എന്നും ബസ്സിൽ കയറുന്ന പെൺകുട്ടിയോട് കണ്ടക്ടർ ചെയ്യുന്നത് കണ്ടു യാത്രക്കാരെല്ലാം അന്തം വിട്ടു പോയി.!!

in Story 3,357 views

ബസ്സിലേക്ക് കയറിയതും ആ കണ്ടക്ടർ ചെക്കൻ ബെല്ലടിച്ചു…ഒന്ന് ആഞ്ഞ് പോയ ഞാൻ അവനെയോന്നു കൂർപ്പിച്ചു നോക്കി..
എൻ്റെ നോട്ടത്തിൽ ആദ്യമൊന്ന് പകച്ചു പോയെങ്കിലും പിന്നീട് ഒരു ചിരി ആ കണ്ണുകളിൽ തെളിഞ്ഞു..മാസ്കിനുള്ളിലെ ചിരി ആയിരുന്നുവെങ്കിലും അതൊരു നിറചിരി ആണെന്ന് ആ കണ്ണുകളിൽ നിന്ന് മനസിലായി… എൻ്റട്ത്ത് വന്നു ടിക്കറ്റ് എടുക്കുമ്പോഴും ആ ചിരി മാഞ്ഞിരുന്നില്ല…

എന്നും ഒരേ സമയത്ത് ഇറങ്ങുന്നത് കൊണ്ട് തന്നെ സ്ഥിരം ആ ബസ് തന്നെയാണ് കിട്ടിക്കൊണ്ടിരുന്നത്.. പിറ്റെ ദിവസവും എന്നെ കണ്ട് ആദ്യം ഒരു കൗതുകവും പിന്നെയൊരു ചിരിയും ആ കണ്ണുകളിൽ ഞാൻ വീണ്ടും കണ്ടൂ..

അങ്ങനെ ആഴ്ച ഒന്ന് കടന്നു പോയപ്പോഴേക്കും ഞാനും ചെറുതായി അവനെ നോക്കി ചിരിച്ചു തുടങ്ങി…ഒരു ചെറിയ പരിചയം…
പിറ്റെ ആഴ്ച 24രൂപ ബസ്‌ഫെയർ കൊടുത്ത എൻ്റെ കയ്യിലേക്ക് നാല് രൂപ തിരിച്ചു തന്നവൻ നിറചിരി ചിരിച്ചു…

“അതെന്താ നാല് രൂപ വേണ്ടെ”…എന്ന് ചോദിച്ചപ്പോൾ..”നാല് രൂപ റിഡക്ഷൻ എന്നവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു…
ഇടക്ക് ചില ദിവസങ്ങളിൽ അവനെ കാണാറില്ലാരുന്നു…വരാത്ത ദിവസം പകരം വരുന്ന പയ്യനും ഇരുപത് രൂപയെ എൻ്റെ കയ്യിൽ നിന്ന് വാങ്ങൂ…അവൻ പറഞ്ഞത്രേ എൻ്റെ കയ്യിൽ നിന്നും അത്രേ വാങ്ങാവു എന്ന്…

ഡ്രൈവർ ചേട്ടൻ അടിച്ചുപൊളി ഡപ്പാൻ കൂത്ത് പാട്ടിടുമ്പോൾ പുറകിൽ നിന്ന് മിന്നൽ പോലെ പാഞ്ഞു വന്നു നെഞ്ച് പൊട്ടുന്ന മെലഡീസ് ഇട്ടവൻ എൻ്റെ കണ്ണോത്തിരി നിറച്ചിട്ടുണ്ട്…

“ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാനും…”…”ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ…” യുമോക്കെ കേട്ട് ചില്ലറയല്ല ഡെയ്‌ലി ഞാൻ കരയുന്നത്…

എന്നും നാല് രൂപ റിഡക്ഷൻ തരുന്ന..എന്നെ കാണുമ്പോൾ ഒരു പിശുക്കും കാട്ടാതെ നല്ല നിറചിരി സമ്മാനിക്കുന്ന… ബസിൽ കയറിയാൽ ഉടൻ മൊബൈലിൽ കുത്തിക്കുറിക്കാൻ തുടങ്ങുന്ന എന്നെ നോക്കി…”എപ്ളും എഴുത്താണല്ലോ…എന്താ..വല്യ എഴുത്തുകാരിയാ…”എന്ന് ചോദിക്കുന്ന…ഇറങ്ങാൻ നേരം എത്ര തിരക്കിൽ ആണെങ്കിലും തല വെളിയിലേക്ക് ഇട്ട് “ബൈസ്….” എന്ന് ഉച്ചത്തിൽ കൈ പൊക്കി പറയുന്ന…

ഒരിക്കൽ എപ്പോഴോ മാസ്ക് മാറ്റി ചിരിച്ചപ്പോൾ തെളിഞ്ഞു കണ്ട ആ ഇടംപല്ലൻ ചിരിക്കാരനെ ഞാനും എപ്പോഴോ ഹൃദയത്തോട് ചേർത്തുപോയി…

ക്രിസ്തുമസ് അവധി തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപ് മുതൽ അവനെ ബസിൽ കണ്ടില്ല…അന്നൊരു വൈകിട്ട് അവൻ കാണും എന്ന് കരുതി അവനു കൊടുക്കാനായി ഒരു കേക്കും വാങ്ങി ഞാൻ ബസിൽ കയറി… അപ്പോഴും അവനെ കണ്ടില്ല…പകരം വന്ന പുതിയ പയ്യന് അവനെ അറിയില്ലായിരുന്നു..

എല്ലാവരും ഇറങ്ങിയ ശേഷം ഞാൻ ഡ്രൈവർ ചേട്ടനോട് ചെന്നു അവനെ അന്വേഷിച്ചു…സത്യത്തിൽ അവനെ അന്വേഷിക്കാൻ അവൻ്റെ പേര് പോലും എനിക്കറിയില്ലായിരുന്നു…എങ്കിലും അയാൾക്ക് മനസിലായി ആളെ..

ഉപ്പ ഉപേക്ഷിച്ച് പോയ..കുട്ടിയാരുന്ന് എന്നും..അവൻ്റെ ഉമ്മാക്ക് സുഖമില്ലാത്ത തായിരുന്നൂന്നും…ഉമ്മാടെ ചികിത്സക്ക് വേണ്ടിയുള്ള പണത്തിന് വേണ്ടിയാണ് അവൻ ബസിൽ നിന്നിരുന്നത് എന്നും..ബസ് പണിക്ക് വരുന്നതിനു മുൻപ് വെളുപ്പിന് പത്രമിടാനും വൈകിട്ട് ഓട്ടോ ഓടിക്കാനും ഒക്കെ പോകുമായിരുന്നു എന്നും ഡ്രൈവർ ചേട്ടൻ പറഞ്ഞു ഞാനറിഞ്ഞു..

രണ്ടു ദിവസം മുൻപ് അവൻ്റെ ഉമ്മാക്ക് അസുഖം കൂടിയെന്നും ഇന്നലെ മരിച്ചു പോയി എന്നും അറിഞ്ഞു എൻ്റെ കണ്ണുകൾ നിറഞ്ഞു പോയി…അവനെ അവൻ്റെ ഉമ്മാടെ വീട്ടുകാർ കൊണ്ട് പോയിന്നും…

അവനു വേണ്ടി വാങ്ങിയ കേക്കിൻ്റെ കവർ പിടിച്ചിരുന്ന എൻ്റെ കൈകൾ വിറയ്ക്കുകയും വിയർക്കുകയും ചെയ്തു…ഒന്നും പറയാതെ ആ കേക്ക് ഡ്രൈവർക്ക് നേരെ നീട്ടിയിട്ട് ഞാൻ തിരിഞ്ഞു നടന്നു…

ഇനിയൊരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ആ നിറചിരി ഓർത്ത്…ഒരു ചിരിയായ് വന്നു..ഒരു നീർത്തുള്ളിയായ് എന്നിൽ നിന്ന് പോയ ഒരു കുഞ്ഞു സൗഹൃദം…

ചില ബന്ധങ്ങൾ അങ്ങനെയാണ്…അടർന്നു പോയാലും ഒരു നോവായി…മനസിലെന്നും…

Share this on...