു നാൾ ഞാനിവിടേയുണ്ട് എന്റച്ഛനുമമ്മയ്ക്കുമൊപ്പം..
നിങ്ങളുടെ പരിഭവം തീരട്ടെ..”
ബേഗുമെടുത്ത് അകത്തേക്ക് കയറുമ്പോൾ ..പിറകീന്ന്
അച്ഛന്റെ വാക്കുകൾ കേട്ടു..
”നീ അവളുടെ മനസ്സു നോവിക്കണതൊന്നും ചോദിക്കേണ്ടാ..

നമ്മുടെ കണ്ണടയുന്നതുവരെ ഇനി ഇവിടെ നിൽക്കട്ടെയവൾ….
രാത്രി ഫോണിലൊരു കോൾ വന്നു.
”നീയെന്താ ഒന്നും പറയാതെ ഇറങ്ങി പോയത്…നിനക്ക് എന്നോടൊരു വാക്കു ചോദിക്കായിരുന്നില്ലേ…
ആ…പോയവരങ്ങ് പോവുക .ഇനി ഇങ്ങോട്ട് വലിഞ്ഞു കേറി വരേണ്ടാ…”
പിന്നേയും എന്തൊക്കേയാ പിറു പിറുക്കണത് കേട്ടു…

ഞാൻ കോൾ കട്ടു ചെയ്തു.
മതി…സന്തോഷം …എന്നേത്തിരക്കി ആരും ഇങ്ങോട്ടും വരേണ്ടാ…!
പിറ്റേന്ന് പതിവു പോലെ അഞ്ചരയ്ക്കുണർന്നു..അടുക്കളയിൽ ചെല്ലുമ്പോൾ അമ്മയുണ്ടവിടെ..
മോളിത്തിരി നേരം കൂടി കിടന്നോളു അമ്മ വിളിക്കുമ്പോൾ എഴുന്നേറ്റാൽ മതി..
പോയി പിന്നേം കിടന്നു.
വെറുതേ ഓരോ ഓർമ്മകൾ..

മനസ്സിന് എന്തെന്നറിയാത്ത ആശ്വാസമുണ്ട്..കഴിഞ്ഞു പോയ കുറേ വർഷങ്ങൾ ഞാനെവിടേയായിരുന്നു…?
ജയിലിലോ….
ഒരു വണ്ടിക്കാളയേ പോലെ ചുമടെടുത്തു.ഒരു അടുക്കളയിൽ തീ പോലെ നീറിപ്പുകഞ്ഞു..
അവിടുന്നിറങ്ങിയോടി,കടയിലാണേൽ എന്നും തിരക്ക്…കുറേ ബില്ലുകൾ..
പലരുടേയും പഴികൾ…..വഴക്കുകൾ..

എവിടേയും ഒരു മനഃസ്സമാധാനവുമില്ലാതെ ഓടുകയായിരുന്നു..
ആർക്കു വേണ്ടി…?
ഒരേയൊരു മുഖമേ അപ്പോഴും മനസ്സിലുണ്ടായിരുന്നുള്ളൂ നീനമോൾ..
അവൾക്കുവേണ്ടി മാത്രമായിരുന്നു ഞാനിന്നലേവരേയും ജീവിച്ചതും…
ഇപ്പോഴും അവൾക്കു വേണ്ടി…കൂടെ എന്റെ മാതാപിതാക്കൾക്കു വേണ്ടിയും…

ഇനിയുള്ള കാലം അങ്ങനേ മതി.
ഒരു കെട്ടു താലിയുടെ പേരിൽ തോന്നിയതു പോലെ ജീവിച്ചവന്റെ കുടുംബത്തിന് വേണ്ടി പാഴാക്കിയ കുറച്ചു വർഷങ്ങൾ …
ആരും ആരുടേയും അടിമയല്ലാല്ലോ..
ഇനി ഞാനും ജീവിക്കട്ടെ എനിക്കു വേണ്ടിയും….

(ഒരു പെണ്ണിനെ താലി ചാർത്തി കൂടേ കൂട്ടുമ്പോൾ…അവളേയും,അവർക്കുണ്ടാവുന്ന മക്കളേയും സംരക്ഷിക്കേണ്ടുന്നവൻ ആ ഉത്തരവാദിത്തം മറന്നു പോയാൽ…
ഇതുപോലെ ഒന്നു ഇറങ്ങി പോവണം…നീ ഇല്ലായ്മയുടെ വിലയറിയിച്ചു കൊടുക്കുവാൻ മാത്രമല്ല,നിന്നെ തിരിച്ചറിയുവാനും…
ഭാര്യയ്ക്കുമുണ്ട് ഭർത്താവിനേ പോലെ എല്ലാ അവകാശങ്ങളും…

Share this on...