മരുമകൻ വീട്ടിൽ വന്ന് പറഞ്ഞത് കേട്ട് ഉമ്മയും ഉപ്പയും പൊട്ടിക്കരഞ്ഞു പോയി

in Story 563 views

അളിയൻ ഇന്ന് വിരുന്നു വരുമെന്ന് ഉമ്മ ഉപ്പയോട്‌ പറയുന്നത് കേട്ട ഞാൻ സന്തോഷിച്ചെങ്കിലും ഉപ്പയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു വിഷമം ഞാൻ കണ്ടു. സ്ത്രീധനത്തിന്റെ ബാക്കി അളിയൻ ചോദിക്കുമോ എന്ന ഭയമായിരുന്നു ഉപ്പയുടെ മുഖത്തെന്ന് അധികം ആലോചിക്കാതെ തന്നെ എനിക്ക് മനസ്സിലായി.

മൂന്ന് വർഷമായി ഇത്തയുടെ കല്ല്യാണം കഴിഞ്ഞിട്ട്. ഇനിയും, അന്ന് പറഞ്ഞ കണക്കിൽ അഞ്ചു പവൻ കൂടി കൊടുക്കണം, എന്റേയും അനിയത്തിയുടേയും പഠിപ്പ്, വീട്ടിലെ ദിവസച്ചിലവ് എല്ലാം കഴിഞ്ഞ് ബാക്കിയുള്ളതാണ് വീടിന്റെ ആധാരം വെച്ചെടുത്ത ലോണിലേക്കും ഉപ്പ അടക്കുന്നത്. ഞാൻ വലുതായി ജോലി ചെയ്യാൻ തുടങ്ങിയാൽ എന്റെ ഉപ്പയെ ഞാൻ പണിക്കൊന്നും അയക്കില്ല. എങ്ങിനെയെങ്കിലും ഒന്ന് വേഗം വലുതായാൽ മതി എന്നായിരുന്നു എന്റെ ചിന്ത.

ഇത്തയും അളിയനും വരുന്നത് നോക്കിയിരിക്കുകയാണ് അനിയത്തി.
അവൾക്ക് അളിയൻ കൊണ്ടുവരുന്ന
മിഠായിയാണ് പ്രതീക്ഷ. ഉമ്മ അടുക്കളയിൽ പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്, ഉപ്പ വിളിച്ച് പറഞ്ഞു “ദേ അവർ വരുന്നുണ്ട് ” ഉമ്മ അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് ഓടി. ഞാനും അനിയത്തിയും മുന്നിലുണ്ട്.

ഇത്തയാണ് മുന്നിൽ വരുന്നത് നല്ല സന്തോഷത്തിലാണ് വരുന്നത് എന്നെ നോക്കി ചെക്കൻ വലുതായല്ലോ എന്ന് പറഞ്ഞ് അകത്തേക്ക് പോയി,വാ മോനെ കയറിയിരിക്ക് എന്ന് പറഞ്ഞ് അളിയനെ ഉമ്മയും ഉപ്പയും സ്വീകരിച്ചിരുത്തി, കാര്യമെന്തൊക്കെ പറഞ്ഞാലും അളിയൻ ഇത്തയെ പൊന്നുപോലെയാണ് നോക്കുന്നത് അതിന്റെ സ്നേഹം ഞങ്ങൾക്ക് അളിയനോടുണ്ട്. ഉമ്മ സുഖാന്വേഷണം കഴിഞ്ഞ് അടുക്കളയിലേക്ക് പോയി ഇത്തയുമായി…..

കുറച്ച് സമയത്തിനുള്ളിൽ ഉമ്മ ചായയും പലഹാരങ്ങളും കൊണ്ടു വന്നു. ഞങ്ങൾ എല്ലാവരും കൂടി ചായ കുടിച്ചു, അളിയൻ പറഞ്ഞു തിരക്കില്ലെങ്കിൽ ഉമ്മയോട് ഇങ്ങോട്ട് വരാൻ പറയൂ എനിക്ക്‌ ഒരു കാര്യം പറയാനുണ്ട്….!

ഞാൻ ഉപ്പയുടെ മുഖത്തേക്ക് നോക്കി. ആകെ മുഖം വാടിയിരിക്കുന്നു. ഉമ്മ അടുക്കളയിൽ നിന്ന് ഓടി വന്ന് എന്താ മോനെ എന്ന് ചോദിച്ചു…..!

അളിയൻ പറയാൻ തുടങ്ങി. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷങ്ങളായി. ഇത് വരെ ഒരു കുഞ്ഞിക്കാലു കാണാൻ കഴിഞ്ഞിട്ടില്ല എന്ന സങ്കടമുണ്ടെങ്കിലും നിങ്ങളുടെ മകൾ എന്നെയും എന്റെ മാതാപിതാക്കളെയും ഇന്നേ വരെ സങ്കടപ്പെടുത്തിയിട്ടില്ല. അതിന് ഞാൻ നിങ്ങളോട് രണ്ടാളോടും എന്നും കടപ്പെട്ടവനാണ് എന്ന് പറയുമ്പോൾ അളിയന്റെ കണ്ണുകൾ നിറഞ്ഞു.

കഴിഞ്ഞ ദിവസം ഞാൻ എന്റെ കൂട്ടുകാരന്റെയും ഭാര്യയുടെയും പ്രശ്നം തീർക്കാൻ പോയി. അവിടെ വെച്ചാണ്‌ ഞാൻ നിങ്ങളുടെയും എന്റ ഭാര്യയുടെയും വില അറിയുന്നത്, അവന്റെ ഭാര്യക്ക് വീട്ടിലെ ജോലികൾ ചെയ്യാൻ വയ്യത്രേ. അവന്റെ ഉപ്പയുടെയും ഉമ്മയുടെയും കൂടെ ഇനി അവൾക്ക് ജീവിക്കാൻ വയ്യ എന്നും അവരെ വൃദ്ധസദനത്തിൽ കൊണ്ട് പോയി ആക്കിയാൽ അവൾ അവന്റെ കൂടെ ജീവിക്കാം എന്നും ഇല്ലെങ്കിൽ അവളെ ഇനി ഞങ്ങൾ അവിടേക്ക് പറഞ്ഞയക്കില്ല എന്ന് അവളുടെ ഉപ്പയും ഉമ്മയും പറഞ്ഞപ്പോൾ ഞാൻ വാങ്ങിയ സ്ത്രീധനത്തെക്കാൾ വലിയ ധനമാണ് എന്റെ ഭാര്യയും അവളെ അച്ചടക്കത്തോടെ വളർത്തിയ നിങ്ങളുടെ അനുഗ്രവും പ്രാർത്ഥനയുമാണ്‌ ഞങ്ങളുടെ ജീവിതമെന്നും എനിക്ക്‌ മനസിലായത്.

അളിയന്റെ വാക്കുകൾ ഉപ്പയെയും ഉമ്മയെയും അഭിമാനം കൊള്ളിച്ചു ഉമ്മ ഇത്തയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു മോളെ ഒരിക്കലും അവനെയും അവിടുത്തെ ഉമ്മയെയും ഉപ്പയേയും നീ സങ്കടപ്പെടുത്തരുത് അങ്ങിനെ സംഭവിച്ചാൽ ഞാങ്ങളായിരിക്കും കുറ്റക്കാർ. ഇത്ത ഉമ്മയോട് പറഞ്ഞു. ഉമ്മാ… നിങ്ങൾ എന്നെ പോറ്റിവളർത്തിയ പോലെ എന്റെ ജീവനായ എന്റെ ഇക്കയെ വളർത്തി
വലുതാക്കിയ അവരെ ഞാൻ സങ്കടപ്പെടുത്തിയാൽ പിന്നെ ഇക്കയുടെ ഭാര്യയാവാൻ എന്ത് യോഗ്യതയാണ് എനിക്കുള്ളത്…..ഞാൻ അങ്ങനെ ചെയ്യോ ഉമ്മാ…..എന്ന് പറഞ്ഞ് കരയാൻ തുടങ്ങി.

അളിയൻ അരയിൽ നിന്നും ഒരു പൊതിയെടുത്ത് ഉപ്പാക്ക് നേരെ നീട്ടി. എന്നിട്ട് പറഞ്ഞു. നാളെ ഈ വീടിന്റെ ആധാരം എടുക്കണം നിങ്ങളുടെ പേരിൽ ഞങ്ങൾക്ക് വേണ്ടി ഇനി കടം ഉണ്ടാവരുത് എന്ന് പറഞ്ഞപ്പോൾ ഞാൻ പോയി അളിയനെ കെട്ടിപ്പിടിച്ചു ഉപ്പ പൊട്ടികരയാൻ തുടങ്ങി അന്ന് വീട്ടിൽ ഉണ്ടാകിയതിനെല്ലാം നല്ല സ്വാദായിരുന്നു….
കടപ്പാട് : ഇതെഴുതിയ ആ നല്ല മനുഷ്യനോട്..

Share this on...