പോറ്റി വളർത്തിയ സ്വന്തംമക്കൾ തന്നെ ഈ ഉമ്മയെ വൃദ്ധസദനത്തിൽ കൊണ്ടാക്കി.പിന്നീട് ആ മക്കൾക്ക് സംഭവിച്ചത്

in Story 211 views

നീണ്ട നാല് വർഷത്തിന് ശേഷം ഷമീർ 6 മാസത്തെ ലീവിന് വന്നിട്ട് രണ്ട് മാസം കഴിഞ്ഞു.പുതിയ വീടിന്റെ പണിയൊക്കെ തീർത്ത് “ഗൃഹ” പ്രവേശനത്തിന് ക്ഷണിക്കാൻ പറയത്തക്ക ബന്ധുകളാരുമില്ല. എന്നാൽ മൂന്നമത്തെ വയസ്സിൽ ഉപ്പ മരിച്ചതിന് ശേഷം 12 വയസ് വരെ തനിക്കും ഉമ്മാക്കും അഭയം തന്ന പിലാക്കൽ വീട്ടിലെ താൻ “മറ്റേമ്മ” എന്ന് വിളിച്ചിരുന്ന ആയിശുമ്മാനെയും ഹസ്സൻ ഹാജിയേയും ക്ഷണിക്കാൻ 40 km അകലെയുള്ള പിലാക്കൽ വീട്ടിലേക്ക് പുറപ്പെടുകയാണ് ഷമീറും ഉമ്മ സഹിറയും. “അവര് വരുമ്പോൾ വിലപ്പെട്ട സമ്മാനം” എന്തങ്കിലും കൊണ്ടു വന്നാലൊ എന്ന് താമാശയായി പറഞ്ഞു കൊണ്ടാണ് ഷമീർ കാറിലേക്ക് കയറിയത്. ഓടികൊണ്ടിരിക്കുന്ന കാറിന്റെ വേഗത പോലെ തന്നെ സാഹിറയുടെ പഴയ കാല ഓർമ്മകളും 15 വർഷം പിറകിലേക്കോടി കൊണ്ടിരുന്നു.**

** പിലാക്കൽ ഹസ്സൻ ഹാജിയുടെ വീട്. ” ആ നാട്ടിലെ കാര്യപെട്ട ഒരാളായിരുന്നു. 4 ആൺമക്കൾ.ഹസ്സൻ ഹാജിയുടെ വീട്ടിലെ ജോലിക്കാരനായിരുന്ന തന്റെ ഭർത്താവ് മരം മുറിക്കുന്നതിനടക്ക് പറ്റിയ ഒരു കൈ പിഴക്ക് അവരുടെ ജീവൻ തന്നെ കൊടുക്കേണ്ടി വന്നു. ഇക്കാക്കയുടെ മരണത്തോടെ അനാദരായ ഞാനും മകനും ഇനിയെങ്ങനെ ജീവിക്കും എന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് ഹസ്സൻ ഹാജിയുടെ ഭാര്യ ആയിശുമ്മ അങ്ങോട്ട് വിളിച്ചത്.അന്നു മുതൽ പിലാക്കൽ വീട്ടിലെ അടുക്കള ജോലിയും മറ്റും ചെയ്ത് ആയിശുമ്മക്ക് ഒരു സഹായമായി സാഹിറയും, ആയിശുമ്മയുടെ 5 വയസ് കാരനായ ചെറിയ മകൻ ഷാനുവിന് ഒരു കൂട്ടായി ഷമീറും ആ വീട്ടിലെ അംഗങ്ങളായി.

പെൺമക്കളില്ലാത്ത ആയിശുമ്മ തന്നെ ഒരു മകളെ പോലെയാണ് കണ്ടിരുന്നത്. ഷമീറിനെ മദ്രസയിലും, സ്ക്കൂളിലും ചേർത്തതും ആയിശുമ്മ തന്നെയാണ്. അവരുടെ മൂത്ത മകന്റെ വിവാഹത്തോടെയാണ് എന്റെയും മകന്റേയും കഷ്ടകാലം തുടങ്ങിയത്. പുതിയതായി വന്ന മരുമകൾക്ക് ഞങ്ങളോടുള്ള സമീപനത്തിലുള്ള മാറ്റം ആ വീട്ടിൽ അസ്വസ്തത ഉടലെടുക്കാൻ തുടങ്ങി .. എന്നേയും മകനേയും പുറത്താക്കാൻ അവർ പറഞ്ഞ് ഉണ്ടാക്കിയ ഒരു ഇല്ല കഥ വിശ്വസിച്ച് ഹാജിക്ക എന്നേയും മകനേയും ആ വീട്ടിൽ നിന്നും പുറത്താകുമ്പോൾ ആയിശുമ്മ തന്ന 1000 രുപയുമായി മകന്റെ കയ്യും പിടിച്ച് ആ പടിയിറങ്ങുമ്പോൾ താഴെ ഭൂമിയും മേലെ ആകാശവും മാത്രമേ ഉണ്ടായിരുന്നള്ളൂ. ഇനിയെന്ത്? ഇനി എങ്ങോട്ട് പോവും എന്ന ചിന്തിച്ച് 12 കാരനായ മകനേയും ചേർത്ത് പിടിച്ച് നടക്കുമ്പോൾ അന്ന് മകന്റെ ചോദ്യങ്ങൾ കൊന്നും ഉത്തരം നൽകാൻ കഴിയാതെ കണ്ണുനീർ തുടച്ച് കൊണ്ട് ബസ്സ് കാത്ത് നിൽക്കുമ്പോൾ മകൻ പറഞ്ഞു.. “ഉമ്മ വിശമിക്കണ്ടട്ടൊ.. മ്മാനെ ഞാൻ നോക്കും” എന്ന് പറഞ്ഞ് എന്റെ കണ്ണുനീർ തുടച്ച്തന്ന മകനെയോർത്ത് വീണ്ടും വിതുമ്പി കരയാനെ കഴിഞ്ഞള്ളൂ..

പിന്നീട് പല ബന്ധുവീടുകളിലും ചെന്നങ്കിലും ഒരു ദിവസത്തിൽ കൂടുതൽ എവിടേയും നിൽക്കാൻ കഴിഞ്ഞില്ല.ചേലേംപാടത്തുള്ള ഒരു കൂട്ടുകാരിയുടെ അടുത്തേക്ക് പുറപ്പെടുമ്പോഴും പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല.എന്നാൽ നാലഞ്ച് ദിവസത്തിനുള്ളിൽ തന്നെ തൊട്ടടുത്ത സ്കൂളിൽ കുട്ടികൾക്ക് ഉച്ചകഞ്ഞി വെക്കുന്ന ജോലി അവൾ ശരിയാക്കി തന്നു. മകനെ ആ സ്കൂളിൽ തന്നെ ചേർക്കുകയും ചെറിയ ഒരു വാടക വീടും ശരിയാക്കിതന്നു.

പത്താം ക്ലാസ് പരിക്ഷ കഴിഞ്ഞ് അടുത്തുള്ള പലചരക്ക് കടയിൽ ജോലിക്ക് നിന്ന ഷമീർ പിന്നെ അത് സ്ഥിരമാക്കി … ഷമീറിന്റെ നിഷ്കളങ്കമായ പെരുമാറ്റവും സത്യസന്തതയും കണ്ട് ആ കടക്കാരന്റെ മകൻ തന്നെയാണ് പിന്നീട് അവനെ ഗൾഫിലേക്ക് കൊണ്ട് പോയതും.15 വർഷം മുൻപ് ഉമ്മാനെ ഞാൻ നോക്കി കൊള്ളാം എന്ന് പറഞ്ഞ് എന്റെ കണ്ണുനീർ തുടച്ച് തനിക്ക് ജീവിക്കാനുള്ള ദൈര്യം പകർന്ന് തന്ന മകനെ കുറിച്ച് സാഹിറയുടെയുടെ മനസ്സിൽ അഭിമാനം തോന്നി ആ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി**

മ്മാ … മ്മ എന്തിനാ കരയുന്നത്.???? എന്ന ഷമീറിന്റെ ചോദ്യമാണ് സാഹിറയെ ചിന്തയിൽ നിന്നുണർത്തിയത്. ഏയ്…. ഒന്നൂല്ല.. എന്ന് പറഞ്ഞ് സാഹിറ കണ്ണുകൾ തുടച്ചു …
ഷമീറേ നീ ഈ വഴിയൊന്നും മറന്നിട്ടില്ലേ ?

ഇല്ലമ്മാ.. ഞാൻ ഗൾഫിൽ പോകുന്നതിന് മുൻപ് മറ്റേമ്മാനെ കാണാൻ ഇവിടെ വന്നിരുന്നു. അന്ന് കാണാൻ പറ്റീല. അതിന് മുൻപും രണ്ട് മൂന്ന് പ്രാവശ്യം ഞാൻ ഇവിടെ വന്നിട്ടുണ്ട് .. ഞാൻ ഓടിച്ചാടി കളിച്ച് വളർന്ന വീടും നാടും മറ്റേമ്മാനേയും ഒക്കെ എങ്ങനെയാണുമ്മാ മറക്കുക.. അവരുടെ കൈ കൊണ്ട് തന്ന ചോറിന്റെ രുചി ഇന്നും മറന്നിട്ടില്ല ..ഷാനു കാണിക്കുന്ന വികൃതി കൊക്കെ എനിക്കല്ലെ അടി കിട്ടിയിരുന്നത്. ന്നാലും മറ്റേമ്മാക്ക് ഷാനുവിനെക്കാൾ ഇഷ്ടം എന്നെയായിരുന്നു. എന്ന് പറഞ്ഞപ്പോൾ ഷമിറും ഒന്ന് വിതുമ്പി..

ഉമ്മാ…പഴയ വീടൊന്നുമല്ല … ഇപ്പൊ വലിയ വാർപ്പ് വീടാണ് .. എന്ന് പറഞ്ഞ് ഷമീർ കാർ വലിയ ഒരു ഗേറ്റിന് മുൻപിൽ നിർത്തി.. പക്ഷെ പൂട്ടിക്കിടക്കുന്ന ഗേറ്റും ആളനക്കമില്ലാത്ത വീടും കണ്ട് അവർ ഒന്ന് അങ്കലാപ്പിലായി. പിന്നെ അടുത്ത വീടായ മജീദ്ക്കാന്റെ വീട്ടിൽ അന്വേഷിച്ചു.
സാഹിറയേയും മകനേയും 15 വർഷത്തിന് ശേഷം കണ്ട മജീദ്ക്കാന്റെ ഭാര്യ ഫാത്തിമ അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി. വിശേഷങ്ങൾ പറഞ്ഞ് ചായ കുടിക്കുന്നതിനിടക്കാണ് അവർ പിലാക്കൽ വീട്ടിലെ വിവരങ്ങൾ പറഞ്ഞത്.

5/6 വർഷം മുൻപാണ് ഹസ്സൻ ഹാജി മ,രി,ച്ച,ത്. മക്കളൊക്കെ ദുബായിലാണ്. ചെറിയ മരുമകളും കുട്ടിയും മാത്രമാണ് ആയിശുമ്മയുടെ കൂടെ ഇവിടെ ഉണ്ടായിരുന്നത്. രണ്ട് വർഷം കഴിഞ്ഞ് സ്വത്ത് വീതം വെക്കുന്ന കാര്യത്തിൽ മക്കളൊക്കെ പരസ്പരം തെറ്റി.. ആയിശുമ്മ ഒരു പാവം ആയത് കൊണ്ട് മരുമക്കളുടെ ഭരണമായിരുന്നു. തറവാട് വീട് ചെറിയ മകനും ഉമ്മാക്കും കൂടി എഴുതി കൊടുത്തു. പിന്നെ ദുബായിയിൽ കച്ചവടം തുടങ്ങാൻ ലോൺ എടുക്കാനണന്ന് പറഞ്ഞ് ഉമ്മയുടെ പേരിലുള്ളതും കൂടി മകൻ എഴുതി വാങ്ങി.. ഇതറിഞ്ഞ മൂത്ത മക്കൾ അനിയനെ കൊല്ലാൻ വരെ മുതിർന്നു . പാവം ആയിശുമ്മ എല്ലാം സഹിച്ച് ഇവിടെ വന്നിരുന്ന് കുറേ സങ്കടം പറയും.. മരുമകളുടെ വാക്ക് കേട്ട് നിന്നേയും മകനേയും പറഞ്ഞയച്ചതിലും നല്ല സങ്കടം ഉണ്ടായിരുന്നു. കണ്ണടയുന്നതിന് മുൻപ് നിങ്ങളെ കണ്ട് മാപ്പ് പറയണമെന്നും ഇടക്കിടെ പറയും. ചെറിയ മരുമകൾ ടൗണിലെ ഒരു പണക്കാരന്റെ മകളായിരുന്നു. വലിയ മോഡലും പാഷനുമായി നടക്കുന്നവൾ. ആയിശമ്മയെ ഒരു പാട് ഉപദ്രവിച്ചിട്ടുണ്ട് ..

ഉപദ്രവം സഹിക്കാതെ അവര് ഓരോ ആൺമക്കളുടെ വീട്ടിലും മാറി മാറി താമസിക്കാൻ തുടങ്ങി .. എവിടേയും ഒരാഴ്ച്ച തികച്ച് നിൽക്കില്ല. അപ്പഴേക്കും ആ മരുമകൾ അടുത്ത മകന്റെ വീട്ടിലേക്ക് പറഞ്ഞയക്കും. ഒരു പ്ലാസ്റ്റിക്ക് ബാഗും തൂക്കിപിടിച്ച് ആ പാവം അടുത്ത മകന്റെ വീട്ടിലെത്തുമ്പോൾ അവര് വീട് പൂട്ടി പോയിട്ടുണ്ടാവും. പിന്നെ അടുത്ത വീട്ടിലേക്ക് നടക്കും.. അവസാനം ചെറിയ മകനും മരുമകളും കൂടി അതിനെ ഒരു വൃദ്ധസദനത്തിലാക്കി ആറ് മാസം മുൻപ് അവര് കുടുംബത്തോടെ വീട് പൂട്ടി ദുബായിക്ക് പോയി..

കഥകളൊക്കെ കേട്ട ഷമീറിനും സാഹിറക്കും സഹിക്കാൻ കഴിഞ്ഞില്ല. എല്ലാം മൂളി കേൾക്കുമ്പോഴും സാഹിറയും ഷമീറും സങ്കടം സഹിക്കാൻ കഴിയാതെ നിറഞ്ഞ് വരുന്ന കണ്ണുനീർ തുടക്കാൻ പാട് പെടുന്നുണ്ടായിരുന്നങ്കിലും ഇടക്കിടെ കണ്ണുനീർ ടേബിളിൽ വീണ് ചിതറി.. ഒരു തേങ്ങലോടെ ഷമീർ ചോദിച്ചു എവിടെയാണ് ആ വൃദ്ധസദനം ..??? മ്മാ … ഇപ്പൊ തന്നെ അവിടെ പോയി മറ്റേമ്മാനെ കാണണം എനിക്ക് .. ‘

വൃദ്ധസദനം ലക്ഷ്യമാക്കി ഷമീറിന്റെ കാർ ഓടികുമ്പോൾ തന്റെ ബാല്ല്യകാലം ചിലവഴിച്ച വീടിനെ കുറിച്ചും ആ ഉമ്മയെ കുറിച്ചും ഓർത്ത് സമീർ ഇടക്കിടെ കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു.
ഒരു വലിയ പഴയ വീടിന്റെ മുൻപിൽ ഷമീർ കാർ നിർത്തിയിറങ്ങി… ഉമ്മയേയും കൂട്ടി നേരെ അകത്തേക്ക് ചെല്ലുമ്പോൾ വരാന്തയിലും ഇരുന്നു സംസാരിക്കുന്ന ചിലരും കാഴ്ച്ച മങ്ങിയവരും ഷമീറിനേയും ഉമ്മയേയും സൂക്ഷിച്ച് നോക്കി…50 വയസ് തോന്നിക്കുന്ന ഫസീലയാണ് അവിടത്തെ കാര്യങ്ങൾ നോക്കുന്നത്. ഷമീറിനേയും സാഹിറയെയും അകത്തേക്ക് ക്ഷണിച്ച് അവർ ഇരിക്കാൻ പറഞ്ഞു. പിന്നെ വന്നതിന്റെ കാര്യം തിരക്കി..

ആ…. ആയിശമ്മാനെ കാണാൻ വന്നതാണൊ? ആയിശമ്മയുടെ ആരാ നിങ്ങൾ – ?? എന്ന ചോദ്യത്തിനു് എന്ത് മറുപടി പറയണമെന്നറിയാതെ രണ്ട് പേരും ഒന്ന് കുഴങ്ങി…
പിന്നെ ഷമീർ പറഞ്ഞു. അനിയത്തിയും മകനുമാണന്ന് പറഞ്ഞത് അത്ര വിശ്വാസം വന്നില്ലങ്കിലും അവർ പറഞ്ഞു. അവര് നമസ്ക്കാരത്തിലാണന്ന് തോന്നു..

ളുഹ്റ് നമസ്കാരശേഷം ഇരുകൈകളും മേൽപ്പോട്ടുയർത്തി ആയിശുമ്മ പ്രാർത്ഥിച്ചു.. നാഥാ… എന്റെ മകൾക്ക് നീ നല്ലത് വരുത്തണേ.. എന്റെ കണ്ണ് അടയുന്നതിന് മുൻപ് ഒരിക്കലങ്കിലും സാഹിറയേയും മകനേയും ഒന്ന് കാണാൻ നീ തുണയേകണേ റബ്ബേ… എന്ന പ്രാർത്ഥന കേട്ട് കൊണ്ടാണ് ഫസീലയും സാഹിറയും അകത്തേക്ക് കയറിയത്. ആയിശുമ്മയെ വാരി പുണരാൻ വെമ്പിയ സുഹ്റയെ ഫസീല കണ്ണുകൾ കൊണ്ട് വിലക്കി…

ദുആ കഴിയട്ടെ എന്ന്. നീണ്ട പ്രാർത്ഥനക്ക് ശേഷം കണ്ണുകൾ തുറന്ന് തന്റെ മുൻപിൽ നിൽക്കുന്ന ഫസീലയേയും സുഹ്റയേയും ചെറുപ്പക്കാരനേയും കണ്ട ആയിശുമ്മക്ക് സാഹിറയെ തിരിച്ചറിയാൻ വലിയ പ്രയാസം ഉണ്ടായില്ല… എന്നാൽ കൂടെയുള്ള ചെറുപ്പക്കാരനെ മനസ്സിലാകാതെ നമസ്ക്കാര പായയിൽ നിന്നെഴുന്നേറ്റ ആയിശുമ്മയെ സർവ്വ നിയന്ത്രണവും നഷ്ടപെട്ട സാഹിറ കെട്ടി പിടിച്ചു. ഉമ്മാക്ക് എന്നെ മനസ്സിലായൊ ?? എന്ന് ചോദിച്ച് ആ കവിളുകളിൽ ചുടു ചുമ്പന ങ്ങൾ കൊണ്ട് പൊതിയുമ്പോൾ ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ ആയിശുമ്മയുടെ കവിളിലൂടെ ചുടുകണ്ണുനീർ ചാലിട്ട് ഒഴുകുന്നത് തുടച്ച് കൊണ്ട് സാഹിറ ചോദിച്ചു…
ഉമ്മാക്ക് ഇവനെ മനസ്സിലായൊ ??? മ്മാ … ന്റെ കുട്ടിയാണ് ഷമീർ…

മറ്റേമ്മാ…. എന്ന് വിളിച്ച് ഷമീർ ആയിശുമ്മയെ കെട്ടിപ്പിടിക്കുന്നതിനിടക്ക് ആയിശുമ്മ പറഞ്ഞു.. എന്റെ കുട്ടി എന്നോട് പൊറുക്കണം..

സാരല്ലമ്മാ…… ഞങ്ങൾക്ക് ഒരു ദേശ്യവും ഉമ്മയോടില്ല. ഉമ്മാനെ മക്കൾക്ക് വേണ്ടങ്കിലും ഞങ്ങൾക്ക് വേണം. ഇനിയുള്ള കാലം ഉമ്മ ഞങ്ങളുടെ കൂടെ താമസിക്കണം .. എന്റെ മറ്റേമ്മയായി എന്റെ ഉമ്മയുടെ ഉമ്മയായി ഞങ്ങൾ നോക്കും.

ആയിശുമ്മയെ പറഞ്ഞയക്കാൻ വൃദ്ധസദനത്തിലെ ആൾക്കാർ എതിർപ്പ് പറഞ്ഞങ്കിലും അതിൻമേൽ വരുന്ന എന്ത് പ്രശ്നവും ഷമീർ ഏറ്റെടുത്ത് എഴുതി ഒപ്പിട്ട് കൊടുത്ത് ഷമീറും സാഹിറയും ആയിശുമ്മയുമായി പുറത്തേക്കിറങ്ങുമ്പോൾ തങ്ങളെയും ഇത് പോലെ കൊണ്ട് പോകാൻ തങ്ങളുടെ പ്രിയപ്പെട്ട മക്കൾ എന്നങ്കിലും ഒരു നാൾ വരും എന്ന പ്രതീക്ഷയിൽ വൃദ്ധസദനത്തിലെ മറ്റുള്ളവർ അവരെ യാത്രയാക്കി.

ആയിശുമ്മാനെ കാറിൽ കയറ്റിയിരുത്തി സാഹിറ കയറാൻ നേരത്ത് പറഞ്ഞു. “ഷമീറേ ഇതിലും വലിയ ഒരു സമ്മാനം ഇനി കിട്ടാനില്ല.””

ഷമിറിന് ചിരി വന്നു.. പുറപെടുമ്പോൾ ഷമീർ പറഞ്ഞ കാര്യം
ആയിശുമ്മയോട് പറഞ്ഞപ്പോൾ അവരും ചിരിച്ചു പോയി.. ആയിശുമ്മയുടെ ചിരിക്കുന്ന മുഖം ആദ്യമായി കണ്ട ഫസീല പറഞ്ഞു.കഴിഞ്ഞ 6 മാസമായിട്ട് ഇവരുടെ ചിരിക്കുന്ന മുഖം ഇന്നാണ് ഒന്ന് കാണാനായതന്ന് പറഞ്ഞ് സന്തോഷത്തോടെ അവരെ യാത്രയാക്കി**

Share this on...