ഗൾഫിലുള്ള ഭർത്താവിന്റെ ഒരു പെട്ടി തുറന്നു നോക്കി അതിലെ കാഴ്ച കണ്ടു ആ ഭാര്യ പൊട്ടികരഞ്ഞു പോയി

in Story 1,432 views

അങ്ങനെ ഈ മരുഭൂമിയിൽ മറ്റൊരു പെരുന്നാളും കൂടി സമാഗതമായിരിക്കുന്നു.
ഞാൻ കട്ടിലിൽ പണ്ടത്തെ പെരുന്നാളുകളെ കുറിച്ചെല്ലാം ആലോചിച്ചു കൊണ്ട് അങ്ങനെ കിടന്നു.
നമുക്കെന്ത് പെരുന്നാൾ പള്ളിയിൽ പോയി വന്നാൽ
നാട്ടിലൊന്നു വിളിക്കണം , ഉച്ചക്ക് കോഴിക്കോട്ടുകാരൻ ഹനീഫക്ക വെക്കുന്ന ബിരിയാണി തിന്നു കിടന്നുറങ്ങണം അതോടെ ഇക്കൊല്ലത്തെ പെരുന്നാൾ കഴിഞ്ഞു.

അപ്പുറത്തെ കട്ടിലിനരികിലിരുന്നു എന്തോ ജോലിയിലേർപ്പെട്ടിരിക്കുന്ന റൂം മേറ്റ് ഹനീഫക്കയോട് ഞാൻ ചോദിച്ചു “ഇക്കാ ഭാര്യയും കുട്ടികളും നാട്ടിൽ എത്തി വിളിച്ചോ ?” ഇക്കയുടെ ഫാമിലി രണ്ട് ദിവസം മുന്പാണ് നാട്ടിലേക്ക് മടങ്ങിയത് വർഷങ്ങൾക്ക് ശേഷമായിരുന്നു ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി ഇക്ക കുട്ടികളെയും ഭാര്യയെയും ഒന്നിങ്ങട്ട് കൊണ്ടു വന്നി രുന്നത് .

അൽപ്പം കഴിഞ്ഞാണെങ്കിലും ഇക്ക മറുപടിയായി പറഞ്ഞു “അവർ നാട്ടിലെത്തിയെടാ വിളിച്ചിരുന്നു” .
“പെരുന്നാൾ കഴിഞ്ഞിട്ട് പറഞ്ഞയച്ചാൽ പോരായിരുന്നോ ? എന്തിനാണിത്ര ധൃതി കാണിച്ചത് ? എന്ന് ഞാൻ വീണ്ടും ചോദിച്ചപ്പോൾ
” നമ്മുടെ പെരുന്നാൾ ഇതൊക്കെയാണന്നു അവര് കാണണ്ട അത് കൊണ്ടാ പെട്ടെന്ന് പറഞ്ഞയച്ചത് “എന്ന് പറഞ്ഞു മൂപ്പര് ഇടക്ക് പിറു പിറുത്ത് കൊണ്ടു പറയുന്നുണ്ടായിരുന്നു “എവിടെപ്പോ ആ കുപ്പായം ?”

“ഏത് കുപ്പായത്തിന്റെ കാര്യാ ?” എന്ന് ഞാൻ ചോദിച്ചതും “ഞാൻ പെരുന്നാക്ക് ഇടാൻ വേണ്ടി എടുത്ത് വെക്കാറുള്ള ഒരു കുപ്പായം ഉണ്ടായിരുന്നു അത് കാണാനില്ല.”
” ഹോ അത് കാണാഞ്ഞത് നന്നായി. ഇക്കൊല്ലമെങ്കിലും ഒരു പുതിയ കുപ്പായം വാങ്ങുമല്ലോ ” എന്ന് പറഞ്ഞപ്പോൾ എന്നെ തുറിച്ചൊന്നു നോക്കിയെങ്കിലും ഇക്ക പിന്നീടൊന്നും പറഞ്ഞില്ല.

പെട്ടെന്നെന്തോ കയ്യിൽ കിട്ടിയത് പോലെ ഇക്ക കുപ്പായം തപ്പുന്നത് നിർത്തി. കയ്യിലൊരു കടലാസുണ്ട് അതിലെന്തോ എഴുതിയിട്ടുണ്ടെന്നു കട്ടിലിൽ നിന്നൊന്നു എത്തി നോക്കിയപ്പോൾ എനിക്ക്‌ മനസ്സിലായി.

ആ കടലാസ് വായിച്ച് കൊണ്ടിരിക്കുന്ന ഇക്കയുടെ കണ്ണു നിറഞ്ഞത്‌ ശ്രദ്ധിച്ച ഞാൻ പെട്ടെന്ന് കട്ടിലിൽ നിന്നെഴുന്നേറ്റ് അടുത്ത് ചെന്ന് “എന്താ ഇക്ക എന്ത് പറ്റി ??” എന്നും ചോദിച്ചു തല താഴ്ത്തിയിരിക്കുന്ന ഇക്കയുടെ കയ്യിൽ നിന്നും ആ എഴുത്ത് വാങ്ങി വായിച്ചു നോക്കി .

സ്നേഹത്തിന്റെ മണമുളള വരികൾ … വായിക്കും തോറും സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

” ഈ ദുനിയാവിലെനിക്കെന്റെ റബ്ബ് സമ്മാനിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായ എന്റെ ഇക്കയെന്നോട് ക്ഷമിക്കണം . നമ്മളോരുമിച്ചിട്ട് ഇരുപത് കൊല്ലം കഴിഞ്ഞിട്ടും എന്നെയും മക്കളെയും നോക്കുന്നതിലോ സ്നേഹിക്കുന്നതിലോ ഒരു കുറവും വരുത്താതെ നോക്കാൻ ശ്രമിക്കുന്നതിനിടയിലാണോ എന്റെ ഇക്ക ജീവിക്കാൻ മറന്നത് ?

നാട്ടിൽ വിളിക്കുമ്പോൾ സുഖമാണെന്നു പറയുമ്പോ ഇത്തിരി സുഖം അനുഭവിച്ചിട്ട് പറഞ്ഞു പറ്റിക്കായിരുന്നില്ലേ എന്നെ .??

ഗള്ഫുകാണുവാനായിരുന്നില്ല ഞാൻ ഇങ്ങോട്ട് വരാൻ പറഞ്ഞ് വാശി പിടിച്ചിരുന്നത്. ഇക്കയുടെ ജീവിതമൊന്ന് കാണാൻ വേണ്ടി മാത്രമായിരുന്നു. അവിടെയും ഇക്കയെന്നെ തോൽപ്പിച്ചു. ഇവിടെ വന്നിട്ടും സുഖമാണെന്ന് തോന്നിപ്പിച്ചു.

ഓരോ പെരുന്നാളിനും എടുത്തെന്ന് പറഞ്ഞിരുന്ന ഡ്രെസ്സുകൾ കാണിച്ച് തരാൻ ഞാനന്നു പറഞ്ഞപ്പോൾ മറുപടി തരാതെ ഇക്ക വിഷയം മാറ്റിയ അന്നാണ് ഞനാദ്യമായി ഇക്ക റൂമിലേക്ക് കൊണ്ടു വന്ന ഇക്കയുടെ ഈ പെട്ടി ചോദിക്കാതെ തുറക്കുന്നത്.

നമ്മളൊന്നിച്ചുള്ള ആദ്യത്തെ പെരുന്നാളിന് ഞാനെടുത്തു തന്ന ആ കുപ്പായം ഇന്നും മടക്കി സൂക്ഷിച്ച് വെച്ചത് കണ്ടപ്പോൾ തോന്നിയ വേദനയൊന്നും ഇനിയെനിക്കുണ്ടാവില്ല കാരണം ഇക്ക എനിക്ക്‌ വാങ്ങി തന്ന വസ്ത്രങ്ങളിൽ ഒന്ന് പോലും ഞാനിങ്ങനെ സൂക്ഷിച്ച് വെച്ചിട്ടില്ല 😢

ഫോണിലൂടെ ഇത് പറഞ്ഞു മുഴുവനാക്കാൻ എനിക്ക് കഴിയില്ലന്നുറപ്പാണ് അത് കൊണ്ടാണ് ഇങ്ങനെയൊരെഴുത്ത് എഴുതി വെക്കുന്നത് . ഇക്കൊല്ലം എന്റെ സമ്മാനമായി ഞാനിതിൽ വെക്കുന്ന ഈ പുതിയ കുപ്പായം ഇക്ക സ്വീകരിക്കണം ഇതിട്ട് ഇക്ക പള്ളിയിൽ പോകണം. ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണം.

ഉപ്പച്ചി ഇത്രയും നാൾ പെരുന്നാൾ ആഘോഷിച്ചിരുന്നോ എന്ന് നോക്കാതെ എല്ലാ പെരുന്നാളിനും ഡ്രെസ്സെടുത്ത് നടന്നതിൽ വിഷമം വന്ന മോൾക്ക് ഇക്കൊല്ലം പെരുന്നാളിനൊന്നും വേണ്ടന്ന് പറഞ്ഞു എന്റെ കൂടെ ഇതെല്ലാം കണ്ട അവൾ കരഞ്ഞിരുന്നു .ഈ പെട്ടിയിലുണ്ടായിരുന്ന ആ കുപ്പായം മോളെടുത്തിട്ടുണ്ട്. പെരുന്നാളിനൊരു കുപ്പായം പോലും വാങ്ങാതെ ഞങ്ങളുടെ സന്തോഷം മാത്രം നോക്കിയ ഉപ്പയെ എന്നും അടുത്ത് കാണാൻ ആണത്രേ അതവളുടെ ബാഗിൽ സൂക്ഷിച്ചിരിക്കുന്നത്.

എന്റെ ഇക്ക വിഷമിക്കരുത് ഞങ്ങളും ഞങ്ങളുടെ പ്രാർഥനയും കൂടെ എന്നുമുണ്ടാവും ഒരിക്കൽ കൂടി പറയട്ടെ എനിക്കറിയില്ലായിരുന്നു ഇക്കാ എന്റെ ഇക്ക ഇത്രക്ക് പാവമായിരുന്നെന്നും ഇങ്ങനെ സ്നേഹിച്ചായിരുന്നു ഇക്കയിവിടെ ജീവിച്ചിരുന്നതെന്ന സത്യം. 😢

എന്റെ പെരുന്നാൾ സമ്മാനം
സ്വീകരിക്കണേ …

സ്നേഹത്തോടെ ഇക്കയുടെ സ്വന്തം
സാജി.

കത്ത് വായിച്ച് നിറഞ്ഞ കണ്ണും തുടച്ചു ഞാൻ ” ഇതിനേക്കാൾ നല്ലൊരു പെരുന്നാൾ സമ്മാനം ഒരു പ്രവാസിക്കും കിട്ടി കാണില്ല ” എന്നൊക്കെ പറയുമ്പോൾ ഇക്ക ഇത്ത സമ്മാനിച്ച ആ പുതിയ കുപ്പായം നോക്കി ഒരു ചെറു പുഞ്ചിരിയോടെ ഇരിക്കുന്നത് കാണാമായിരുന്നു.
___________

” മാസം കാണാത്ത കിനാവുകളുമായി ജീവിക്കുന്ന ഒരു കൂട്ടരുണ്ട് അങ്ങകലെ ഈന്തപ്പനക്കാറ്റിന്റെ നാട്ടിൽ അവരുടെ പെരുന്നാളമ്പിളി ഉദിക്കുന്നത് ഗൾഫിലായിരിക്കില്ല നാട്ടിലെ കുടുംബത്തിന്റെ സന്തോഷത്തിലായിരിക്കും . അതാണവരുടെ പെരുന്നാൾ.അതിനാൽ നിങ്ങളുടെ പരിഭവങ്ങളെക്കാൾ കൂടുതൽ സന്തോഷങ്ങൾ അവരെ അറിയിക്കാൻ ശ്രമിക്കുക ”

സ്നേഹത്തോടെറഷീദ് എം ആർ ക്കെ

Share this on...