ഒരു നിമിഷം പോലും കരയാതിരിക്കാൻ സാധിക്കില്ല ഇത് കേട്ടാൽ

in Story 754 views

വിശപ്പിന്റെ കഥ

രചന: റഹീം പുത്തൻചിറ…

“എനിക്കും ജീവിക്കണം.. എനിക്കും വിശക്കുന്നുണ്ട് “…. അങ്ങാടിയിലെ റേഷൻ കടയിൽ അരി വാങ്ങാൻ നിൽക്കുമ്പോഴാണ് ആ ശബ്ദം കേട്ടത്… ഒരു കടയുടെ മുൻപിൽ ഒരു ബാലൻ നിന്നു കരയുന്നു… രണ്ടു മൂന്നു ആളുകൾ ചുറ്റും കൂടി ചെക്കനെ കോളറിൽ പിടിച്ചിട്ടുണ്ട്. അവന്റെ കയ്യിൽ പാതി പൊട്ടിയ ബ്രെഡ്‌ പാക്കറ്റ് ഉണ്ടായിരുന്നു…

അവൻ കരഞ്ഞു കൊണ്ട് ചുറ്റും നോക്കുന്നുണ്ട്… കാര്യം എന്താണന്നറിയാനുള്ള ആകാംഷ ആയിരിക്കണം ആളുകൾ അവിടേക്ക് പോകുന്നുണ്ട്… സാധനങ്ങൾ വാങ്ങി ഞാനും അങ്ങോട്ട് ചെന്നു…

“ഇത്ര ചെറുപ്പത്തിലേ ഇവൻ ഇങ്ങനെയാണെങ്കിൽ വലുതാകുമ്പോൾ എന്തായിരിക്കും കാണിക്ക..”.. കടക്കാരൻ ആണെന്ന് തോന്നുന്ന ആൾ അതും പറഞ്ഞു ആളുകളുടെ മുഖത്തേക്ക് നോക്കി…. എല്ലാവരും ശരിയാണെന്നു മട്ടിൽ തലയാട്ടി…

“എന്റെ മക്കളൊന്നും ഇങ്ങനെ കാണിക്കില്ല..”. കൂടി നിന്ന ആളുകൾക്കിടയിലെ ഒരു സ്ത്രീ മൂക്കത്തു വിരൽ വെച്ചുകൊണ്ട് പറഞ്ഞു…

ഒരു തീവ്രവാദിയെ ആദ്യമായി കാണുന്ന തരത്തിൽ ആളുകൾ വന്നു നോക്കി നിന്നു… ചെറിയ ചെക്കനാ… മോഷ്ടിക്കാൻ നടക്കുന്നു…. ഇവന് വീട്ടിൽ ആളില്ലേ ചോദിക്കാനും പറയാനും… ആളുകൾ പലതും പറഞ്ഞു കൊണ്ടിരുന്നു…

കീറിയ ട്രൗസർ ഒരു കയ്യിലും ബ്രണ്ടിന്റെ പൊതി മറു കയ്യിലും പിടിച്ചു അവൻ തല കുമ്പിട്ടു നിന്നു..അപ്പോഴും അവൻ പിറുപിറുക്കുന്നുണ്ടായിരുന്നു…”എനിക്കും വിശക്കുന്നുണ്ട്.”.. ആ വാക്കുകൾ മാത്രം ആരുടെയും ചെവിയിൽ എത്തിയിരുന്നില്ല…അല്ലങ്കിലും അതു അങ്ങനെയാണല്ലോ…

വലിയ അങ്ങാടിയിലെ വലിയ ആൾക്കൂട്ടത്തിലും അവനെ രക്ഷിക്കാൻ ഒരു സൂപ്പർ മാൻ വരുമെന്ന് അവൻ കരുതുന്നില്ല… ഇരുപത് രൂപ കൊടുത്താൽ അയാൾ അവനെ വിടുമായിരിക്കും…അതു കൊടുക്കുന്ന ആൾ അവനു ഒരു സൂപ്പർ മാനായി തോന്നാം…എങ്കിലും അങ്ങനെയൊന്നു അവിടെ സംഭവിക്കില്ല….

ഞാനടക്കമുള്ള ആളുകൾ അതു കണ്ടു നിന്നു അഭിപ്രായങ്ങളുടെ കോട്ടകൾ തീർക്കുന്നു….
“ഇനി മേലാൽ ഇവിടെ കണ്ടു പോകരുത്” അതും പറഞ്ഞു അയാൾ അവന്റെ കോളറിലെ പിടിത്തം വിട്ടു…അവൻ പക്ഷെ ഓടിയില്ല… കയ്യിലുള്ള പാക്കറ്റ് അയാൾക്ക് നേരെ നീട്ടി… അയാളത് വാങ്ങിയില്ല…. ചിലപ്പോൾ പൊട്ടിയ പാക്കറ്റ് ആയതുകൊണ്ടായിരിക്കാം അയാളത് വാങ്ങാതിരുന്നത്… അയാൾ തിരിച്ചു കടയിലേക്ക് കയറി….

ആളുകൾ അവരുടെ കാര്യങ്ങളിലേക്ക് തിരിഞ്ഞു…. ചിലർ വീട്ടിലെത്തിയാൽ പറയാനുള്ള ഈ കഥയുടെ ഭാഗങ്ങൾ മനസ്സിൽ എഴുതികൊണ്ടിരുന്നു…. കുറച്ചു നേരം ആരെയും നോക്കാതെ അങ്ങിനെ നിന്നുകൊണ്ട് അവനും ആ പൊതിയുമായി നടന്നു നീങ്ങി… ഞാനും അവനു പിന്നാലെ നടന്നു…

ആ വലിയ പാലത്തിന്റെ അടിയിൽ ഷീറ്റു കൊണ്ട് മറച്ച കൊച്ചു കൂരയുടെ മുൻപിൽ അവൻ നിന്നു… അവൻ വന്നത് അറിഞ്ഞു കൊണ്ടാണെന്നു തോന്നുന്നു ചെറിയ കുട്ടി അതിൽ നിന്നും ഇറങ്ങി വന്നു… വന്നപാടെ അവന്റെ കയ്യിൽ നിന്നും ബ്രെഡിന്റെ പാക്കറ്റ് മേടിച്ചു അവൻ കഴിച്ചു കൊണ്ടിരുന്നു…. കണ്ടാൽ അറിയാം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നു.. ഇവരെ ദിനം പ്രതി കാണുന്ന ഒരുപാട് ആളുകളുണ്ട്… ഞാനടക്കമുള്ളവർ…

ചിലർ അവരെ വെറുപ്പോടെ നോക്കും… ചിലർ സഹതാപത്തോടെ…അവർക്ക് വൃത്തിയില്ല… നല്ല വസ്ത്രമില്ല…പക്ഷെ അവർക്ക് വിശപ്പുണ്ട്… ഭക്ഷണം കഴിക്കാതെയിരുന്നാൽ വയറിൽ കൊത്തി വലിക്കുന്ന വിശപ്പ്…ആ വിശപ്പായിരിക്കാം അവരെ മോഷ്ടിക്കാൻ പ്രേരിപ്പിക്കുന്നത്…..

ആ വിശപ്പിന്റെ വില നല്ലത് പോലെ അറിയുന്നത് കൊണ്ടായിരിക്കാം പാതി ഭക്ഷണം അവൻ പങ്കു വെച്ചത്….കൂടെയുള്ള ചെറിയ കുട്ടി അവന്റെ അനിയനോ അതോ ഇതുപോലെ ആരുമില്ലാത്തവനോ ആയിരിക്കാം…എങ്കിലും അവർ കൈകൾ ചേർത്തു പിടിച്ചിട്ടുണ്ട്…

തളർച്ചയോടെ ഇരിക്കുന്ന അവരുടെ അരികിലേക്ക് ഞാൻ ചെന്നു… കടയിൽ നിന്നും മേടിച്ച സാധനങ്ങൾ അവരുടെ അടുത്ത് വെച്ചു ഞാൻ തിരിച്ചു നടന്നു…ആ സമയത്തു
രണ്ടു കണ്ണുകളിലും ഒരു തരി വെളിച്ചം കണ്ടു…

പറന്നു നടന്നു ജനങ്ങളെ രക്ഷിക്കുന്നവർ മാത്രമല്ല സൂപ്പർ മാൻ… ചിലപ്പോൾ ഒരു പൊതി ഭക്ഷണം കൊടുത്തും സൂപ്പർ മാൻ ആകാം…വലിയ ലോകത്തെ ചെറിയ സൂപ്പർ മാൻ…
✍️റഹീം പുത്തൻചിറ…

Share this on...