മീൻക്കാരനായ മമ്മദ്ക്ക മ,രി,ച്ചു എന്നറിഞ്ഞപ്പോൾ ഹിന്ദുവായ കുട്ടി ചെയ്തത് കണ്ടു കണ്ണ് നിറഞ്ഞു പോയി

in Story 10,483 views

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോ മുതലാണ് എന്‍റെ പേരിന്‍റെ കൂടെ മീന്‍കാരന്‍ മമ്മദ് ക്കാന്‍റെ കൊച്ചുമോള് ആമിനേന്‍റെ പേര് ചേര്‍ത്തുള്ള കളിയാക്കല് കേള്‍ക്കാന്‍ തുടങ്ങിയത്.
ന്‍റെ മോന്‍റെ പഠിത്തമൊക്കെ എങ്ങനണ്ടെന്ന് ചോദിച്ച അമ്മയോട് കൗസല്ല്യ ടീച്ചറാണത്രേ പറഞ്ഞത് , അവനതിന് പഠിപ്പിലല്ലല്ലോ ശ്രദ്ധ , ഏതു നേരവും ആമിനയുടെ വായേലേക്കും നോക്കിയിരിക്കലല്ലേ പണീന്ന്.

‘ഷ ‘ എന്ന പദം നാവില്‍ വരാത്ത ആമിന ‘മഗേശേന്നും’ വിളിച്ച് എന്‍റടുത്തേക്ക് വരും.
പിന്നെ കഥ പറഞ്ഞങ്ങ് തുടങ്ങലായി. ഉപ്പൂപ്പ പോവാറുള്ള ആഴ കടലിനെ പറ്റി, അവിടെ കാണണ കാഴ്ച്ചകളെ പറ്റി , ഉപ്പൂപ്പ കൊണ്ട് വരാറുള്ള മീനുകളെ പറ്റി..
എല്ലാം കേട്ട് കേട്ട് വായ പൊളിച്ചിരിക്കണ എന്‍റെ കൈവെള്ളയിലേക്ക് കൗസല്ല്യ ടീച്ചറുടെ ചൂരലെത്രയോ വട്ടം വന്ന് പതിച്ചിരിക്കുന്നു.

ആദ്യത്തെ പിരീഡ് തുടങ്ങി ഒരു പത്ത് പത്തരയാവുമ്പോ ഞാന്‍ മെല്ലെ തല വെട്ടിച്ച് പുറത്തേക്ക് നോക്കും.

മുറ്റമാകെ വെയിലേറ്റങ്ങ് തുടുത്ത് തുടുത്ത് വരണ സമയമാണത് . ഒരു പ്രത്യേക നിറമാണപ്പോ ചുറ്റിലും .അത് കാണുമ്പോ എന്‍റെ മനസ്സും തുടുക്കും. ഞാന്‍ ചെവിയോര്‍ത്ത് കാത്തിരിക്കും.

ദൂരേന്നപ്പോ കേള്‍ക്കാം , മമ്മദ് ക്കാന്‍റെ കൂക്കലും മീന്‍, മീനേന്നുള്ള വിളിയും.
ആ മീന്‍ കൊട്ടയിലേക്ക് എന്‍റെ മനസ്സ് കുറുകി കൂടണ സമയമാണത്.
എന്‍റെ ചുറ്റും തിരമാലകള്‍ വന്ന് നിറയണ പോലെ തോന്നും. കാറ്റ് വന്നെന്‍റെ മുടിയില്‍ തൊട്ട് തലോടണ പോലെ , അയലയും മത്തിയും സ്രാവും തിരണ്ടിയും മുള്ളനും നത്തോലിയും മാന്തയും മുന്നിലൂടങ്ങനെ ഓടിക്കളിക്കണ പോലെ..

തോന്നല് മുറുകുമ്പോ ഞാന്‍ ബഞ്ചീന്ന് പുറകിലേക്ക് നോക്കി ആമിനയോട് ചോദിക്കും , ഇന്നലേം അന്‍റെ വീട്ടില് മീന്‍ കൂട്ടാനായിരുന്നോന്ന്.

അതേന്ന് തലയാട്ടിയിട്ട് ഓള് പറയും , മീന്‍ വറുത്തതും ഉണ്ടായിനീന്ന്.
ഒരു കവിള്‍ ഉമിനീരിറക്കി ഞാന്‍ നേരെയിരിക്കും.

ഓരോ ദിവസം സ്കൂള്‍ വിടുമ്പോഴും പത്തേ പത്ത് സ്പീഡില്‍ വീട്ടിലേക്കോടും.
മുറ്റത്തെത്തിയ പാടെ ഉറക്കെ വിളിച്ച് ചോദിക്കും , ഇന്നെന്താ അമ്മേ ചോറിന് കൂട്ടാനെന്ന്.
സാമ്പാറ് , മത്തന്‍ കറി , പരിപ്പ് കറി , പാവക്കാ തോരന്‍ , ചീര തോരന്‍ , എന്നൊക്കെയുള്ള പതിവ് മറുപടിയില്‍ എത്രയോ വട്ടം എന്‍റെ കണ്ണ് നിറഞ്ഞൊഴുകിയിരിക്കുന്നു.

ഒരിറ്റ് മീന്‍ കറി കൂട്ടി ചോറുണ്ണാന്‍ കൊതിയാവുന്നെന്ന പരാതി പറഞ്ഞാ അപ്പോ കേള്‍ക്കാം , നിന്‍റെ അച്ഛന്‍ എന്‍റെ കയ്യില്‍ ഒരു കാലണ തരുന്നത് നീ കണ്ടിട്ടുണ്ടോ , അച്ഛനൊരുപാട് കടമുള്ളത് നിനക്കറിയാവുന്നതല്ലേ , അച്ഛമ്മയുടെ പെന്‍ഷന്‍ പൈസോണ്ടല്ലേ ഈ കുടുംബം കഴിയണത് , അച്ഛമ്മയല്ലേ വീട്ടു സാധനങ്ങളെല്ലാം വാങ്ങിക്കാറ് , നിനക്കറിയില്ലേ അച്ഛമ്മക്കെന്നും നൊയമ്പും പൂജയും പ്രാര്‍ത്ഥനയുമാണെന്ന് , അതോണ്ടല്ലേ ഇവിടേക്ക് മീനും ഇറച്ചിയുമൊന്നും അധികം വാങ്ങാത്തതെന്നൊക്കെ.

കേട്ട് മരവിച്ച പതിവ് പല്ലവികള്‍ക്കൊന്നും എന്നിലെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താനാവുമായിരുന്നില്ല . നിരാശ ബാധിച്ച എന്‍റെ മുഖം ഇടക്കിടെ കാണുന്നോണ്ടാവും , ഒരു ദിവസം അമ്മ പറഞ്ഞു , ന്‍റെ മോന്‍ ജോലിക്കൊക്കെ പോയി കാശുണ്ടാക്കുമ്പോ മീന്‍ വാങ്ങിക്കൊണ്ട് വന്നോ , അമ്മ ആരും കാണാതെ പുറത്തെ അടുപ്പില് വച്ച് വേവിച്ച് തരാന്ന്.

ഈ കാര്യം ആമിനയോട് പറഞ്ഞപ്പോ ഓള് പറഞ്ഞു , ഇനിക്ക് അന്‍റെ വീട്ടില് ജനിച്ചാ മതിയാര്‍ന്നെന്ന്, ന്നാ എന്നും സാമ്പാറും അവിയലും കൂട്ടി ചോറ് തിന്നാമായിരുന്നെന്ന്…..!
പിറ്റേന്നും ആലോചന ഇത് തന്നെയായിരുന്നു.

ആലോചിച്ചാലോചിച്ച് തല പുണ്ണാക്കി ഇരിക്കുമ്പോഴാണ് ആമിന വന്ന് പറഞ്ഞത് , ഒരു വഴിണ്ട് , അനക്ക് മീന്‍ വേണേല്‍ ന്‍റെ ഉപ്പൂപ്പ കൊണ്ടന്ന് തരും , പച്ചെ ഇജി ഉപ്പൂപ്പക്കെന്തേലും കൊടുക്കണം ന്ന്.
അരയിലൊരു കറുത്ത ചരടും വെള്ളം തൂറ്റണ ഒരു തോക്കു മാത്രം സ്വന്തമായുള്ള ഞാന്‍ ദയനീയമായി ആമിനയെ നോക്കി.

ഒാളപ്പോ അടുത്തേക്ക് വന്ന് പറഞ്ഞു , ങ്ങളെ വെയിലിക്കലുള്ള തേക്കില്ലേ , അതിന്‍റെ ഇലയില്ലേ , ആ ഇല മീന്‍ പൊതിയാന്‍ കൊണ്ട് കൊടുത്താ ഉപ്പൂപ്പ മീന്‍ തരാന്ന് പറഞ്ഞിണ്ട് , പോരാത്തതിന് അപ്പറത്തെ പറമ്പിലെ കൂവ്വേന്‍റെ ഇലയും എടുത്തോളാന്ന് പറഞ്ഞിക്ക്ണ് ന്ന്.

അമ്മയോട് കാര്യം പറഞ്ഞപ്പോള്‍ പാതി സമ്മതം മൂളി. പക്ഷെ തേക്കിന്‍റെ ഇല വെട്ടണതെങ്ങാനും അച്ഛനറിഞ്ഞാല്‍ അടിയുടെ പൊടി പൂരമാവുമെന്നും പറയാന്‍ മറന്നില്ല.
മൂര്‍ച്ച കുറഞ്ഞ ഒരു പിച്ചാത്തിയുമെടുത്ത് വെയിലിക്കലേക്ക് നടന്നു.

തേക്കിന്‍ തൈയ്യിലെ താണ് കിടക്കണ ഇല ഒരു പത്തെണ്ണം നോക്കി ഒടിച്ചു . കൂട്ടത്തില്‍ കുറച്ച് കൂവ്വയുടെ ഇലയും . കിണറ്റിന്‍ കരയിലെ കുല വന്ന വാഴേന്ന് ഒരു നാരെടുത്ത് രണ്ടും കൂടി ചേര്‍ത്ത് ചുറ്റി.

മമ്മദ് ക്കാ പോണ ഇടവഴിയിലെ തൈ തെങ്ങിന്‍റെ കൊരലില്‍ ആ കെട്ട് തിരുകി വച്ച് അമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞ് ഏര്‍പ്പാടാക്കി.

പിറ്റേന്ന് സ്കൂളിലെത്തി . പത്ത് മണിക്ക് ബെല്ലടിച്ചു , കൗസല്ല്യ ടീച്ചറെത്തി. വെയിലും വന്നു .സമയം പത്തരയാവാറായി . മമ്മദ് ക്കാന്‍റെ പൊടി പോലുമില്ല . ഞാന്‍ ആമിനയെ നോക്കി . ഓളപ്പോ എന്നേയും നോക്കി.

ആദ്യത്തെ പിരീഡ് കഴിഞ്ഞ് ടീച്ചറ് പോയി. എന്നിട്ടും മമ്മദ് ക്കാനെ കണ്ടില്ല .
നിരാശയോടെ ഞാന്‍ തലയും താഴ്ത്തിയിരുന്നു.പെട്ടെന്നതാ ഒരു കൂക്കി വിളി…..! തലയുയര്‍ത്തി നോക്കി.

അതെ … മ്മദ് ക്കായാണ് ….!സന്തോഷം കൊണ്ടെനിക്ക് വീര്‍പ്പ് മുട്ടി.ഞാന്‍ ആമിനയെ നോക്കി.
ടീച്ചര്‍മാര് പഠിപ്പിച്ചോണ്ടിരിക്കുന്നതിനിടയിലും അന്ന് പലവട്ടം തല വെട്ടിച്ച് ഞാന്‍ ആമിനയോട് ചോദിച്ചു , ഇന്നെന്ത് മീനാവും ഉപ്പൂപ്പാക്ക് കിട്ടിയിട്ടുണ്ടാവുകാന്ന്.

ഇരുന്നിട്ട് ഇരിപ്പുറച്ചില്ല . എങ്ങനെയെങ്കിലും വൈകുന്നേരമാവാന്‍ പ്രാര്‍ത്ഥിച്ചു .വൈകുന്നേരമായി. ബെല്ലടിച്ചു . പ്രാര്‍ത്ഥനക്ക് എഴുന്നേറ്റ് നിന്നു.

ജയ ജയ ജയഹേ ചൊല്ലി മുഴുമിപ്പിക്കാന്‍ നിന്നില്ല . ബാഗുമെടുത്ത് ഓടി . സ്കൂള്‍ ഗെയിറ്റ് കടന്നോടി.
ഇടവഴിയിലുള്ള തെങ്ങിന്‍ കൊരലായിരുന്നു ലക്ഷ്യം . അതിനടുത്തെത്തി നിന്ന് കിതച്ചു .
ഇല്ല … ഇലക്കെട്ടവിടെ കാണാനില്ല…!

സന്തോഷം തിരതല്ലി . വീണ്ടും ഓടി മുറ്റത്തേക്ക്.അടുക്കളയിലേക്ക് ചാടി കയറി . പാത്രമെല്ലാം ഓരോന്നോരോന്നായി തുറന്ന് നോക്കി. മീന്‍ കൂട്ടാന്‍ കണ്ടില്ല , വീണ്ടും തിരഞ്ഞു . കണ്ടില്ല . അതിനിടയില്‍ കൈ തട്ടി ഒരു പാത്രം താഴെ വീണു .ശബ്ദം കേട്ട് അമ്മ വന്നു . കാര്യം മനസ്സിലായ അമ്മ ചുണ്ടത്ത് വിരല്‍ വച്ച് പുറത്തുള്ള അടുക്കളയിലേക്കെന്നെ കൂട്ടിക്കൊണ്ട് പോയി.

അവിടെ ഒളിപ്പിച്ച് വച്ച ഒരു പിഞ്ഞാണം പുറത്തെടുത്ത് കാണിച്ച് തന്നു.
വാഴയിലയില്‍ പൊതിഞ്ഞ് കെട്ടി വറുത്ത് വച്ച ആറ് മത്തി…..!
കൈ കഴുകാനോടി. കഴുകിയ കൈ മൂട്ടില്‍ തുടച്ച് ചോറുണ്ണാനിരുന്നു .

മൂര്‍ദ്ധാവില്‍ എരിവ് കയറി ചുമച്ചപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു , എന്തിനാ ഇത്ര ആക്രാന്തം , സാവധാനം തിന്നാല്‍ പോരേ , നിനക്കുള്ളത് തന്നെയല്ലേ ഇതെന്ന്.
വയറ് നിറയെ ചോറ് തിന്ന് മുറ്റത്തിറങ്ങിയപ്പോള്‍ വല്ലാത്തൊരു സംതൃപ്തിയായിരുന്നു.
പിന്നീടുള്ള എന്‍റെ വൈകുന്നേരങ്ങള്‍ ഇല വെട്ടാനുള്ളതായിരുന്നു.
വെട്ടി വെട്ടി നാലാം നാള്‍ തേക്കിന്‍റെ ഇല തീര്‍ന്നു . പിന്നീടങ്ങോട്ട് കൂവ്വേന്‍റെ ഇല മാത്രമായി കെട്ടില്‍.

എന്നാലും മമ്മദ് ക്കാ എനിക്കായ് കൊടുക്കണ മീന്‍ മാത്രം ഒന്നില്‍ നിന്നില്ല . അതിങ്ങനെ തരാ തരം മാറി മാറി വന്നു .

ചിലപ്പോള്‍ മത്തി , ചിലപ്പോള്‍ അയല , ചിലപ്പോള്‍ കോര , ചിലപ്പോള്‍ മാന്ത . ഒരു ശനിയാഴ്ച്ച എനിക്ക് തന്നത് ഒരു കുമ്പിള്‍ നിറയെ ഏട്ട മീനിന്‍റെ മുട്ട……!
എന്നും രാവിലെ ആമിനയോട് വെറുതെയെങ്കിലും ചോദിക്കും , ഉപ്പൂപ്പ ഇന്നേത് മീനിനെയാ പിടിച്ചതെന്ന്.

അതിനുള്ള ഉത്തരം തേടി തന്നെയായിരുന്നു ഓരോ വൈകുന്നേരവും ഓടി കിതച്ച് ഞാന്‍ വീട്ടിലേക്കെത്തിയിരുന്നത്.
ഇടക്കെന്നോ ഒരു ദിവസം ഇല പൊട്ടിക്കാന്‍ കഴിഞ്ഞില്ല . പക്ഷെ പിറ്റേന്നും മീന്‍ കൂട്ടാന്‍ മുന്നിലുണ്ടായിരുന്നു.

ഇല കൊടുക്കാത്തപ്പോഴും മീന്‍ കയ്യില്‍ തന്നിട്ട് പോവുന്ന മമ്മദ് ക്കാനോട് ഞാനൊരീസം മടിച്ച് മടിച്ച് ചോദിച്ചു , ഇല തരാണ്ട് എന്തിനാ മ്മദ് ക്കാ എനിക്ക് മീന്‍ തരണേന്ന് .

അതിന് മറുപടിയായി പറഞ്ഞത് , എനിക്ക് ഇജ്യും ആമിനയും ഒരുപോലെയാണ് മോനേന്നാണ്.
ഒരീസം ഇലയുമായി ചെന്ന എന്നോട് പറഞ്ഞു , മോന്‍ ഇല പൊട്ടിക്കാനെന്നും പറഞ്ഞ് പൊന്തക്കാട്ടിലും മരത്തിലുമൊക്കെ കേറുമ്പോ സൂച്ചിക്കണം , വെസ ജന്തുക്കള്‍ക്ക് വെസം കൂടണ മാസമാണിതെന്ന്.

മീന്‍ കൊടുക്കുമ്പോ ചില ദിവസം അമ്മയോട് പറയുമായിരുന്നത്രേ , എരിയും പുളിയുമൊക്കെ കുറച്ചിട്ട് വെച്ച് കൊടുത്താ മതി , ചെറിയ കുട്ട്യല്ലേ ഓന്‍ ന്ന്.
എത്ര പെട്ടെന്നാണ് മമ്മദ്ക്കായും ആ കൂക്കിവിളിയും മീന്‍ കറിയും എന്‍റെ ജീവിതത്തിന്‍റെ ഭാഗമായത്.
ദിവസങ്ങളിങ്ങനെ കടന്ന് പോവുന്നതോടൊപ്പം കൂവ്വയുടെ ഇലയ്ക്കായി പറമ്പില്‍ നിന്ന് പറമ്പിലേക്ക് ഞാന്‍ ചേക്കേറി കൊണ്ടിരുന്നു .

കൊല്ല പരീക്ഷ തുടങ്ങിയ സമയം .അവസാന പരീക്ഷ കഴിഞ്ഞ് സ്കൂള്‍ പൂട്ടണ ദിവസം വൈകുന്നേരം മീന്‍ കൂട്ടാന്‍ മുന്നില് കണ്ടില്ല . കാര്യം ചോദിക്കണതിന് മുന്നേ അമ്മ ഇങ്ങോട്ട് പറഞ്ഞു , മമ്മദ് ക്കാ ഇന്ന് വന്നില്ല മോനേന്ന്.ഞാന്‍ പോയി തെങ്ങിന്‍ കൊരലില് നോക്കി , ഇലക്കെട്ട് അവിടെ തന്നെയുണ്ട് .പിറ്റേന്നും കണ്ടില്ല.

വീട്ടില്‍ ചോദിച്ചു . ആര്‍ക്കും അറിയില്ലാന്ന് പറഞ്ഞു.അന്നും ഇലക്കെട്ടിനടുത്ത് പോയി നോക്കി . വച്ചിടത്ത് തന്നെ ഉണ്ടായിരുന്നത്. പിറ്റേന്ന് ഇടവഴിയില്‍ നിന്ന് ഞാന്‍ കേട്ടു , ആ കൂക്കി വിളി.
അകത്ത് നിന്ന് ഞാനിറങ്ങിയോടി.

ദൂരേന്ന് കാണുന്നുണ്ടായിരുന്നു , മമ്മദ് ക്കാന്‍റെ മീന്‍ കൊട്ട. മീന്‍ വാങ്ങാന്‍ ചുറ്റും ആരൊക്കെയോ നില്‍ക്കുന്നുണ്ട് .സന്തോഷത്തോടെ കൊരലില്‍ നിന്ന് ഇലക്കെട്ട് ഊരിയെടുത്ത് മീന്‍ കൊട്ടക്കരികിലേക്ക് വേഗത്തില്‍ നടന്നു.

പക്ഷെ അതെന്‍റെ മമ്മദ്ക്കാ അല്ലാന്നൊരു തോന്നല്‍ ഓരോ അടി മുന്നോട്ട് നടക്കുമ്പോഴും മനസ്സിലേക്കിങ്ങനെ വന്ന് കൊണ്ടിരുന്നു.നടത്തത്തിന് വേഗത കുറഞ്ഞു .

അല്ല. അതെന്‍റെ മമ്മദ്ക്ക അല്ല എന്ന് ഞാന്‍ വേദനയോടെ മനസ്സിലാക്കി. നടത്തമവിടെ നിന്നു.
മീന്‍ വാങ്ങാന്‍ വന്ന പെണ്ണുങ്ങളിലൊരാള്‍ പറയുന്നുണ്ടായിരുന്നു , മനുഷ്യര്‍ടെ കാര്യം ഇത്രയേ ഉള്ളൂ , മമ്മദ് ക്കാ പോയെന്നങ്ങട്ട് വിശ്വസിക്കാന്‍ പറ്റണില്ലാന്ന്.കൂട്ടത്തിലൊരു ചേച്ചി പറഞ്ഞു , ന്തായാലും നരകിച്ച് കിടക്കാണ്ട് പോയല്ലോ , അതെന്നെ വല്ല്യ ഭാഗ്യം ന്ന്.

സങ്കടം സഹിക്കാനായില്ല.മെല്ലെ മെല്ലെ പിന്നോട്ട് നാലടി വച്ചു . തിരിഞ്ഞോടി . കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങുന്നുണ്ടായിരുന്നു.

കയ്യിലെ ഇലക്കെട്ട് ഞാന്‍ ദൂരേക്ക് വലിച്ചെറിഞ്ഞു .ആ തൈ തെങ്ങിന്‍റെ ചുവട്ടില്‍ കൂനിപ്പിടിച്ചിരുന്ന് കുറെ കരഞ്ഞു .

അത് കണ്ട് അമ്മ വന്നെന്‍റെ മുടിയില്‍ തലോടി പറഞ്ഞു , രണ്ടീസായി മമ്മദ് ക്കാ നമ്മളെയൊക്കെ വിട്ട് പോയിട്ട് , മോന് വിഷമമാവുമെന്ന് കരുതി അമ്മ പറയാതിരുന്നതാ എന്ന് . അമ്മയെ കെട്ടിപ്പിടിച്ച് പിന്നെയും കുറെ കരഞ്ഞു .ദിവസങ്ങളങ്ങനെ കടന്ന് പോയി.

പുതീയ മീന്‍കാരന്‍ വന്നപ്പോ മമ്മദ് ക്കായെ എല്ലാവരും മറന്നു .പക്ഷെ എനിക്ക് മറക്കാനാവുമായിരുന്നില്ലല്ലോ.

ഒരിക്കലുമിനി തിരിച്ച് വരില്ലെന്നറിയാമായിരുന്നിട്ടും ഇടവഴിയില്‍ നിന്നൊരു കൂക്കല്‍ കേട്ടാല്‍ അത് മമ്മദ് ക്കായാവുമെന്ന് പ്രതീക്ഷിച്ച് എത്രയോ വട്ടം ഞാന്‍ ഓടിപ്പോയി നോക്കിയിരിക്കുന്നു.
പറമ്പില് വളര്‍ന്ന് പന്തലിച്ച കൂവ്വയിലയില്‍ തലോടി എത്രയോ വൈകുന്നേരങ്ങളില്‍ സമയം പോയതറിയാതെ ഞാന്‍ നിന്നിരിക്കുന്നു.

കാലങ്ങളൊരുപാട് മുന്നോട്ട് പോയി.മമ്മദ് ക്കാ പോവ്വാറുള്ള ഇടവഴി ഇന്ന് ടാറിട്ട റോഡായി . തേക്കിന്‍ തൈകളെല്ലാം വളര്‍ന്നിന്ന് ഒത്ത വണ്ണമായി . കൂവ്വയില പൊട്ടിക്കണ പറമ്പിലിന്ന് വലിയ വലിയ വീട് വന്നു . ആ തൈ തെങ്ങിപ്പോ നിറയെ കായ്ച്ചിരിക്കുന്നു.

പക്ഷെ എല്ലാം മാറിയിട്ടും മാറാത്തത് ഞാന്‍ മാത്രമായിരുന്നു.ഒരു പത്ത് പത്തരയാവുമ്പോ എനിക്കിന്നും കേള്‍ക്കാം ,മമ്മദ്ക്കാ ന്‍റെ ആ കൂക്കി വിളി.

ഒരു കൊട്ടയില് മീനുമായി എന്‍റെ മുന്നിലൂടെ നടന്നങ്ങ് പോവുന്നത് കാണാം.അപ്പോ എന്‍റെ കണ്ണ് നിറഞ്ഞ് തുളുമ്പും. എങ്ങനെ തുളുമ്പാതിരിക്കും മമ്മദ് ക്കാ , മീന്‍ മാത്രമല്ലല്ലോ ങ്ങളെനിക്ക് പൊതിഞ്ഞ് തന്നിരുന്നത് , നിറയെ സ്നേഹവുമായിരുന്നില്ലേ….

Share this on...