ഫോട്ടോയിൽ ഉള്ളയാള് ആരെന്നറിഞ്ഞു പൊട്ടിക്കരഞ്ഞു ടീച്ചർ പിന്നീട് നടന്ന ട്വിസ്റ്റ് കണ്ടോ.!!

in Story 64 views

അമ്മമ്മേ ഇതാണോ നീതു ആന്റിയെ കല്യാണം കഴിക്കാൻ പോകുന്ന ചെക്കൻ നിക്ക് ആന്റിയുടെ ബാഗിൽ ന്ന് കിട്ടിയതാ”
അഞ്ച് വയസ്സ്കാരൻ കൈയ്യിൽ പിടിച്ചുകൊണ്ട് വന്ന, ആ വലിയ ഫോട്ടോ ഉയർത്തി കാണിച്ചുകൊണ്ട് ചോദിച്ചത് സ്വീകരണമുറിയിൽ ഇരുന്ന എല്ലാവരെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞിരുന്നു

അവന്റെ ചോദ്യത്തിനു മുന്നിൽ സ്വയം വെന്തുരുകിയത് നീതുവിന്റെ അമ്മ നിർമലയായിരുന്നു. കാരണം അടുത്തയാഴ്‌ച വിവാഹം ഉറപ്പിക്കുന്നതിന് മുന്നോടിയായി ഓണകോടിയുമായി വന്ന വരന്റെ അമ്മയും സഹോദരിയും, അമ്മായിയും ആണ് തന്റെ മുന്നിൽ ഇരിക്കുന്നത്

ആരാ ഇത് ?

വരന്റെ അമ്മയുടെ പ്രതീക്ഷിച്ച ചോദ്യത്തിനു മറുപടി എന്നവണ്ണം ദയനീയമായി നീതുവിനെ നോക്കുന്ന നിർമല.
ഷോക്ക് അടിച്ചപോലെ നിൽക്കുന്ന അവൾ പറഞ്ഞു.

“അറിയില്ല അമ്മേ ആരാ ഇതെന്ന് ”
വന്നവർ നീതുവിന്റെ മറുപടിയിൽ തൃപ്തരല്ലായിരുന്നു എന്ന് അവരുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു.

പാതി കുടിച്ച ചായഗ്ലാസ്‌ ടീപ്പോയിൽ വെച്ച് അവർ എഴുന്നേറ്റു

“ശരി അപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ കാര്യങ്ങൾ ഒക്കെ പറഞ്ഞുറപ്പിച്ചപോലെ തന്നെ ”

“ആരുടെ ഫോട്ടോ ആണെടീ അത് ”
അവർ ഇറങ്ങിയ ഉടൻ നിർമല നീതുവിനോടായി ചോദിച്ചു

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അകത്തേക്ക് ഒരു ഓട്ടം ആയിരുന്നു അവൾ. കട്ടിലിൽ കമിഴ്ന്നു കിടന്ന് കരയുന്ന അവളുടെ തോളത്ത് തട്ടി നിർമല വീണ്ടും ചോദിച്ചു
“ആരാ മോളെ അത് ”

“എനിക്കറിയില്ല അമ്മേ അത് ആരുടെ ഫോട്ടോ ആണെന്ന് ”

“പിന്നെ നിന്റെ ബാഗിൽ എങ്ങനെ വന്നു ”

“കല്യാണം മുടക്കാൻ ഇനി ആരെങ്കിലും അറിഞ്ഞുകൊണ്ട് ചെയ്തതാണോ ”

നിർമലയുടെ ചോദ്യത്തിന് മുന്നിൽ അവൾക്ക് ഉത്തരം ഇല്ലായിരുന്നു.
അന്ന് രാത്രിയിൽ വന്ന ഫോൺ അറ്റൻഡ് ചെയ്ത നിർമല ഒരു നിമിഷം നിശ്ചലയായിപോയി. തിരിച്ച് ഒന്നും പറയാനാകാതെ നിന്ന നില്പിൽ തരിച്ചു നിന്നു പോയി അവർ

“അവർ പിന്മാറി ഈ കല്യാണത്തിന് അവർക്ക് താല്പര്യം ഇല്ലെന്ന്, അതും ടീച്ചർ ആയ ഒരു പെൺകുട്ടിയിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ലന്ന് ”

ഊണ് കഴിക്കാതെ കിടന്നുറങ്ങിയ നീതുവിന് അന്ന് ഉറക്കം വരാത്ത രാത്രി ആയിരുന്നു.
തനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ബന്ധം ആയിരുന്നു വെറും ഒരു ഫോട്ടോയുടെ പേരിൽ തട്ടി തെറിച്ചു പോയത്. പ്രസിദ്ധമായ കുടുംബത്തിലെ സുമുഖനായ ഒരു കോളേജ് ലെക്ചറർ

രാത്രിയിൽ ഇടക്കെപ്പോഴോ ഉണർന്ന അവൾ ലൈറ്റ് ഓൺ ചെയ്തു മേശപ്പുറത്തിരിക്കുന്ന ആ ഫോട്ടോ എടുത്തു നോക്കി.
“സുന്ദരനായ ഈ ചെറുപ്പക്കാരന്റെ ഫോട്ടോ തന്റെ ബാഗിൽ എങ്ങനെ വന്നു. ആരായിരിക്കും ഇയാൾ ” പലവിധ ചോദ്യങ്ങൾ അവളുടെ മനസ്സിൽ നിന്നുയർന്നിരുന്നു.

ചികിത്സ സഹായ ഫണ്ട്‌
സുദീപ് നായർ
Account No – 91032878256
IFSC No SBIN0047836
അടിയിലായി സ്ഥലപ്പേരും.

ഫോട്ടോയുടെ മറുവശം നോക്കിയ നീതു ആലോചനയിൽ ആയി, അവൾ ഫോട്ടോയും മറുവശത്ത് എഴുതിയിരിക്കുന്ന അക്കൗണ്ട് ഡീറ്റെയിൽസും മാറിമാറി നോക്കി

ബസിൽ നിന്ന് ഇറങ്ങിയ നീതു തന്റെ ബാഗിൽ നിന്ന് എടുത്ത ഫോട്ടോ ഒരിക്കൽകൂടി നോക്കിയ ശേഷം അത് കാണിച്ചു കൊണ്ട് അടുത്ത കടയിലെ ആളോട് ചോദിച്ചു

“ഈ ആളെ അറിയുമോ ചേട്ടാ, ആളുടെ വീട് എവിടെയാ ”
“എന്തിനാ ” “ആരാ…എവിടുന്ന് വരുന്നു ”
“ഞാൻ ഒരു സ്കൂൾ ടീച്ചറാ ആളെ ഒന്ന് കാണണമായിരുന്നു ”
അയാൾ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു
“ആള് നല്ലവൻ അല്ല. ആളെപറ്റി അറിയുമോ നിങ്ങൾക്ക് ”

“ഇല്ല ”

“എന്നാൽ കേട്ടോ കൂട്ടുകാരന്റെ ചികിത്സാ സഹായത്തിന് സ്വന്തം അക്കൗണ്ട് വഴി പൈസ കളക്ഷൻ ചെയ്തു അതുമായി മുങ്ങിയിരിക്കുന്ന ആളാ ഇത്. ”

കൂടുതൽ ഒന്നും കേൾക്കാൻ അവിടെ നിൽക്കാതെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീതു തിരിഞ്ഞു നടന്നു
അന്ന് രാത്രിയിൽ ഊണ് കഴിക്കാതെ നേരത്തെ കിടന്നുറങ്ങിയ നീതുവിന്റെ ഉറക്കം കെടുത്തിയത് മൊബൈലിൽ വന്ന ആ കാൾ ആണ്

” ങേ സേവ് ചെയ്യാത്ത നമ്പർ ആണല്ലോ ”

ഒന്ന് സംശയിച്ച ശേഷം അറ്റൻഡ് ചെയ്ത നീതുവിന് കേൾക്കാൻ ആയത് മറുതലക്കൽ നിന്നുള്ള വനജ ടീച്ചറുടെ ശബ്ദം ആണ്
“സോറി നീതു എന്റെ മൊബൈൽ നഷ്ടപ്പെട്ടു പോയി അതാ വിളിക്കാൻ പറ്റാതെ പോയത്. ഇത് ചേട്ടന്റെ മൊബൈലിൽ നിന്നാണ് വിളിക്കുന്നത്, പിന്നെ ഒരു കാര്യം നിന്റെ ബാഗിൽ ഒരു ഫോട്ടോ കാണ്ടായിരുന്നോ നിനക്ക് തരാനുള്ള നിന്റെ ബുക്കിൽ ഞാൻ അറിയാതെ വെച്ചുപോയതാ ”

ആ ഫോട്ടോ കാരണം സംഭവിച്ച കാര്യങ്ങൾ നീതുവിൽ നിന്നു കേട്ട വനജ ടീച്ചർ അവളോട് യഥാർത്ഥ കാര്യങ്ങൾ പറയുവാൻ തുടങ്ങി

എന്റെ കൂട്ടുകാരിയുടെ സഹോദരൻ ആണ് സുദീപ് നായർ
ഉറ്റ കൂട്ടുകാരന്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം സ്വരൂപിച്ച ശേഷം ആണ് അറിഞ്ഞത്, കിഡ്നി കൊടുക്കാമെന്നേറ്റ ആൾ പിന്മാറി എന്ന്

ആ ദിവസം തന്നെ ചില കുബുദ്ധികളുടെ വാക്കുകൾ കാട്ടുതീ പോലെ പടർന്നു

സുദീപ് പൈസ അടിച്ചു മാറ്റാനായി അറിഞ്ഞുകൊണ്ട് ചെയ്ത പ്ലാൻ ആയിരുന്നു കിഡ്നി ദാതാവിന്റെ പിന്മാറ്റം എന്നത്.
അവസാനം ഉറ്റ കൂട്ടുകാരനെ രക്ഷിക്കാൻ സുദീപ് തന്നെ സ്വയം കിഡ്നി ദാനം ചെയ്യാൻ തീരുമാനിച്ചു. മറ്റന്നാൾ ഓപ്പറേഷൻ നടക്കേണ്ടതായിരുന്നു പക്ഷേ കൂട്ടുകാരൻ ഈ ലോകത്തുനിന്ന് വിട്ടു പോയി. ഇന്ന് ഉച്ചക്ക് ശേഷം ആയിരുന്നു.
” അല്ലാതെ നീ പറയുന്ന പോലെ തട്ടിപ്പ്കാരൻ അല്ല അയാൾ”

“നല്ല പ്രവൃത്തി ചെയ്യുന്നവർക്ക് താത്കാലികമായി ദോഷം വരുമെന്ന് പറയുന്നത് സുദീപിന്റെ ജീവിതത്തിലും സംഭവിച്ചു”
” അവന്റെ നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിൽ നിന്ന് പെണ്ണും കൂട്ടുകാർ പിന്മാറി കിഡ്നി ദാനം ചെയ്യാൻ പോകുന്നുവെന്ന കാര്യം അവർ എങ്ങനെയോ അറഞ്ഞിരുന്നു”

“പിന്നെ ഈ ഫോട്ടോ എന്റെ കൈയ്യിൽ വന്നത്…….. ”

പറഞ്ഞു തീരും മുൻപ്

ഫോൺ കട്ട്‌ ആയിരുന്നു. നീതു തിരിച്ചു പല പ്രാവശ്യം ഡയൽ ചെയ്‌തെങ്കിലും കണക്ട് ആയില്ല.

ഒരു നിമിഷം നീതുവിന്റെ കണ്ണുകൾ ആ ഫോട്ടോയിൽ തന്നെ ഉടക്കി നിന്നു പോയി . അപ്പോൾ അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു.. ആ സമയം അങ്ങോട്ട്‌ നടന്നു വരുകയായിരുന്ന ആ അഞ്ച് വയസുകാരനെ പൊക്കി എടുത്തു സന്തോഷത്തോടെ ഉമ്മ നൽകുകയായിരുന്നു നീതു.

അപ്പോഴും അവൻ ചോദിക്കുന്നുണ്ടായിരുന്നു

“ആ ഫോട്ടോയിലെ ചെക്കൻ ആണോ ആന്റിയെ കല്യാണം കഴിക്കുന്നേ ”

Share this on...