അമ്മയെ ശല്യംചെയ്യുന്നു സംശയിച്ചു അയാളെതല്ലി.എന്നാൽ പിന്നീട് അയാൾ ആരെന്നറിഞ്ഞു മകൻ പൊട്ടി കരഞ്ഞു പോയി…

in Story 378 views

അച്ഛൻ മ.രി.ച്ച്‌, അമ്മയും ഉണ്ണിയും തനിച്ചാകുമ്പോൾ ഉണ്ണിക്കു ഒരു വയസ്സ് പോലും തികഞ്ഞിരുന്നില്ല.
നട്ടുച്ചക്കും സൂര്യൻ അസ്തമിക്കും എന്ന് അന്നാണ് അമ്മ അറിഞ്ഞതത്രെ! ജീവിതം ഇരുട്ടിലായപ്പോൾ കൈ പിടിക്കാനും വെളിച്ചം കാണിക്കാനും ഒരു പാട് പേര് വന്നു അമ്മ ഒരു ഒരു കൈയിൽ മാത്രമേ പിടിച്ചുള്ളു. അത് ഉണ്ണിക്കുട്ടന്റെ കുഞ്ഞിളം കൈ ആയിരുന്നു.

സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്കു ഉണ്ണി ചോറ്റുപാത്രത്തിൽ കൊണ്ട് ചെല്ലുമ്പോൾ ഉണ്ണിയുടെ അമ്മയുടെ കണ്ണുകൾ പൊട്ടിയൊലിക്കും. വീട് വീടാന്തരം ജോലി തേടിയിറങ്ങി നടന്നു അമ്മ കരുവാളിച്ചു തുടങ്ങിയപ്പോൾ ഉണ്ണി ഏഴു വയസ്സിൽ കുടുംബ നാഥനായി. പത്രക്കെട്ടുകൾ സൈക്കിളിൽ ചുമന്ന് വീടുകളിൽ എത്തിക്കാനും നാട്ടിലാരുടെ വീട്ടിൽ വിശേഷങ്ങൾ ഉണ്ടായാലും സഹായിക്കാനും ഉണ്ണിക്കു പ്രായത്തിന്റെ പരിധി ഉണ്ടായിരുന്നില്ല.
“സുധയുടെ മകൻ അവളുടെ ഭാഗ്യം” ആണെന്ന് ആൾക്കാർ അടക്കം പറയും.

ഉണ്ണിക്കു അമ്മ കരയരുത് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനായി എന്ത്‌ ചെയ്യാനും അവനു മടി ഇല്ലായിരുന്നു. അമ്മക്ക് തീപ്പെട്ടി കമ്പനിയിൽ ജോലി കിട്ടിയപ്പോൾ അമ്മ ഉണ്ണിയെ ജോലിക്ക് വിടാതെ ആയി
ഉണ്ണിയുടെ വീടിനടുത്തു പുതിയ താമസക്കാർ വന്നു. ഉണ്ണി വളർന്നിരുന്നു അപ്പോളേക്കും. അയലത്തെ വീട്ടിൽ താമസിക്കുന്ന ആൾ ഇടക്കൊക്കെ അമ്മയോടെന്തോ ചോദിക്കാൻ ശ്രമിക്കുന്നതും അമ്മ ഒഴിഞ്ഞു മാറി പോകുന്നതും കാണെ അവന്റെ രക്തം തിളച്ചു. അത് മനസിലാക്കാനുള്ള വളർച്ചയും ബുദ്ധിയും അവനു സ്വായത്തമായിരുന്നു.

വീണ്ടുമതാവർത്തിച്ച വൈകുന്നേരം ഉണ്ണി അയാളെ തല്ലി. അയാൾ തിരിച്ചു തല്ലിയില്ല എന്ന് മാത്രമല്ല ഉണ്ണിയെ സൗമ്യമായി പിടിച്ച് മാറ്റുകയും ചെയ്തു. അയാൾ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നു പിന്നെയും കുറച്ചു നാൾ കഴിഞ്ഞാണ് ഉണ്ണി അറിഞ്ഞത്. അയാൾ എന്താണ് തിരികെ ഒന്നും ചെയ്യാ ഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും അവനു മനസ്സിലായില്ല.
അമ്മ ആ വശത്തേക്കുള്ള വാതിലോ ജനലോ തുറക്കാതായി. എന്നാലും അയാൾ ഇടയ്ക്കിടെ നോക്കി നിൽക്കുന്നത് ഉണ്ണി കാണാറുണ്ട്. അമ്മയുടെ തീ പോലുള്ള സൗന്ദര്യം അവനെ പേടിപ്പിച്ചു തുടങ്ങിയതും അക്കാലത്താണ്. സ്വന്തം കൂട്ടുകാരെ പോലും വിശ്വസിക്കാൻ വയ്യാതെ അവൻ ആധി പിടിച്ച് നടന്നു. സ്കൂൾ കാലഘട്ടം തീരാറായിരുന്നു
അമ്മക്ക് ചുറ്റും പുരുഷന്മാരുടെ കണ്ണുകൾ പരതി നടക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു. അമ്മ അതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയില്ല.

ഉണ്ണി അമ്മക്ക് പിതൃസ്ഥാനീയൻ ആയി. നല്ല ഒരു പുരുഷൻ അങ്ങിനെ ആയില്ലേലെ അതിശയം ഉള്ളു . അവന്റെ കണ്ണുകളും കാതുകളും തുറന്നിരിക്കും. അവൻ സദാ ജാഗരൂകനായിരിക്കും പ്രത്യേകിച്ച് അച്ഛനില്ലാത്ത മകൻ ആകുമ്പോൾ.. ഒരു നല്ല രക്ഷാധികാരിയാകണം ഓരോ ആൺകുട്ടിയും. അമ്മയെ, പെങ്ങളെ, എല്ലാ സ്ത്രീകളെയും ഉത്തരവാദിത്വത്തോടെ നോക്കുന്ന രക്ഷാധികാരി

ഒരു മകൻ ഒരേ സമയം മകനും അച്ഛനും ആകുന്നതു അപൂർവ മായ കാഴ്ചയാണ്. അത് നല്ല ഒരു പുരുഷന് മാത്രം സാധിക്കുന്നതാണ്. അതിന് അമ്മ വളർത്തുന്ന രീതിയും പ്രധാനമാണ്
ഡൽഹിയിൽ ഓൾ ഇന്ത്യ മെഡിക്കൽ ഇന്സ്ടിട്യൂട്ടിൽ അഡ്മിഷൻ കിട്ടിയപ്പോൾ ഉണ്ണി ചിന്തിച്ചതും അമ്മേയെ കുറിച്ചാണ്
അയലത്തെ ആ മനുഷ്യൻ അമ്മയുടെ നാട്ടുകാരൻ ആണെന്ന് വളരെ വൈകിയാണ് ഉണ്ണി അറിഞ്ഞത്. മറ്റൊന്നു കൂടി ഉണ്ണി അറിഞ്ഞു അയാൾ അമ്മയെ സ്നേഹിച്ചിരുന്നു. ഇപ്പോളും സ്നേഹിക്കുന്നു.

അയലത്തെ വീട്ടിലേക്കു ചെല്ലുമ്പോളും അയാളുടെ മുന്നിൽ നിൽക്കുമ്പോളും അവനു ഒരു സങ്കോചവും തോന്നിയില്ല.
“നിങ്ങൾക്കെന്റെ അമ്മയെ കല്യാണം കഴിക്കാമോ ?”
തന്റേടത്തോടെ അവൻ അത് ചോദിച്ചപ്പോൾ എതിരിൽ നിന്ന പുരുഷന്റെ കണ്ണു നിറഞ്ഞു
“നിന്റെ അമ്മക്ക് സമ്മതം ആണെങ്കിൽ ”

അയാൾ മറുപടി പറഞ്ഞു
തന്റെ അമ്മ താൻ എന്ത്‌ പറഞ്ഞാലും കേൾക്കും എന്നുള്ള ഉണ്ണിയുടെ വിശ്വാസം തെറ്റി പോയി. അമ്മ ഉണ്ണിയോട് പിണങ്ങി.
രാത്രി ഉണ്ണി ആ മുറിയിൽ ചെന്നു
“അമ്മേ എപ്പോളും അമ്മക്കൊപ്പം നിൽക്കണമെങ്കിൽ ഞാൻ ഈ ആഗ്രഹം ഉപേക്ഷിക്കേണ്ടി വരും. ഒറ്റയ്ക്ക് അമ്മ.. ഇവിടെ… എനിക്ക് അത് പറ്റില്ല.. അമ്മ ആലോചിക്കൂ ”

അമ്മയുടെ ഹൃദയത്തിൽ ഒരു പാട് ഓർമ്മകൾ ഉണ്ടായിരുന്നു… ഒരു നഷ്ടപ്രണയത്തിന്റെ കയ്ക്കുന്ന ഓർമകൾക്ക് അയലത്തെ പുരുഷന്റെ മുഖം ആയിരുന്നു.അയാളുടെ ഇഷ്ടത്തിനുമുന്നിൽ അച്ഛന്റെ അഭിമാനം ഓർത്ത് മുഖം തിരിച്ച ഒരു കാലം
ഇന്ന് ഉണ്ണിയുടെ അമ്മയുടെ വിവാഹം ആണ്. രജിസ്റ്റർ ഓഫീസിലെ ചടങ്ങിന് ശേഷം അമ്മയും അയാളും.. അല്ല അച്ഛൻ… ഒരു ജീവിതം മുഴുവൻ അമ്മയെ മാത്രം ഓർത്തിരുന്ന അയാൾ… അയാൾ അച്ഛൻ തന്നെ.. ഉണ്ണിക്കു അയാളെ അച്ഛൻ എന്ന് വിളിക്കാൻ തന്നെയാണ് തോന്നിയത്.

റെയിൽവേ സ്റ്റേഷനിൽ ഉണ്ണിയെ യാത്രയയക്കാൻ അവർ രണ്ടു പേരും എത്തി
“പോട്ടെ “ഉണ്ണി അമ്മയെ കെട്ടിപിടിച്ചു.. പിന്നീട് അയാൾക്കരികിൽ ചെന്നു. ഇമ വെട്ടാതെ അയാളെ അൽപനേരം നോക്കി നിന്നു
. ഒരു നിമിഷത്തിനു ശേഷം ഉണ്ണി അയാളുടെ കൈയിൽ ഒന്ന് അമർത്തി പിടിച്ചു
“, എന്റെ ജീവനാണ് ഏൽപ്പിച്ചു പോകുന്നത്… എന്റെ അമ്മേ ക.ര.യി.ക്ക.രു.ത് ”

അയാൾ മുന്നോട്ടാഞ്ഞു ഉണ്ണിയെ ഇറുകി പുണർന്നു
“നീ ആണ് മോനെ പുണ്യം… ഞാൻ ഭാഗ്യവാൻ ആണെടാ…പോയി വാ മിടുക്കൻ ആയി പഠിക്കു…. ഞങ്ങൾ സന്തോഷം ആയിരിക്കും.എന്നും ”
ഉണ്ണി തലയാട്ടി.. നടന്നു ട്രെയിനിൽ കയറി. അവൻ ജനാലയിലൂടെ നോക്കി .

ഒരു ജീവിതം മുഴുവനും കാത്തിരുന്നു കിട്ടിയ നിധിയെ തന്റെ അമ്മയെ ആ മനുഷ്യൻ തന്റെ ഉടലിനോട് ചേർത്ത് പിടിച്ചു നില്കുന്നത് അവൻ കണ്ടു.
ട്രെയിൻ നീങ്ങി തുടങ്ങി കണ്ണീരിന്റെ കനത്ത മറയിലും അമ്മയുടെ നെറ്റിയിലെ കുങ്കുമം അവനു കാണാമായിരുന്നു. അമ്മയുടെ നിറകണ്ണുകൾക്കു മുകളിൽ നെറ്റിയിൽ അത് സൂര്യനെ പോലെ ജ്വലിച്ചു നിന്നു.

Share this on...