ഭർത്താവ് ജോലിക്കു പോകുമ്പോൾ റൂമിൽ പൂട്ടിയിട്ട് പോകുന്ന ഭാര്യക്ക് സംഭവിച്ചത് കണ്ടാൽ പൊട്ടികരഞ്ഞുപോകും.!!

in News 263 views

ആറാം നിലയിലെ ബാൽക്കണി നിർത്താതെയുള്ള കോളിങ് ബെല്ലിന്റെ ശബ്‍ദം കേട്ടിട്ടാണ് സാറ വാതിൽ തുറന്നത്. മുന്നിൽ അപ്പാർട്ടുമെന്റിന്റെ ഗേറ്റിലെ സെക്യൂരിറ്റിയാണ്. അയാളുടെ കയ്യിലെ മനോഹരമായ ചെറിയ ബൗളിലെ വെള്ളത്തിൽ രക്തവർണ്ണത്തിലുള്ള ചിറകുകൾ വിരിച്ച് ഒരു കുഞ്ഞു മീൻ നീന്തിക്കളിക്കുന്നുണ്ടായിരുന്നു. സാറ ചോദ്യാർത്ഥത്തിൽ അയാളുടെ മുഖത്തേക്കു നോക്കി. “കണ്ടപ്പം ഒരിഷ്ടം തോന്നി വാങ്ങിയതാ മോളേ… രണ്ടെണ്ണമുണ്ടായിരുന്നു. ദാ ഇന്നു നോക്കീപ്പോ ഒരെണ്ണം ചത്തു കിടക്കുന്നു. എനിക്കിതിനെയെങ്ങും നോക്കാൻ അറിയില്ലന്നെ…!!” അയാൾ കയ്യിലിരുന്ന ബൗൾ അവൾക്കു നേരെ നീട്ടിപ്പിടിച്ചു.

സാറ ഒന്നും പറഞ്ഞില്ല, പക്ഷേ അതിനിപ്പോ ഞാനെന്തു വേണം എന്ന ചോദ്യം അവളുടെ മുഖത്തുണ്ടായിരുന്നു. അതിനു മറുപടിയെന്നോണം അയാളൊന്നു ചിരിച്ചു.കണ്ണുകൾ അല്പം ഇറുക്കിപ്പിടിച്ചു ചിരിച്ചപ്പോൾ പാതിയോളം നരവീണു വായിലേക്ക് ഇറങ്ങി വളർന്നിരുന്ന മീശയ്ക്കിടയിലൂടെ അയാളുടെ വെളുത്ത പല്ലുകൾ കാണാമായിരുന്നു.“മോളു നോക്കിക്കോളാമോ… ഇതിനെ? പുറത്തു വച്ചാൽ വല്ല പട്ടിയോ പൂച്ചയോ തിന്നിട്ടു പോകും.
സാറയ്ക്ക് ദേഷ്യം വന്നു.ഇയാൾക്കിതെന്തിന്റെ സൂക്കേടാ… എനിക്ക് പണിയൊന്നുമില്ലെന്നോർത്ത് ഇറങ്ങിയേക്കുവാണോ? എന്നു ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷേ ഒന്നും പറഞ്ഞില്ല.

അവളുടെ ഭാവമാറ്റം കണ്ടപ്പോൾ അയാളുടെ മുഖം മങ്ങി. അൽപനേരം പതറി നിന്നിട്ട് ഒന്നും പറയാതെ വാതിലിന്റെ മുന്നിൽ ആ ബൗൾ വച്ച് അയാൾ നടന്നു പോയി.
കോറിഡോറിലെങ്ങും മാറ്റാരുമില്ലായിരുന്നു. അയാൾ നടന്ന് ലിഫ്റ്റിന്റെ അടുത്തെത്തുന്നതുവരെ നോക്കി നിന്നിട്ട് സാറ വാതിലടച്ച് പിന്തിരിഞ്ഞു നടന്നു.

ലിവിങ് റൂമിലെ സോഫയിലേക്ക് ചാരിക്കിടന്നുകൊണ്ട് അവളോർത്തു, ഇനിയെന്താണ് ചെയ്യാനുള്ളത്…?
എന്തു ചെയ്യാൻ…?
സേവിച്ചൻ ഓഫീസിലേക്കു പോയിക്കഴിഞ്ഞാൽ എന്നും ഇങ്ങനെയൊക്കെത്തന്നെയാണ്.
രാവിലത്തെ ബ്രേക്ക്ഫാസ്റ്റിന്റെയൊപ്പം തന്നെ ഉച്ചക്കത്തേക്കുള്ള ഫുഡും റെഡിയാക്കൊടുത്തു വിടേണ്ടതുകൊണ്ട് അതിരാവിലെ എഴുന്നേറ്റ് ഓരോട്ടമാണ്. സേവിച്ചൻ പോകാൻ ഇറങ്ങുമ്പോഴേക്കും വീട്ടിലെ പണികൾ മിക്കവാറും തീർന്നിരിക്കും. ഇനി വൈകുന്നേരം വരെ അപ്പാർട്ടുമെന്റിൽ ഒറ്റയ്ക്കിരിക്കണം.

മാസത്തിൽ ഒരിക്കൽ കുട്ടികൾ രണ്ടാളും ഹോസ്റ്റലിൽ നിന്നു വരുമ്പോഴാണ് വീടിനൊരു ജീവൻ വയ്ക്കുന്നത്.
മേശപ്പുറത്തിരുന്നു മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി. എഴുന്നേറ്റു രണ്ടടി നടന്ന് മേശയുടെ അടുത്തു ചെന്ന് ഫോൺ എടുക്കാൻ പോലും സാറയ്ക്ക് മടി തോന്നി. കുറച്ചു നാളായി താൻ ഇങ്ങനെയൊക്കെത്തന്നെയാണെന്ന് അവൾ ഓർത്തു.
ഫോണിൽ അമ്മയായിരുന്നു. എടുക്കണോ വേണ്ടയോയെന്ന് രണ്ടുവട്ടം ആലോചിച്ചു.
വേണ്ട…. അമ്മയ്ക്ക് പ്രത്യേകിച്ചൊന്നും പറയാനുണ്ടാവില്ല. വീട്ടിലെയും നാട്ടിലെയും ആരുടെയെങ്കിലുമൊക്കെ കുറേ കാര്യങ്ങൾ. ഈയിടെയായി ഒന്നും കേൾക്കാൻ താല്പര്യം തോന്നാറില്ല. അതുകൊണ്ടു തന്നെ ആരേയും അങ്ങോട്ടോട്ടു വിളിക്കാറുമില്ല.

അവൾ ലിവിങ് റൂമിൽ നിന്നുള്ള ഗ്ലാസ്സ് ഡോർ തുറന്ന് ബാൽക്കണിയിലേക്കിറങ്ങിയിരുന്നു. നേരം പതിനൊന്നു മണിയാകുന്നതേയുള്ളു. എന്നിട്ടും തെളിയുന്ന വെയിലിനു കത്തുന്ന ചൂടാണ്.
അപ്പാർട്ട്മെന്റിന്റെ ആറാം നിലയിലുള്ള ആ ബാൽക്കണിയിൽ നിന്നു നോക്കിയാൽ നഗരത്തിന്റെ വലിയൊരു ഭാഗം കാണാം.
നാട്ടിൻപുറത്തിന്റെ പച്ചപ്പിൽ നിന്ന് സേവിച്ചൻ കല്യാണം കഴിച്ച് ഇങ്ങോട്ടു കൊണ്ടു വരുമ്പോൾ സാറായ്ക്ക് അതൊരു അത്‍ഭുതക്കാഴ്ച്ച തന്നെയായിരുന്നു.

നഗരത്തിന്റെ തിരക്കിനെ ഒട്ടും തിരക്കില്ലാതെ ദൂരെയൊരിടത്തിരുന്ന് നോക്കിക്കാണുക! പക്ഷേ ഇന്ന് അതൊരു മടുപ്പിക്കുന്ന ദൃശ്യം മാത്രം! എന്നിട്ടും പകൽനേരങ്ങളിൽ സാറ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ ബാൽക്കണിയിൽ തന്നെയായിരുന്നു.
വെറുതെ ദൂരങ്ങളിലേക്ക് നോക്കിയിരിക്കും, മനസ്സിൽ പതിയാത്ത ഒരുപാടു കാഴ്ചകൾ കണ്ണിലൂടെ മാറിമറിഞ്ഞു പൊയ്ക്കൊണ്ടേയിരിക്കും.

അപ്പാർട്ടുമെന്റിന്റെ ഗേറ്റിനു മുന്നിലെത്തിയ ഒരു കാർ ഉച്ചത്തിൽ ഹോണടിക്കാൻ തുടങ്ങി. സെക്യൂരിറ്റി ഇറങ്ങിവന്ന് ഗേറ്റ് തുറന്ന് വാഹനത്തെ ഉള്ളിലേക്ക് കടത്തി വിടുമ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്നയാൾ വണ്ടി നിർത്തി അയാളോടെന്തോ പറഞ്ഞു.
ഈ വയസ്സൻ സെക്യൂരിറ്റിയായി വന്നിട്ട് രണ്ടോ മൂന്നോ ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. അതിനു മുൻപ് ഒരു ചെറുപ്പക്കാരനായിരുന്നു. സേവിച്ചൻ വാങ്ങിക്കൊണ്ടു വരുന്ന സാധനങ്ങൾ മിക്കവാറും ഫ്ലാറ്റിൽ എത്തിച്ചു തരുന്നത് അവനായിരുന്നു.

കാർ അകത്തേക്കു പോയിക്കഴിഞ്ഞപ്പോൾ ഗേറ്റടച്ചിട്ട് തന്റെ ക്യാബിനിലേക്കു തിരിഞ്ഞു നടക്കുന്നതിനിടയിൽ ആ വയസ്സൻ പെട്ടെന്നു നിന്നു. അയാളുടെ നോട്ടം നേരെ വീണത് ആറാം നിലയിലെ ബാൽക്കണിയിലേക്കായിരുന്നു.
പെട്ടെന്ന് ഒഴിഞ്ഞു മാറാൻ സാറായ്ക്ക് കഴിഞ്ഞില്ല. ഒരു നിമിഷം നോട്ടങ്ങൾ തമ്മിൽ ഉടക്കി.
വീടിനുള്ളിലേക്കു തിരിഞ്ഞു നടക്കുമ്പോൾ അവൾ ഓർത്തു, ആ മീൻ കുഞ്ഞിനെ വാതിൽക്കൽ വച്ചിട്ടാണ് അയാൾ പോയത്!
സാറ നേരെ മുൻവശത്തെ വാതിലിനു നേരെ നടന്നു. ബൗൾ അവിടെത്തന്നെ ഭദ്രമായി ഇരിപ്പുണ്ട്. അവൾ കയ്യിലെടുത്തപ്പോൾ അതിനുള്ളിലെ കുഞ്ഞുമീൻ തുള്ളിക്കളിക്കാൻ തുടങ്ങി.

ലിവിങ് റൂമിൽ ടി വിയുടെ അരികിലുള്ള ചെറിയ സ്റ്റാൻഡിന്മേൽ അവൾ ബൗൾ വച്ചു.
ഇതിന് എന്താണ് തീറ്റ കൊടുക്കുക?
നാട്ടിൽ വീടിനടുത്തുള്ള കുളത്തിൽ നിറയെ മത്സ്യങ്ങളുണ്ടായിരുന്നു. കുളത്തിലെ പായലും മറ്റും ഭക്ഷിച്ചു ജീവിച്ചിരുന്ന അവയ്ക്ക് എന്തെങ്കിലും തീറ്റ കൊടുത്തിരുന്നതായി ഓർക്കുന്നില്ല. പക്ഷേ ഇത് അങ്ങനല്ലല്ലോ, തെളിഞ്ഞ വെള്ളം മാത്രം!
ആരോടാണിപ്പോ ചോദിക്കുക? അപ്പാർട്ടുമെന്റിൽ ഒരുപാടു താമസക്കാർ ഉണ്ടെങ്കിലും ആരുമായും സാറയ്ക്ക് അത്ര അടുപ്പമൊന്നുമില്ല. മിക്കവാറും എല്ലാവരും ടി വി സീരിയലുകളും മൊബൈലുമായി അവരവരുടെ ലോകത്തേക്ക് ഒതുങ്ങിക്കൂടുന്നവരാണ്.

മക്കൾക്ക്‌ അറിയുമായിരിക്കും! പക്ഷേ വൈകിട്ട് സ്കൂളിൽ നിന്ന് ഹോസ്റ്റലിലെത്തി അവർ ഫോൺ ചെയ്യുംവരെ ഇതിനെയെങ്ങനെയാണ് പട്ടിണിക്കിടുക!
അവൾ ഫോണെടുത്ത് സേവിച്ചനെ വിളിച്ചു. ഒറ്റ റിങ്ങിനു തന്നെ അയാൾ ഫോണെടുത്തു.
“ഹലോ സാറാ….!” പെട്ടെന്ന് സാറയുടെ കോൾ വന്നപ്പോൾ അയാൾ പരിഭ്രമിച്ചു പോയി.
വിവാഹം കഴിഞ്ഞു വന്ന സമയത്ത് സേവിച്ചൻ ഓഫീസിൽ പോയാൽ ഒരു ദിവസം പലവട്ടം ഫോൺ ചെയ്തില്ലെങ്കിൽ സാറയ്ക്ക് സമാധാനംകിട്ടില്ലായിരുന്നു.

കണ്ടതും കേട്ടതുമായി ഒരുപാടു കാര്യങ്ങൾ അവൾ പറയും സേവിച്ചൻ ക്ഷമയോടെ കേൾക്കും.
പിന്നെപ്പിന്നെ സേവിച്ചന് ജോലിത്തിരക്കു കൂടിക്കൂടി വന്നു. അയാൾക്ക് കേൾക്കാനുള്ള ക്ഷമ കുറഞ്ഞതോടെ സാറയുടെ വിളികളുടെ എണ്ണവും കുറഞ്ഞു.
ഇപ്പോൾ എന്തെങ്കിലും വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അവൾ ഫോൺ ചെയ്യാറുള്ളൂ.
“സാറാ…. എന്താ ഒന്നും മിണ്ടാത്തത്..? എന്തുപറ്റി നിനക്ക്…?”
“അതേയ്… ഈ മീനിന് എന്തു തീറ്റയാണ് കൊടുക്കുന്നതെന്നു നിങ്ങൾക്കറിയാമോ…?”

സേവിച്ചൻ ഫോൺ ചെവിയിൽ നിന്നെടുത്ത് ഒന്നുകൂടി സ്‌ക്രീനിൽ നോക്കി അതു സാറ തന്നെയാണെന്ന് ഉറപ്പു വരുത്തി.
“നീയെവിടെയാ…. കടൽ കാണാൻ പോയോ…?” സേവിച്ചന്റെ വാക്കുകളിൽ കുസൃതി നിറഞ്ഞു.
“കടലിലെ മീനിനല്ല മനുഷ്യാ… ചെറിയൊരു ബൗളിൽ കിടക്കുന്ന ഒരു മീൻ കുഞ്ഞിന് എന്താണ് തീറ്റ കൊടുക്കുന്നതെന്ന്….?” സാറയ്ക്ക് ശുണ്ഠി കയറി.
പക്ഷേ സേവിച്ചന് വലിയ സന്തോഷമായിരുന്നു. വളരെ നാളുകൾക്കു ശേഷമാണ് അവർ തമ്മിൽ അങ്ങനെയൊരു സംഭാഷണം നടക്കുന്നത്. സാറ മീനിന്റെ ചരിത്രം മുഴുവൻ വിവരിച്ചു.

“ഓക്കെ…. ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ ഏതെങ്കിലുമൊരു പെറ്റ് ഷോപ്പിൽ കയറി തീറ്റ വാങ്ങി വരാം…”
“നിങ്ങൾ വൈകിട്ടല്ലേ വരൂ….?
അത്രയും നേരം ഇതിനെ പട്ടിണിക്കിടാനോ…?” സാറയ്ക്ക് അതിഷ്ടമായില്ല.
അര മണിക്കൂറിനുള്ളിൽ സേവിച്ചന്റെ കാർ അപ്പാർട്ടുമെന്റിന്റെ പാർക്കിങ് ഏരിയയിൽ എത്തി നിന്നു. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ആദ്യമായിട്ടായിരുന്നു ജോലിത്തിരക്കുകൾ മാറ്റിവച്ച് അയാൾ നേരത്തേ വീട്ടിലെത്തുന്നത്.

“ഞാനിന്ന് വീണ്ടും പെറ്റ് ഷോപ്പിൽ വരെ പോകുന്നുണ്ട്.” പിറ്റേന്ന് ഓഫീസിലേക്ക് പോകാനിറങ്ങുമ്പോൾ സേവിച്ചൻ പറഞ്ഞു.
“എന്തിന്….?” മീനിനു തീറ്റ കൊടുത്തുകൊണ്ടു നിൽക്കുകയായിരുന്ന സാറ തിരിഞ്ഞു നോക്കി.
“ഇതിന് ഒരു ഇണയെ കിട്ടുമെങ്കിൽ വാങ്ങിക്കൊണ്ടു വരാം…!”
സേവിച്ചൻ അവളുടെ ഉത്സാഹം കണ്ടിട്ടു പറഞ്ഞു.

“വേണ്ട,… ഇതൊരെണ്ണം മതി…..! കൂടെ ആളുള്ളപ്പോൾ ആർക്കും ഒറ്റയ്ക്കായിപ്പോകുന്നവരെ മനസ്സിലാക്കാൻ കഴിയില്ല. എനിക്കു കൂട്ട് ഇവനും ഇവനു കൂട്ട് ഞാനും.”
ചുവന്ന പട്ടു പാവാട പോലെയുള്ള ചിറകുകൾ വിരിച്ച് വെള്ളത്തിലൂടെ പതിയെപ്പതിയെ നീന്തുന്ന മീനിനെത്തന്നെ നോക്കിയിരുന്നുകൊണ്ട് സാറ പറഞ്ഞു.

അവൾ അർത്ഥം വച്ചു പറഞ്ഞതാണെന്നു മനസ്സിലായിട്ടും സേവിച്ചൻ ചിരിച്ചുകൊണ്ടാണ് പുറത്തേക്കിറങ്ങിപ്പോയത്.
ഒരാഴ്ച്ചയോളം കഴിഞ്ഞപ്പോൾ സാറ ശ്രദ്ധിച്ചു. മീൻ കുഞ്ഞിന് പഴയ ഉത്സാഹമൊന്നുമില്ല. തീറ്റ കൃത്യമായിട്ടു കൊടുത്തിട്ടും വെള്ളം സമയത്തിനു മാറിയിട്ടും ബൗളിന്റെ ഏതെങ്കിലും ഒരരുകിൽ അനങ്ങാതെ നിൽക്കും.
പക്ഷേ ആ വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റലിൽ നിന്ന് കുട്ടികൾ വീട്ടിലെത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
“വൂ….. ഇറ്റ്സ് എ ഫൈറ്റർ…..!!” മീൻ കുഞ്ഞിനെ കണ്ടതും മോൾ ആർത്തു വിളിച്ചു.
സാറയ്ക്ക് കാര്യം പിടികിട്ടിയില്ല.

“മമ്മീ ഈ ഫിഷിന്റെ പേരാണ് ഫൈറ്റർ..!” മോൻ വിവരിച്ചു കൊടുത്തു.
“ഡാഡി, പക്ഷേ ഇതിനൊരു പെയർ വേണ്ടേ….?” മോൾ സേവിച്ചനെ നോക്കി.
“ആഹ്…. ഞാൻ നിന്റെ മമ്മിയോടു പറഞ്ഞതാ… അപ്പൊ അവൾക്ക് ഒരെണ്ണം മതിയെന്ന്.” സേവിച്ചൻ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു.

പിറ്റേന്ന് മക്കളുടെ നിർബന്ധത്തിനു വഴങ്ങിയത് അവരെല്ലാവരും കൂടി ടൗണിലെ പെറ്റ് ഷോപ്പിൽ എത്തിയത്.
ഏതോ മായിക ലോകത്തിൽ ചെന്നതുപോലെ സാറ ചുറ്റും നോക്കി.
പല നിറത്തിലും വലുപ്പത്തിലുമുള്ള ഒരുപാടു മത്സ്യങ്ങൾ ചെറിയ ഫിഷ് ടാങ്കുകളിലും അക്വേറിയങ്ങളിലുമായി നീന്തിത്തുടിക്കുന്നു!

മറ്റൊരു വശത്ത് കൂടുകളിൽ പല വർണ്ണത്തിൽ ലവ് ബേർഡ്സ്!
പെറ്റ് ഷോപ്പിന്റെ ഒരു വശം അലങ്കാരച്ചെടികൾ കൊണ്ടു നിറഞ്ഞിരുന്നു.
കുഞ്ഞു മീനിന് ഒരു ജോഡിയെ വാങ്ങാൻ പോയി തിരിച്ചെത്തിയ സാറയുടെ കയ്യിൽ വലിയൊരു ഫിഷ് ടാങ്കും അതിൽ നിറയെ വർണ്ണ മത്സ്യങ്ങളും, ഒരു കൂട്ടിൽ പല വർണ്ണങ്ങളിൽ ലവ് ബേർഡ്സും പിന്നെ ഓർക്കിഡും ആന്തൂറിയവും ബോൻസായി മരങ്ങളും ഉണ്ടായിരുന്നു. ഒപ്പം ചുവപ്പു ഫൈറ്ററിന് ഒരു വെളുത്ത സുന്ദരിക്കൂട്ടുകാരിയും.

രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് കുട്ടികൾ മടങ്ങിപ്പോയതതും സേവിച്ചൻ ഓഫീസിൽ പോകുന്നതുമൊന്നും സാറയെ കാര്യമായി ബാധിച്ചില്ല.
അവൾ മറ്റൊരു ലോകത്തായിരുന്നു. ഒച്ച വയ്ക്കുന്ന സ്നേഹക്കുരുവികളോട് കിന്നാരം പറഞ്ഞു!
ഫിഷ് ടാങ്കിനുൾ വശം പല നിറത്തിലുള്ള കല്ലുകളും സസ്യങ്ങളും വച്ച് അലങ്കരിച്ചു!
അതുവരെ ശൂന്യമായിരുന്ന ആറാം നിലയിലെ ബാൽക്കണി ആന്തൂറിയവും, ഓർക്കിഡും, കാക്റ്റസും ബോൻസായി മരങ്ങളും ചേർന്നപ്പോൾ മറ്റൊരു വർണ്ണ പ്രപഞ്ചമായി.

ഒന്നും ചെയ്യാനില്ലാത്ത പകലുകൾക്കു പകരം തിരക്കിന്റെയും സംതൃപ്തിയുടെയും പകലുകൾ സാറയ്ക്കു മുന്നിൽ വിരുന്നു വന്നു.
അമ്മയെ മാത്രമല്ല തന്റെ കയ്യിൽ ഫോൺ നമ്പർ ഉണ്ടായിരുന്ന എല്ലാവരെയും വിളിച്ച് സാറ സംസാരിക്കുമ്പോൾ അവളുടെ ശബ്ദത്തിലെ പഴയ പ്രസരിപ്പു തിരിച്ചറിഞ്ഞ് അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

സാറയുടെ സന്തോഷം വീട്ടിലെ ഭക്ഷണത്തിന്റെ രുചികളിൽ നിറയാൻ തുടങ്ങി. വീട്ടിനുള്ളിലെ ശൂന്യത മാറി പുതിയ അന്തരീക്ഷം വന്നപ്പോൾ സേവിച്ചന് ജോലി കഴിഞ്ഞ് വീട്ടിലെത്താനുള്ള തിടുക്കം കൂടി. ഓരോ വർണ്ണ മത്സ്യങ്ങളെക്കുറിച്ചും കിളികളെയും ചെടികളെയും കുറിച്ച് സാറ വാതോരാതെ സംസാരിക്കുമ്പോൾ അയാൾ സന്തോഷത്തോടെ കേട്ടിരുന്നു.
ഒരു ദിവസം ഉച്ച തിരിഞ്ഞ നേരം. ബാൽക്കണിയിലെ ഒരു ബോൻസായിച്ചെടിയിലെ പഴുത്തു തുടങ്ങിയ ഇലകൾ പറിച്ചു മാറ്റുകയായിരുന്ന സാറ. അശ്രദ്ധമായ ഒരു നോട്ടം ഒരു നിമിഷം അപ്പാർട്ടുമെന്റിന്റെ ഗേറ്റിനരുകിലുള്ള സെക്യൂരിറ്റി കാബിനിലെത്തി നിന്നു.

ഗേറ്റിനരുകിൽ യൂണിഫോമിൽ പഴയ സെക്യൂരിറ്റി ചെറുപ്പക്കാരൻ!
അപ്പോൾ ആ വയസ്സൻ സെക്യൂരിറ്റി എവിടെപ്പോയി?
താൻ അങ്ങോട്ടൊക്കെ ശ്രദ്ധിച്ചിട്ടുതന്നെ ഒരുപാടു നാളുകളായിയെന്ന് സാറ ഓർത്തു.
സെക്യൂരിറ്റി അവളെ നോക്കി ചിരിച്ചിട്ട് സല്യൂട്ട് ചെയ്തു. അവൾ പോലും അറിയാതെ അവളുടെ കയ്യും ഉയർന്നു.

ബാൽക്കണിയിൽ നിന്ന് വീടിനുള്ളിലേക്കു വന്നിട്ടും അവളുടെ ചിന്ത ആ വയസ്സൻ സെക്യൂരിറ്റിയെപ്പറ്റിത്തന്നെയായിരുന്നു.
കുറേ നേരത്തെ ആലോചനയ്ക്കു ശേഷം അവൾ ഫ്ലാറ്റിന്റെ വാതിൽ ലോക്കു ചെയ്ത് താഴേക്കു ചെന്നു.

ക്യാബിനുനേരെ സാറ നടന്നു വരുന്നതു കണ്ടപ്പോഴേ സെക്യൂരിറ്റി ഓടിയെത്തി.
“എന്താ മാഡം….? എന്തെങ്കിലും വേണോ..?”
“ഇവിടെയൊരു പ്രായമുള്ളയാൾ ഉണ്ടായിരുന്നില്ലേ…? അയാളെവിടെ?”
സെക്യൂരിറ്റിയുടെ മുഖം മങ്ങി.
“എന്താ മാഡം….? എന്തെങ്കിലും പ്രശ്നമുണ്ടോ..?”

“ഹേയ്…. ഒന്നുമില്ല… അയാളെവിടെ?”“അതെന്റെ അമ്മാവനായിരുന്നു മാഡം. എന്റെ അമ്മയുടെ നേരെ ഇളയ ആങ്ങള. എന്റെ ഭാര്യ ആശുപത്രിയിലായിരുന്നു, പ്രസവത്തിന്. ഞാൻ പോയപ്പോ പകരം നിർത്തിയതാ..”
“അയാളെവിടെ…? തിരിച്ചു പോയോ?”“ഉം…. തിരിച്ചു പോയി… പക്ഷേ ആളിപ്പോ എവിടെയുണ്ടെന്ന് പറയാൻ പറ്റില്ല!”

“അതെന്തേ അയാൾക്കു വീടൊന്നുമില്ലേ…?”“അയ്യോ, വീടൊക്കെയുണ്ട്. പക്ഷേ കുറച്ചു നാളായി അമ്മാവൻ അങ്ങനെയാണ്… ഇവിടെ നിർത്തിയപ്പോഴും എത്ര ദിവസം നിൽക്കുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. പക്ഷേ എന്തോ കക്ഷി പിടിച്ചു നിന്നു.”
സാറയ്ക്ക് അവന്റെ മറുപടിയിൽ അത്ര തൃപ്തി തോന്നിയില്ല. ഇനിയും എന്തൊക്കെയോ ചോദിക്കാനും അറിയാനുമുള്ളതു പോലെ.

“അമ്മാവൻ ഇങ്ങനെയൊന്നും ആയിരുന്നില്ല മാഡം….!”
അവളുടെ മുഖത്തെ സന്ദേഹം കണ്ടിട്ട് സെക്യൂരിറ്റി പറഞ്ഞു.
“പിന്നെ എന്തുപറ്റി…?”
സെക്യൂരിറ്റി ക്യാബിന്റെ പിൻവശത്ത് രണ്ടാൾ ഉയരത്തിൽ മാത്രം വളർന്ന് ചുറ്റും പടർന്നു നിന്നിരുന്ന ഗുൽമോഹർ മരത്തിന്റെ തണലിലേക്ക് മാറി നിന്നുകൊണ്ട് സാറ ചോദിച്ചു.
“ഗായത്രി, അമ്മാവന്റെ മകളായിരുന്നു. ഒരേ ഒരു മകൾ. രണ്ടു കൊല്ലം മുൻപ് അവൾക്ക് ഒരു വിവാഹാലോചന വന്നു. ചെറുക്കൻ ഗൾഫിൽ ഡ്രൈവറാണ്. അവധിക്കു വന്ന സമയം.

കല്യാണം കഴിഞ്ഞാൽ അവളെയും കൊണ്ടുപോകും എന്നറിഞ്ഞപ്പോൾ ഞങ്ങൾക്കെല്ലാം സന്തോഷമായി. പെട്ടെന്നായിരുന്നു എല്ലാം. കല്യാണം കഴിഞ്ഞു, അവൻ ഗായത്രിയെയും കൊണ്ട് തിരിച്ചു പോയി.

അവിടെ ഒരു ചെറിയ നഗരത്തിലെ ഒരു പഴയ കെട്ടിടത്തിലെ ഒറ്റമുറി വീട്ടിലായിരുന്നു അവനും അവളും താമസിച്ചിരുന്നത്.
ഞങ്ങളൊക്കെ പാവങ്ങളല്ലേ മാഡം. ഏതു സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ ഞങ്ങൾക്കറിയാം.”
അയാൾ സാറയെ നോക്കി.
“നിന്റെ പേരെന്താ…?” സാറ ചോദിച്ചു.

“ദീപു….. പക്ഷേ കുട്ടായീന്നാ എല്ലാരും വിളിക്കുന്നേ..” അവൻ ചിരിച്ചു.
“ഗായത്രി ഇപ്പൊ എവിടെയാ…?”
“അത്‌…….. അവിടെയൊരു കമ്പനീല് ട്രക്ക് ഡ്രൈവർ ആയിരുന്നു അവളുടെ ഭർത്താവു സുരേഷ്. ചിലപ്പോൾ കമ്പനിയിൽ നിന്ന് ഓട്ടം പോയാൽ തിരിച്ചെത്താൻ ഒന്നും രണ്ടും ദിവസങ്ങൾ എടുക്കും.
ആ സമയമെല്ലാം ചുട്ടുപൊള്ളുന്ന ചൂടിൽ അടച്ചിട്ട ഒറ്റ മുറിയിൽ അവൾ തനിച്ചായിരുന്നു.”
“അതെന്താ അവിടെ മലയാളികൾ ആരുമില്ലേ…? അവൾക്കു പുറത്തിറങ്ങി ആരെങ്കിലുമൊക്കെയായി മിണ്ടീം പറഞ്ഞും ഇരുന്നു കൂടായിരുന്നോ?” സാറ ഇടയ്ക്കു കയറി.

“ഞങ്ങടെ ഗായത്രി സുന്ദരിയായിരുന്നു മാഡം, വെറും സുന്ദരിയല്ല അതിസുന്ദരി. അവൾ പുറത്തിറങ്ങിയാൽ ആരുടെയെങ്കിലും കണ്ണ് അവളുടെ മേൽ പതിഞ്ഞെങ്കിലോയെന്നു ഭയപ്പെട്ട് അവളെ മുറിക്കുള്ളിലാക്കി മുറി വെളിയിൽ നിന്നും പൂട്ടിയിട്ടായിരുന്നു സുരേഷ് ജോലിക്കു പൊയ്ക്കൊണ്ടിരുന്നത്.
ആകെ ഒരു ഫോൺ ഉള്ളത് അവന്റെ കയ്യിലായിരുന്നു. ഇടയ്ക്കൊക്കെ അവൾ നാട്ടിലേക്കു വിളിക്കുമ്പോൾ എനിക്ക് ഇവിടെ നിൽക്കണ്ട നാട്ടിലേക്കു പോന്നാൽ മതിയെന്ന് അവൾ പറയുമായിരുന്നു. അപ്പോഴൊക്കെ ഞങ്ങളെ പിരിഞ്ഞു നിൽക്കുന്നതിന്റെ സങ്കടമായിരിക്കുമെന്ന് ഞങ്ങളോർത്തു.

ഒരു ദിവസം ഫോൺ മുറിയിൽ വച്ചു മറന്ന് സുരേഷ് ജോലിക്കു പോയി. അന്നാണ് ഞങ്ങളുടെ ഗായത്രിയുടെ ശരിക്കുള്ള അവസ്ഥ ഞങ്ങൾ മനസ്സിലാക്കുന്നത്.
നാട്ടുകാർ ഇടപെട്ട് അവിടെയുള്ള മലയാളികളുമായി ബന്ധപ്പെട്ട് ഒരുവിധത്തിൽ ഞങ്ങൾ അവളെ തിരികെ നാട്ടിൽ എത്തിച്ചു.
കത്തുന്ന ചൂടിലും സൂര്യപ്രകാശമേൽക്കാതെ വിളറി വെളുത്തു പോയ വല്ലാത്തൊരു രൂപമായിരുന്നു അന്നവൾ. തിരികേ നാട്ടിൽ എത്തിയിട്ടും ഗായത്രി ആരോടും മിണ്ടാൻ കൂട്ടാക്കിയില്ല.

ഒറ്റയ്ക്ക് ഒരു മുറിയിൽ കയറി വാതിലടച്ചിരിക്കും. അവൾക്ക് എല്ലാവരെയും ഭയമായിരുന്നു.
തിരിച്ചെത്തുമ്പോൾ നാലു മാസം ഗർഭിണിയായ അവൾ കടുത്ത വിഷാദരോഗത്തിനടിമയാണെന്ന് വൈകാതെ ഞങ്ങളറിഞ്ഞു.
രണ്ടു മാസക്കാലം നിരന്തരമായ പരിചരണവും കൗൺസിലിംഗും അവളിൽ വളരെയധികം മാറ്റങ്ങൾ വരുത്തി.
ഒരു ദിവസം അവളെക്കാണാൻ സുരേഷെത്തി.

അമ്മാവൻ പുറത്തു പോയിരുന്നു. അമ്മായി വീടിനോടു ചേർന്നുള്ള അരുവിയിൽ തുണി കഴുകുകയായിരുന്നു.
സുരേഷിനെക്കണ്ട് ഗായത്രി ഓടി മുറിയിൽ കയറി വാതിലടച്ചു. ഒരുപാടു തവണ മുട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ അവൻ വെളിയിൽ വന്ന് തുണി കഴുകിക്കൊണ്ടിരുന്ന അമ്മായിയുടെ അടുത്തു ചെന്നു സംസാരിച്ചിരുന്നു.
കുറേ നേരം കഴിഞ്ഞ് അവർ തിരിച്ചെത്തിയിട്ടും ഗായത്രി വാതിൽ തുറന്നില്ല.
അവർ ബലം പ്രയോഗിച്ചു വാതിൽ തുറന്നു.

വീടിനരുകിലുള്ള അരുവിയിലൂടെ നീന്തിക്കളിക്കുന്ന മീൻകുഞ്ഞുങ്ങളെ കച്ചത്തോർത്തു കൊണ്ട് വീശിപ്പിടിക്കുന്ന മോൾക്കു കൊടുക്കാൻ വഴിയരുകിൽ നിന്ന് രണ്ടു മനോഹര മത്സ്യങ്ങളെ വാങ്ങിക്കൊണ്ട് വീട്ടിലേക്കു വന്നതായിരുന്നു അമ്മാവൻ.
മലർക്കെതുറന്ന വാതിലിനു മുന്നിൽ അമ്മാവന്റെ കയ്യിലിരുന്ന പ്ലാസ്റ്റിക് കവർ താഴെ വീണു പൊട്ടി ജീവനു വേണ്ടി രണ്ടു മീനുകൾ പിടയുമ്പോൾ വീടിനുള്ളിൽ ജീവനില്ലാതെ തൂങ്ങിയാടുകയായിരുന്നു ഗായത്രി! പൊലിഞ്ഞു പോയത് ഒന്നല്ലായിരുന്നു രണ്ടു ജീവനുകൾ!”

ദീപുവിന്റെ കണ്ണുകളിൽ നിന്നും നീർച്ചാലുകൾ പടർന്നിറങ്ങുമ്പോൾ ചലനമറ്റു നിൽക്കുകയായിരുന്നു സാറ.
“പിന്നെ അമ്മാവൻ ആരോടും മിണ്ടിയിട്ടില്ല. എന്തു പറഞ്ഞാലും കേൾക്കും. പക്ഷേ പറയുന്നതൊന്നും അനുസരിക്കില്ല… കുറച്ചു കാലം സ്ഥിരമായി നിന്നത് ഇവിടെയാണെന്നു തോന്നുന്നു!!” അയാൾ കണ്ണുകൾ തുടച്ചു.

സാറ ഇടറുന്ന കാലുകളോടെ തിരിഞ്ഞു നടന്നു.
“ആഹ്…. ചേച്ചി പറയാൻ മറന്നു… ആറാം നിലയിലെ ബാൽക്കണി നല്ല ഭംഗിയായിട്ടുണ്ട്ട്ടോ…. ” ദീപു പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.

അവൾ മുകളിലേക്കു നോക്കി. തന്റെ ബാൽക്കണിയിലേക്ക്. ദൂരെ നിന്നേ കാണാം നല്ല ഭംഗിയുള്ള പച്ചപ്പും വർണ്ണപ്പൂക്കളും!
തീർത്തും ശൂന്യവും വിരസവുമായിരുന്ന ആറാം നിലയിലെ ബാൽക്കണിയിൽ ജീവൻ തുളുമ്പുന്നു.
തന്റെ ജീവിതം പോലെ!
ഒറ്റക്കൊരു വീട്ടിലെ ഏകാന്തതയിൽ തന്റെ മനസ്സ് മരവിപ്പിലേക്ക് നീങ്ങിയിരുന്നുവെന്ന് സാറ തിരിച്ചറിഞ്ഞത് അപ്പോൾ മാത്രമാണ്!

തന്നോടൊപ്പമുള്ള സേവിച്ചൻ പോലുമറിഞ്ഞില്ല തന്റെയുള്ളിലെ ശൂന്യതയും വിഷാദവും!
പക്ഷേ ഒരാൾ മാത്രം അതു തിരിച്ചറിഞ്ഞു!!
ലിഫ്റ്റിനുള്ളിൽ കടന്ന് ആറ് അമർത്തിയ ശേഷം അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
കയ്യിൽ നീട്ടിപ്പിടിച്ച ബൗളിലെ ചുവന്ന മീനുമായി വയസ്സൻ സെക്യൂരിറ്റി അവളുടെ കൺ മുന്നിൽ നിന്നു പുഞ്ചിരിച്ചു.

Share this on...