പെരുന്നാൾ ഡ്രസ്സ് എടുത്ത് വീട്ടിൽ എത്തി ഡ്രെസ്സുകൾ നോക്കിയ ഭർത്താവ് പൊട്ടിക്കരഞ്ഞു പോയി

in Story 8,687 views

പർച്ചേയ്‌സിംഗ് കഴിഞ്ഞ് ടെക്സ്റ്റൈൽ നിന്നും പുറത്തേക്കിറങ്ങിയത് ഭാര്യയോട് പിറുപിറുത്ത് കൊണ്ടായിരുന്നു. അത്രക്ക് സാധനങ്ങൾ അവൾ രണ്ട് കയ്യിലും വാങ്ങി കൂട്ടിയിട്ടുണ്ട്. കടയിലേക്ക് കയറുമ്പോൾ കയ്യിൽ പൈസ ഇല്ലെന്ന് ഒരുപാട് വട്ടം പറഞ്ഞിട്ടും അവൾ ആർത്തി കാണിച്ച് വാങ്ങിയതിൽ പറഞ്ഞാൽ തീരാത്ത അരിശം മനസ്സിലുണ്ടായിരുന്നുവെങ്കിലും ആളുകൾ കാണുമെന്ന് ഭയന്ന് പുറത്തു കാണിച്ചില്ല.

നാട്ടിലേക്കുള്ള യാത്രക്കിടയിൽ വണ്ടിയിൽ വെച്ച് അവളോട്‌ കുറെ കയർത്ത് സംസാരിച്ച് കൊണ്ടിരുന്നു. അതെല്ലാം കേട്ടിട്ടും അവൾ മറുപടിയൊന്നും പറയാതെ പുറത്തേക്കും നോക്കി അങ്ങനെ ഇരിക്കുന്നു . അവൾക്കൊന്നും പറയാനുണ്ടാവില്ലല്ലോ പൈസ പോയത് മുഴുവനും എന്റേതല്ലേ.

അവളുടെയാ മൗനം ഇരുണ്ടു കയറി വന്ന എന്റെ ദേഷ്യത്തെ ഉരുക്കി കൊണ്ടിരുന്നു. അവസാനം ദേഷ്യമടങ്ങിയപ്പോൾ മനസ്സും പറഞ്ഞു അവൾക്ക് ഞാനല്ലാതെ ആരെടുത്ത് കൊടുക്കാനാ നമ്മൾക്കൊന്നും വാങ്ങിയില്ലെങ്കിലും വീട്ടുകാരും അവളുമൊക്കെ സന്തോഷിക്കട്ടെ അവർക്കൊക്കെയല്ലേ പെരുന്നാൾ.. ഉറ്റവരുടെ സന്തോഷങ്ങൾക്ക് വേണ്ടി ഗൾഫുകാരനായി മുദ്ര കുത്തിയ എനിക്കെന്ത് പെരുന്നാൾ.

വീട്ടിലേക്ക് കയറി വീട്ടുകാർക്കുള്ള സാധനങ്ങൾ ഉമ്മയുടെ കയ്യിൽ കൊടുത്ത് ബാക്കിയുള്ളവയും കൊണ്ട് ഞാൻ റൂമിലേക്ക്‌ നടന്നു. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ വഴക്ക് കേട്ടതിന്റെ പരിഭവം അപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു . അവളെന്റെ മുഖത്തേക്ക് നോക്കാതെ അവളുടെ ജോലികൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ.
” ഡീ ക്ഷമിക്ക്… അപ്പത്തെ ദേഷ്യത്തിൽ പറഞ്ഞതാ.. നീ എന്താണ് എടുത്തത് നോക്കട്ടെ ഏത് കളറാ..?. ” എന്ന് പറഞ്ഞപ്പോൾ അവളുടെമുഖം കാർമേഘങ്ങൾക്കിടയിൽ നിന്നും പതിനാലാം രാവുദിച്ചത് പോലെയൊന്ന് തെളിഞ്ഞു.

ഞാൻ ദേഷ്യപ്പെടുമ്പോൾ ക്ഷമിച്ച് തിരിച്ച് കയർക്കാതിരുന്നാൽ അതണയുമ്പോൾ ക്ഷമ പറഞ്ഞ് മിണ്ടാൻ വരുമെന്ന് അവൾക്കറിയാം.
അതൊക്കെ കൊണ്ടാണ് എക്സിറ്റിൽ വന്ന ഈ സമയത്ത് പൈസ ഇല്ലെങ്കിലും അവൾക്കും വീട്ടുകാർക്കും ഡ്രസ്സ്‌ വാങ്ങാൻ തീരുമാനിച്ചത്.

അടുത്തേക്ക് വന്ന അവൾ ബെഡിൽ കിടക്കുന്ന കവറുകൾ എടുത്ത് പൊട്ടിക്കുന്നതിന് മുൻപായി എന്നോട് പറഞ്ഞു ” ഞ്ഞി ഇതിന് ങ്ങള് ചൂടാവരുത്… ഇക്കൊല്ലം എനിക്ക് ഞാൻ ഡ്രസ്സ്‌ എടുത്തിട്ടില്ല.. ! ” കേട്ടതും ” അപ്പൊ ഈ കവറിലൊക്കെ എന്താണ്..?. ” എന്ന് ഞാൻ കാര്യമറിയാതെ ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് കവർ പൊട്ടിച്ചു. ” ഇക്കൊല്ലം ഇക്കാക്ക് ഇഷ്ടപ്പെട്ട എല്ലാ കളർ ഷർട്ടുകളും, പാന്റ്സും ഞാൻ എടുത്തിട്ടുണ്ട്.. എനിക്ക് ഒരുവട്ടം എടുക്കുന്ന ക്യാഷ് മതി ഇക്കാക്ക് ഒരു കൊല്ലത്തേക്കുള്ള ഡ്രസ്സ്‌ എടുക്കാൻ.. ഇതുവരെ ഒരുപാട് വാങ്ങി തന്നില്ലേ അന്നും ങ്ങള് ങ്ങക്കുള്ളത് കുറച്ച് കൊണ്ടാണ് ഞങ്ങൾക്ക് വാങ്ങി തന്നതെന്ന് എനിക്കറിയാം ഇക്കൊല്ലം ഞാൻ എന്റേത് കുറച്ച് ഇങ്ങൾക്ക് ഒക്കെ എടുത്തിട്ടുണ്ട് . മറ്റുള്ള പെണ്ണുങ്ങളുടെ കാര്യങ്ങൾ എനിക്കറിയില്ല ഇക്കാ ഞാൻ അണിഞ്ഞൊരുങ്ങുന്നതിനേക്കാൾ എനിക്കിഷ്ടം എന്റെ ഭർത്താവ് അണിഞ്ഞൊരുങ്ങി ന്റെ മുന്നിൽ നിൽക്കുന്നതാണ്..”

അവളുടെ വാക്കുകൾ കേട്ട് അതുവരെയുണ്ടായിരുന്ന പരിഭവങ്ങളും ദേഷ്യവും കത്തിയമരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. എന്താണ് ഇങ്ങനെയൊക്കെ തോന്നാൻ കാരണമെന്ന് ചോദിച്ചതിന് മറുപടി പറയാതെ നടന്ന അവൾ ഞാൻ പെരുന്നാൾ നിസ്‌ക്കരിക്കാനിറങ്ങുമ്പോൾ ഷർട്ട് ധരിപ്പിച്ച് തന്ന് ബട്ടന്സുകൾ ഇട്ടു തരുമ്പോഴാണ് ഞാനന്ന് ചോദിച്ചതിനുള്ള മറുപടി തന്നത്..
” പാസ്പോർട്ട് കിട്ടി ഇക്ക എത്രാമത്തെ വയസ്സിലാ ഗൾഫിൽ പോയത്..? ”
ഇരുപതാം വയസ്സിൽ.. !

“പിന്നെയങ്ങോട്ട് എത്രെ പെരുന്നാളിന് ഇക്ക പഴയത് പോലെ ഇങ്ങനെ ഡ്രസ്സ്‌ എടുത്തിട്ടുണ്ട്..? ”
എനിക്ക് മറുപടി കൊടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എന്നെ കുറിച്ച് എന്നെക്കാൾ കൂടുതൽ അവൾ മനസ്സിലാക്കിയ ചോദ്യമായിരുന്നു അത് .
നാട് വിട്ട അന്നുമുതൽ പെരുന്നാൾ വന്നാൽ ഇഷ്ടമൊന്നും നോക്കാതെ ഏതെങ്കിലും ഒരു ഡ്രസ്സ്‌ അതും നാട്ടിൽ നിന്നും കൊണ്ടുവന്നത്.. ഇനി അതില്ലെങ്കിൽ കൂടുതൽ ധരിക്കാത്ത ഏതെങ്കിലും ഷർട്ടോ പാന്റ്സോ ധരിക്കും അതൊക്കെ മതിയല്ലോ പ്രവാസിക്ക്..
അറേബ്യൻ മണ്ണിൽ ഇരുമ്പിന്റെ കട്ടിലിൽ

പുതച്ചു മൂടി കിടന്നുറങ്ങി തീർക്കുന്ന പ്രവാസിയുടെ പെരുന്നാൾ രാവുകൾക്കെന്ത് പുതിയ ഡ്രെസ്സുകൾ, എന്ത് സെലെക്ഷനുകൾ .. വീട്ടുകാരും കുടുംബവും ഒക്കെ സന്തോഷിക്കുന്നതിൽ പ്രവാസി തൃപ്തനായിരിക്കും .. പക്ഷെ അതൊക്കെ കൊണ്ടായിരിക്കും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരുത്തിയെ ഭാര്യയാക്കി പടച്ചോനെനിക്ക് തന്നത്..
ഞാനവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ ദുനിയാവായ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന അവളെ നെഞ്ചോടൊന്ന് ചേർത്ത് പിടിച്ച് പറഞ്ഞു..
” ഞാൻ ഇടക്കിടക്ക് വഴക്ക് പറയുന്നതിനൊക്കെ നീ എന്നോട് ക്ഷമിക്ക്.. ”

എന്റെ നെഞ്ചിടിപ്പിന്റെ താളമളക്കുന്ന അവൾ മുഖമുയർത്തി ” അതിന് ങ്ങക്ക് ഞാൻ മാപ്പ് തെരൂല കാരണം മാപ്പ് തന്നാൽ ങ്ങള് ഇനി ന്നെ ചീത്ത പറയൂല നിക്ക് ങ്ങളെ ആ ചീത്ത കേൾക്കുമ്പോൾ ങ്ങളോടെനിക്ക് വല്ലാത്തൊരിഷ്ടാണ്. ആ സമയത്ത് ഞാൻ ങ്ങള് കാണാൻ പുറത്തേക്ക് പരിഭവം കാണിക്കുമ്പോഴും ങ്ങള് ചീത്ത പറഞ്ഞ് എന്നെ തന്നെ നോക്കിയിരിക്കുന്നത് എനിക്ക് വലിയ സന്തോഷമാണ് ഉണ്ടാക്കാറ്.. ! ”

വീണ്ടും തോൽപ്പിച്ചു നിൽക്കുന്ന അവളോട്‌
മറുപടി പറയാനാവാതെ നിൽക്കുന്ന എന്റെ കാതുകളിലേക്ക് ദൂരെയുള്ള പള്ളി മിനാരത്തിൽ നിന്നും കേൾക്കുന്ന തഖ്‌ബീർ ധ്വനികൾ മനസ്സിലേക്കെത്തിയപ്പോൾ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ച് പള്ളിയിലേക്കിറങ്ങി മുന്നോട്ട് നടക്കുക്കുന്നതിനിടയിലൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ കൊലായയിൽ ഞാൻ മറയുന്നതും നോക്കി നിൽക്കുന്ന അവളുടെ മുഖം ശവ്വാലമ്പിളി ഉദിച്ചുയർന്നത് പോലെ സന്തോഷം നിറഞ്ഞത് ഞാൻ കാണുന്നുണ്ടായിരുന്നു..
സ്നേഹത്തോടെ റഷീദ് എം ആർ ക്കെ – സലാല.

Share this on...