ഉമ്മ പെട്ടന്ന് പുറത്തേക്ക് വന്നപ്പോൾ ഭിക്ഷക്കാരി ആരാണെന്ന് കണ്ട് ഞെട്ടിത്തരിച്ചു പോയി

in Story 4,954 views

റംസിയുടെ ഉമ്മ

“ഉമ്മാ അത് ഉമ്മാടെ മുഖമുള്ള ഒരു ഭിക്ഷക്കാരിയാ..””ആണോ പാത്തു…?ഇന്നിപ്പോ എത്രാമത്തെ ആളാണ്..!”

റംസിയും മോളും അടുക്കളയിലുള്ള സമയത്താണ് കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്. റംസി പാചകത്തിൽ ആയതുകൊണ്ട് പാത്തുവിനെ ആരാണെന്ന് നോക്കാൻ പറഞ്ഞു വിട്ടതാണ്.
“മോളേ..നീ ഉമ്മച്ചിടെ ബാഗിന്ന് പത്ത് രൂപയെടുത്ത് കൊടുക്ക്.”
പാത്തുമോൾ രൂപയെടുത്തു വാതിൽ തുറന്നു പത്ത് രൂപ അവർക്ക് നേരെ നീട്ടി. ഭിക്ഷക്കാരി ആ പൈസ വാങ്ങിയ നേരത്ത് റംസിയും അവിടെ എത്തിയിരുന്നു.
ഭിക്ഷക്കാരിയുടെ മുഖം കണ്ടപ്പോൾ റംസിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ പാഞ്ഞു. മുഖം വിളറി വെളുത്തു. കണ്ണിൽ കണ്ണീർ നിറഞ്ഞു.
“ഉമ്മാ…”

ആ വിളിയിൽ ഭിക്ഷക്കാരി തിരിഞ്ഞു നോക്കി.
വർഷങ്ങൾക്ക് ശേഷം തന്റെ മകളെ ഒന്ന് കാണാൻ വീട് തേടിപിടിച്ചു ഭിക്ഷക്കാരിയുടെ വേഷത്തിൽ വന്നത് ഉമ്മ എന്നുള്ള ഒരു വിളികേൾക്കാൻ കൂടിയാണ്.
റംസി ഉമ്മാന്ന് വിളിച്ചപ്പോൾ ഉമ്മയുടെ കണ്ണ് നിറഞ്ഞു.
റംസി പെട്ടന്ന് ഉമ്മയുടെ അരികിൽ എത്തി.
ഒന്നും മനസ്സിലാവാതെ പാത്തു രണ്ട് പേരെയും നോക്കി.

റംസിയുടെ ഉമ്മ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് പാത്തുവിന്റെ കയ്യിൽ പിടിച്ചു.
“മോളെ ഞാൻ നിന്റെ വല്ലിമ്മയാണ്. നിന്റെ ഉമ്മച്ചിയോട് ഒരുപാട് തെറ്റ് ചെയ്തു..വർഷങ്ങളേറെ കഴിഞ്ഞില്ലേ.. ഉമ്മാക്ക് വയസ്സായി മോളെ ഇനിയെങ്കിലും എല്ലാത്തിനും മാപ്പ് തന്നു കൂടെ.. ഈ ഉമ്മാക്ക്..?”
റംസിയുടെ ഉമ്മ കണ്ണീരോടെ റംസിയുടെ നേരെ നോക്കി.

“എന്തിനാ ഉമ്മാ എന്നെയിങ്ങനെ നാണം കെടുത്തുന്നത്..?ചെറുപ്പം മുതൽ ഉമ്മാനെ കാണുമ്പോൾ പേടിയാണ്.. പാത്തും പതുങ്ങിയും കാണാൻ വരുന്ന ഉമ്മ..”
“എന്ത് ചെയ്യാനാ മോളെ… അങ്ങനെ യൊക്കെ ആയിപ്പോയി..”
“ഇനിയിപ്പോ ഇവിടെ കൂടെ എന്നെ… ”
റംസിയുടെ വാക്കുകൾ മുഴുവനാക്കുന്നതിനു മുൻപ്
പോകാനിറങ്ങിയ ഉമ്മയോട് റംസി നിൽക്കാൻ പറഞ്ഞു. അകത്തുപോയി കുറച്ചു കാശെടുത്ത് ഉമ്മാക്ക് കൊടുത്തു.

“ഇനി എന്നെ കാണാൻ വരരുത്.. എനിക്ക് സമാധാനം വേണം.”
ഉമ്മ ഒന്നും മിണ്ടാതെ തല കുനിച്ചു നടന്നു പോയി.
ഒരു ഭിക്ഷക്കാരിയെപ്പോലെ ഉമ്മ വന്നപ്പോൾ ദേഷ്യം വന്നെങ്കിലും റംസിയുടെ നെഞ്ച് പൊട്ടിപ്പോയി.
“പടച്ചോനെ… ഒരു മക്കൾക്കും ഇങ്ങനത്തെ കാഴ്ച കൊടുക്കല്ലേ റബ്ബേ..”
അടുക്കളയിൽ ചെന്ന് നിന്നപ്പോൾ പാത്തു അടുത്ത് വന്ന് ചോദിച്ചു.
“അത് ഉമ്മച്ചിടെ ഉമ്മയാണോ..?”

“അതെ മോളെ..”
“സാരില്ല.. ന്റെ ഉമ്മച്ചി കരയണ്ട ട്ടാ.”
ഉമ്മയെന്ന ഓർമ്മകൾ എന്നും കണ്ണീർ മാത്രമേ കൊടുത്തിട്ടുള്ളൂ റംസിക്ക്.
ഇഷ്ടമുള്ള ഒരാളുടെയൊപ്പം ഒരു രാത്രി ഉമ്മ വീടുവിട്ടിറങ്ങിപ്പോയ നാളിൽ റംസി അഞ്ച് വയസ്സുള്ള കുട്ടിയാണ്.

പൊന്നു പോലെ നോക്കിയ വാപ്പയെയും മോളെയും ഒറ്റക്കാക്കി സ്വന്തം സുഖത്തിന് പടിയറങ്ങിപ്പോയ ഉമ്മ മാസങ്ങൾക്ക് ശേഷം തിരിച്ചു വന്നപ്പോൾ സ്വീകരിക്കാൻ മാത്രം വലിയ മനസ്സായിരുന്നില്ല അവളുടെ വാപ്പാക്ക്. അന്ന് മുതൽ ഉമ്മ ഒറ്റക്കായി.

അതിന് ശേഷമാണ് ഉമ്മ റംസിയെ കാണാൻ വന്നിരുന്നത്. അവൾക്ക് ഇഷ്ടമല്ല ഉമ്മയുടെ വരവ്.
സ്കൂളിൽ.. മദ്രസയിൽ.. പിന്നെ സ്കൂളിലേക്ക് പോകുന്ന ഇടവഴിയിൽ അവളെ കാത്ത് നില്‍ക്കുന്ന ഉമ്മാക്ക് മുഖം കൊടുക്കാതെ അവൾ നടന്നു.

കൂട്ടുകാരികൾ ചോദിക്കില്ലേ അതാരാണെന്ന്..? അപ്പോൾ ഉമ്മയെന്ന് പറഞ്ഞാൽ.. എല്ലാ കഥകളും പറയേണ്ടി വരില്ലേ..? അതൊക്കെ നാണക്കേടല്ലെ..? അങ്ങനെയൊക്കെയാണ് അവളുടെ ചിന്ത.
എങ്ങനെയൊക്കെ ക്ഷമിക്കാൻ നോക്കിയാലും വാപ്പയുടെ മുഖം ഓർക്കുമ്പോൾ ഉമ്മയോട് വെറുപ്പ് കൂടും. സ്‌നേഹിക്കാൻ മാത്രം അറിയുന്ന വാപ്പയെയും അഞ്ചു വയസ്സുള്ള മോളെയും ഇരുട്ടിലാക്കി കടന്ന് പോയൊരു ഉമ്മയെ സ്‌നേഹിക്കാൻ റംസിക്ക് കഴിയില്ല.
വാപ്പയായിരുന്നു എല്ലാം.മരിക്കുന്ന വരെയും ഉമ്മയില്ലാത്ത വേദന അറിയിച്ചിട്ടില്ല വാപ്പ.വാപ്പയെ വേദനിപ്പിച്ച ഉമ്മ അവളുടെ മനസ്സിൽ എന്നും കാണാൻ ഇഷ്ടമില്ലാത്ത കേൾക്കാൻ ഇഷ്ടമില്ലാത്ത ഒന്നാണ്.

ഒരു പെൺകുട്ടിക്ക് ഉമ്മ കൂടെ ഉണ്ടാവണ്ടേ സമയങ്ങളിൽ പോലും അവൾ ഉമ്മയെ ആഗ്രഹിച്ചില്ല.
ഓർമ്മയിലില്ല ഉമ്മ തന്ന സ്‌നേഹം. വാരിയെടുത്ത് പൊന്നുമ്മ തന്നട്ടില്ല.. ഊട്ടിയിട്ടില്ല.. ഉറക്കിയിട്ടില്ല.. ചേർത്ത് പിടിച്ചിട്ടില്ല. സ്‌നേഹത്തിന്റെ മധുരമില്ലാതെ കണ്ണീരിന്റെ ഉപ്പ് മാത്രം തന്നിട്ടുള്ള ഉമ്മ.

പിന്നെ പിന്നെ അവളുടെ ഇഷ്ടക്കേട് മനസ്സിലാക്കി ഉമ്മ കാണാൻ വരാതെയായി.മകളെ ഒരുപാട് ഇഷ്ടമു ള്ളത് കൊണ്ടായിരിക്കും റംസിയുടെ ഉമ്മ പിന്നെ അവളെ കാണാൻ വരാതിരുന്നത്.
ഉമ്മയെ കാണാൻ ഇഷ്ടമില്ലാത്ത റംസി കനല് പോലെ നോവിക്കുന്ന ഉമ്മ എന്ന ചിന്തയിൽ സങ്കടം നിറയുന്ന മനസ്സും കണ്ണീരു നിറയുന്ന കണ്ണുമായി അവൾ വളർന്നു.
കല്യാണം കഴിഞ്ഞു പാത്തു മോൾ ഉണ്ടായതിനു ശേഷം വീണ്ടും ഉമ്മയെ പറ്റി ചിന്തിക്കാൻ തുടങ്ങി. എന്നിട്ടും ഒരിക്കൽ പോലും റംസി ഉമ്മയെ കാണാൻ ആഗ്രഹിച്ചില്ല.

പ്രതീക്ഷിക്കാത്ത നേരത്ത് മകൾ ഒരിക്കലും കാണാൻ പാടില്ലാത്ത വേഷത്തിൽ ഉമ്മയെ കണ്ടപ്പോൾ വല്ലാതെ മനസ്സ് വിഷമത്തിലായി.
ആ വിഷമം ഹൃദയത്തെ വേദനിപ്പിച്ചു. ഹൃദയമിടിപ്പ് കൂടി. ചിന്തകൾ കണ്ണിൽ ഇരുട്ട് നിറച്ചു.നഞ്ച് പൊട്ടിപ്പോകുന്ന വേദനയിൽ എത്തിയപ്പോൾ അവൾ പാത്തുമോൾ നോക്കി നിൽക്കെ അടുക്കളയിൽ തളര്‍ന്നുവീണു.

ഹോസ്പിറ്റലിൽ ഐസിയുവിന്റെ ഉള്ളിൽ കിടക്കുമ്പോഴും റംസിയുടെ മനസ്സിൽ നൊന്തു പ്രസവിച്ച ഉമ്മ അവളുടെ വീടിന്റെ മുറ്റത്ത് കൈ നീട്ടി നിൽക്കുന്ന ചിത്രമാണ്.
“ആ കുട്ടിക്ക് വേറെ കുഴപ്പമൊന്നുമില്ല.. ടെൻഷനും സങ്കടവും അധികമായതാണ്..”
ഡോക്ടർ പറഞ്ഞു.

“അവളുടെ ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട് ചെറുപ്പം മുതൽക്കേ സങ്കടം വന്നാൽ അവൾ തല ചുറ്റി വീഴും.. അതുകൊണ്ട് തന്നെ ഞങ്ങളാരും സങ്കടമുള്ള കാര്യങ്ങൾ പരമാവധി അവളെ അറിയിക്കില്ല.. ”
“ഓക്കേ..ഇന്ന് റെസ്റ്റെടുത്ത് നാളെ വീട്ടിൽ പൊയ്ക്കോളൂ..”
ഹാഷിം ഡോക്ടറുടെ റൂമിൽ നിന്നും പുറത്തിറങ്ങി റംസിയുടെ അരികിൽ വന്നിരുന്നു.
“നീയും മോളും നിക്ക് ഇവിടെ.. എനിക്ക് ഒരിടം വരെ പോകാനുണ്ട്..”
“എവിടെയാ ഇക്കാ ”

“വന്നിട്ട് പറയാം..”
പിറ്റേദിവസം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് പോകാൻ കാറിൽ ഹാഷിമിന്റെ തോളിൽ ചാരി ഇരിക്കുമ്പോളും അവളുടെ ചിന്തയിൽ ഉമ്മയാണ്.അന്നത്തിനു വേണ്ടി കൈ നീട്ടുന്ന ഉമ്മ.

വീട്ടിൽ വന്ന് കയറിയ നേരത്ത് വാതിൽ തുറന്നു കൊടുത്ത ഉമ്മയെ കണ്ടപ്പോൾ അവൾ ആശ്ചര്യത്തോടെ ഇക്കയെ നോക്കി.
“എനിക്കറിയാം. റംസി.. ഇപ്പൊ നിന്റെ മനസ്സ് ഉമ്മ കൂടെയുണ്ടാവാൻ ആഗ്രഹിക്കുന്നുണ്ടെന്ന്.നമ്മുക്ക് എല്ലാം മറന്ന് ഇനിയുള്ള നാളുകളിൽ ഉമ്മയെ കൂടെ നിർത്താം. ഞാനും നീയും ഉണ്ടായിട്ടും ആരുമില്ലാത്ത ഒരാളായി ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ഉമ്മ ഇനി ആരുടെയും മുൻപിൽ കൈ നീട്ടണ്ടാ.”

“എന്റെ ഉമ്മാനെ തേടിപിടിക്കാൻ ആണല്ലേ ഇന്നലെ എന്നെയും മോളെയും നിർത്തി പോയത്.അഞ്ച് വയസ്സ് മുതൽ ഞാൻ അനുഭവിച്ച സങ്കടങ്ങൾക്ക് പകരമായി എനിക്ക് പടച്ചവൻ തന്ന അനുഗ്രഹമാണ് എന്റിക്ക.”ഉമ്മ തുറന്നുകൊടുത്ത വതിലിലൂടെ റംസിയും അവളുടെ ഇക്കയും.. കൂടെ കുഞ്ഞിപ്പാത്തുവും വീടിന്റെ ഉള്ളിലേക്ക് കയറി.

Share this on...